മൂന്ന് ഏക്കര്‍ സ്ഥലത്ത് നൂറ് ബസ്സുകള്‍ പാര്‍ക്ക് ചെയ്യാനും 25 ബസ്സുകള്‍ക്ക് ഒരേസമയം അറ്റകുറ്റപ്പണി നടത്താനുമുള്ള സൗകര്യം ഉറപ്പാക്കുന്നതോടൊപ്പം പത്തു നിലയില്‍ പണികഴിപ്പിച്ച ഇരട്ടടവറുകളിലെ വരുമാനവും ലക്ഷ്യമിട്ട കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സമുഛയം ഏതു സമയവും പൊളിഞ്ഞുവീഴാമെന്ന റിപ്പോര്‍ട്ട് പുറത്തു വന്നിട്ടും ഒളിച്ചുകളിച്ച് സര്‍ക്കാര്‍. ബലക്ഷയമുണ്ടെന്നും ഏതു സമയവും തകരുമെന്നുമുള്ള റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ച് ചുളുനിരക്കില്‍ കെട്ടിടം വാടകക്ക് നല്‍കിയവര്‍ സ്റ്റാന്റ് മാറ്റാതെ ജനങ്ങളുടെ ജീവന്‍ പന്താടുന്നു.
ചതുരശ്ര അടിക്ക് 1500 രൂപ നിരക്കില്‍ 19.73 കോടിക്ക് കെടിഡിഎഫ്‌സിയെ ഏല്‍പ്പിക്കുകയും പലകാരണങ്ങള്‍ പറഞ്ഞ് അവര്‍ വര്‍ക്ക് നീട്ടികൊണ്ട് പോവുകയുമായിരുന്നു. ഒടുവില്‍ 74.79 കോടി ചിലവാക്കിയാണ് പണി തീര്‍ന്നത്. 11 ലിഫ്റ്റുകള്‍ രണ്ട് എസ്‌കലേറ്ററുകള്‍ എന്നിവ ടെര്‍മിനലിനുള്ളിലുണ്ട്. വിദഗ്ധരുടെ നിര്‍ദേശങ്ങളൊന്നും പാലിക്കാതെയായിരുന്നു നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്. ഒരു ജീവനക്കാരന്‍ ജോലിക്കിടെ മരണപ്പെട്ടിട്ടും തെറ്റുകള്‍ തിരുത്താന്‍ ശ്രമിച്ചിരുന്നില്ല.
കമ്പിയും സിമന്റും നാലിലൊന്നോളം കുറച്ച് നിര്‍മ്മാണം നടത്തിയവര്‍ക്കെതിരെ കേസ്സെടുക്കാനോ നഷ്ടപരിഹാരം ഈടാക്കാനോ ഒരു നീക്കവും നടത്താതെ അഴിമതി മൂടിവെക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. 2009 ല്‍ ആരംഭിച്ച് ബഹുനില കെട്ടിട സമുഛയത്തിന്റെ നിര്‍മാണം 2015ലാണ് പൂര്‍ത്തിയായത്. കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് തുടങ്ങി. കരാറടിസ്ഥാനത്തില്‍ 30 വര്‍ഷത്തേക്ക് വാടകക്ക് നല്‍കാനുള്ള നടപടികള്‍ കെ.എസ്.ആര്‍.ടി.സിയും കെ.റ്റി.ഡി.എഫ്.സിയും കരാറുകാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ മൂലം ആറു വര്‍ഷത്തോളമാണ് നീണ്ടത്. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്നും ഏതു സമയവും തകര്‍ന്നു വീഴാമെന്നുമുള്ള ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ദരുടെ പഠന റിപ്പോര്‍ട്ട് പോലും പൂഴ്ത്തിവെച്ചാണ് രണ്ടു മാസം മുമ്പ് സമുച്ചയത്തിന്റെ നടത്തിപ്പിന് ടെന്‍ഡര്‍ നല്‍കിയത്. 2015ല്‍ ടെന്‍ഡറെടുത്ത മാക് അസോസിയേറ്റ്‌സും ഇപ്പോള്‍ ടെന്‍ഡര്‍ നേടിയ അലിഫ് ബില്‍ഡേഴ്‌സും ഒന്നുതന്നെയെന്ന സംശയം ബലപ്പെടുമ്പോള്‍ ദുരൂഹത വര്‍ധിക്കുകയാണ്. തിരുവമ്പാടി സ്വദേശി മൊയ്തീന്‍ കോയയാണ് രണ്ടു സ്ഥാപനങ്ങളുടെയും മാനേജിംഗ് ഡയറക്ടര്‍.
2015ല്‍ 50 കോടിയായി തിരിച്ച് നല്‍കേണ്ടതില്ലാത്ത നിക്ഷേപവും 50 ലക്ഷം രൂപ വാടകയുമായിരുന്നു അന്ന് നിശ്ചയിച്ചിരുന്നത്. എന്നാല്‍ നടപടിക്രമങ്ങളിലെ അപാകതയും സുതാര്യതയില്ലായ്മയും ചൂണ്ടിക്കാട്ടി ഹൈക്കോടതി ആ ടെന്‍ഡര്‍ റദ്ദാക്കിയത്. 2018 ലെ ടെന്ററിലാണ് അലിഫ് ബില്‍ഡേഴ്‌സ് എന്ന സ്ഥാപനവും പങ്കെടുത്തത്. അലിഫ് ബില്‍ഡേഴ്‌സ് 17 കോടി രൂപ സ്ഥിര നിക്ഷേപമായും 43 ലക്ഷം രൂപ വാടകയുമായാണ് നിശ്ചയിച്ചിരുന്നത്. 17 കോടി രൂപ മൂന്നുമാസത്തിനകം നല്‍കണമെന്ന കരാര്‍ പാലിക്കാത്തതിനാല്‍ കരാര്‍ റദ്ദായി. വീണ്ടും അലിഫ് ബില്‍ഡേഴ്‌സിന് തന്നെ കരാര്‍ നല്‍കാന്‍ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. 2015ല്‍ ടെന്‍ഡറെടുത്ത മാക് അസോസിയേറ്റ്‌സും രണ്ടാമത് രംഗത്തെത്തിയ അലിഫ് ബില്‍ഡേഴ്‌സും ഒരേ കമ്പനിയാണ് എന്നാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നത്. 17 കോടി രൂപ സ്ഥിര നിക്ഷേപത്തിനും 43 കോടി വാടകയ്ക്കും 30 വര്‍ഷത്തേക്ക് പാട്ടക്കരാറായാണ് അലിഫ് ബില്‍ഡേഴ്‌സിന് കൈമാറിയത്. ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്നുകൊണ്ടു തിരക്കിട്ട് കൈമാറിയ കരാറില്‍ ഒന്നര വര്‍ഷത്തെ വാടക ഇളവ് നല്‍കിയത് കെട്ടിടം ബലം കൂട്ടല്‍ മുന്നില്‍ കണ്ടായിരുന്നുവത്രെ.