അര്‍ണാബ് ഗോസ്വാമിക്കെതിരെ പീപ്പിള്‍സ് ലോ ഫൗണ്ടേഷന്‍ നിയമ നടപടിക്ക്

കോഴിക്കോട്: പ്രളയത്തെ അതിജീവിക്കാന്‍ പൊരുതുന്ന കേരള ജനതയെ ആക്ഷേപിച്ച റിപ്പബ്ലിക്കന്‍ ടി.വി.ചാനലിന്റെ മാനേജിങ്ങ് ഡയറക്ടര്‍ അര്‍ണാബ് ഗോസ്വാമിക്കെതിരെ മാനനഷ്ടത്തിന് പീപ്പിള്‍സ് ലോ ഫൗണ്ടേഷന്‍ വക്കീല്‍ നോട്ടീസ് അയച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അപമാനം ഉണ്ടാക്കിയ പരാമര്‍ശത്തിന് നിരുപാധികം മാപ്പപേക്ഷിക്കുവാനും അത് ചാനലില്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോട് കൂടി പ്രൈം ടൈമില്‍ സംപ്രേക്ഷണം ചെയ്യണമെന്നുമാണ് പി.എല്‍.എഫ് ആവശ്യപ്പെട്ടിരിക്കുന്നത്.

അല്ലാത്ത പക്ഷം ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് 10 കോടി രൂപ സംഭാവന നല്‍കി പരിഹാരം ചെയ്യണമെന്നും, പി.എല്‍.എഫ് പ്രസിഡന്റ് അഡ്വക്കറ്റ് പി.ശശി, അഡ്വക്കറ്റ് വി ജയകൃഷ്ണന്‍ മുഖേന അയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടു. യു.എ.ഇ 700 കോടി സഹായം പ്രഖ്യാപിച്ചത് ഇന്ത്യയെ കളങ്കപ്പെടുത്താനാണെന്നും അങ്ങനെ ഒരു വാഗ്ദാനത്തെ ചൊല്ലി കേരളം നുണ പറയുകയാണെന്നും അതിലൂടെ നാണം കെട്ട ജനതയായി കേരളീയര്‍ അധ:പതിച്ചുവെന്നുമാണ് ചര്‍ച്ചയില്‍ അവതാരകനായ അര്‍ണാബ് ഗോസ്വാമി പറഞ്ഞത്.

സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളും ഒരു ദേശീയ ദുരന്തത്തെ നേരിടുന്നതിന് തയ്യാറെടുക്കുമ്പോള്‍ വാര്‍ത്തയിലെ ഈ പരാമര്‍ശം അങ്ങേയറ്റം ഖേദകരവും അപമാനകരവും ആണ്. സംസ്ഥാനമൊട്ടാകെ അത്യന്തം വിഷമകരമായ അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് അര്‍ണാബ് ഗോസ്വാമി ഓരോ കേരളീയനെയും വേദനിപ്പിക്കുന്ന വാര്‍ത്താവിശേഷം സംപ്രേക്ഷണം ചെയ്യുന്നത്. ലോകത്തിന് മുമ്പില്‍ സത്യസന്ധതയുടെയും അര്‍പ്പണ മനോഭാവത്തിന്റെയും മനുഷ്യ സ്‌നേഹത്തിന്റെയും ഉദാത്ത ഭാവങ്ങള്‍ കാഴ്ച വെച്ച ഒരു ജനതയുടെ മനോവീര്യമാണ് ഇതിലൂടെ നശിപ്പിക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചത്.

ഈ വാര്‍ത്തയിലൂടെ മറ്റ് ജനസമൂഹത്തിന് മുമ്പില്‍ തലകുനിക്കേണ്ടി വരുന്ന ഒരവസ്ഥ ഉണ്ടാക്കിയതിലൂടെ ദുരിതാശ്വാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തിരിച്ചടി ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. ആയതിനാല്‍ 10 കോടി രൂപ നഷ്ടപരിഹാരമായി തെറ്റായ ആരോപണം ഉന്നയിച്ച് ഒന്നാം കക്ഷി അര്‍ണാബ് ഗോസ്വാമിയും, റിപ്പബ്ലിക്കന്‍ ടി.വിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നല്‍കണമെന്ന് നോട്ടീസില്‍ പി.എല്‍.എഫ് ആവശ്യപ്പെട്ടു.

chandrika:
whatsapp
line