നിലപാടുകളില്‍ ഉറച്ച് നിന്ന് ജനങ്ങളെ ചേര്‍ത്ത് നിര്‍ത്തിയ നേതാവായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പഠനകാലം മുതല്‍ തന്നെയുള്ള ബന്ധമാണ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായുള്ളത്. ജീവിതത്തില്‍ കണിശമായി സൂക്ഷ്മത കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഏത് പ്രതിസന്ധിയിലും മറ്റുള്ളവരുടെ ബുദ്ധിമുട്ടുകള്‍ക്ക് തങ്ങള്‍ മുന്‍ഗണന നല്‍കി. ജനങ്ങളോടൊപ്പം നിലകൊള്ളാനാണ് തങ്ങള്‍ ആഗ്രഹിച്ചത്. തന്റെ പിതാവിന്റെ പാതയില്‍ രാഷ്്ട്രീയ രംഗത്തു നേതൃതലത്തില്‍ പ്രവര്‍ത്തിക്കുന്നതോടൊപ്പം കേരളത്തിലെ ഏറ്റവും വലിയ മതസംഘടനാ നേതൃനിരയിലും തങ്ങള്‍ നിലകൊണ്ടു. സമസ്തയുമായി ബന്ധപ്പെട്ട സുപ്രധാനമായ പലതീരുമാനങ്ങള്‍ക്കും തീര്‍പ്പ് കല്‍പിക്കാന്‍ അദ്ദേഹം മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചു. ഏത് യോഗത്തിലെത്തിയാലും ക്രിയാത്മകമായി തങ്ങള്‍ ഇടപെടും. തനിക്ക് പറയാനുള്ള അഭിപ്രായം സൗമ്യമായി അവതരിപ്പിക്കും. എല്ലാ വിഷയങ്ങളിലും ഉറച്ച നിലപാടുകളുടെ ഉടമയായിരുന്നു തങ്ങള്‍.
തന്റെ ജേഷ്ഠ സഹോദരങ്ങള്‍ക്ക് ഇല്ലാത്ത ഭാരം സത്യത്തില്‍ ഹൈദരലി തങ്ങള്‍ക്ക് ഏല്‍ക്കേണ്ടി വന്നിരുന്നു. മുസ്‌ലിം ലീഗിന്റെ നേതൃരംഗത്ത് നിലയുറപ്പിച്ച മുഹമ്മദലി ശിഹാബ് തങ്ങളുടെ കാല ശേഷം ആ ഉത്തരവാദിത്തവും സമസ്തയുടെ നേതൃരംഗത്തെ സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ കാല ശേഷം ആ ഉത്തരവാദിത്തവും ഹൈദരലി തങ്ങളുടെ ചുമലിലായി. സമസ്തയോടൊപ്പം എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും അദ്ദേഹം ഉറച്ച് നിന്നു. വിശ്വാസാദര്‍ശങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകളെല്ലാം. സമസ്തയുടെ പ്രസിഡന്റായി എന്നെ നിയുക്തനാക്കുന്നതില്‍ തങ്ങള്‍ അതീവ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എനിക്ക് ബൈപ്പാസ് സര്‍ജറി കഴിഞ്ഞ് ബോധം വന്നപ്പോള്‍ ആദ്യം കണ്ടത് തങ്ങളുടെ മുഖം ആയിരുന്നു. സൗമ്യതയുടെ മെയ്‌വഴക്കത്തില്‍ ഏതൊരുകാര്യവും കൈകാര്യം ചെയ്യുന്ന അതിബുദ്ധിമാനായ നയതന്ത്രജ്ഞന്‍ കൂടിയായിരുന്നു തങ്ങള്‍. അതി സങ്കീര്‍ണമായ പലവിഷയങ്ങളും നിസാരമായി കൈകാര്യം ചെയ്യാനുള്ള തങ്ങളുടെ കഴിവ് അപാരമായിരുന്നു. കേരളത്തിലെ നിരവധി മഹല്ലുകളിലെ ഖാസിയായിരുന്ന തങ്ങള്‍. പല മഹല്ലുകളിലും വിഷയങ്ങളില്‍ ഇടപെടാന്‍ എന്നോട് ആവശ്യപ്പെടാറുണ്ടായിരുന്നു. ഞാന്‍ പലകാര്യങ്ങളിലും തീരുമാനം കൈകൊള്ളല്‍ തങ്ങളുമായി കൂടിയാലോചിച്ച ശേഷമായിരുന്നു.