ദേശീയപാത 66 ല്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് പ്രദേശവാസികളായ ജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഉണ്ടാകുന്ന പ്രയാസങ്ങള്‍ പരിഹരിക്കാനായി സമര്‍പ്പിക്കപ്പെട്ട നിര്‍ദ്ദേശങ്ങള്‍ എത്രയും പെട്ടെന്ന് പരിഗണിച്ച് നടപ്പിലാക്കണമെന്നും കോഴിക്കോട് പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ നിര്‍മ്മാണത്തെ തുടര്‍ന്ന് ഭൂമി നഷ്ടപ്പെടുന്നവരുടെ ദുരിതങ്ങള്‍ ഒഴിവാക്കാനും പരാതികള്‍ പരിഹരിക്കാനും അടിയന്തിര നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി നാഷനല്‍ ഹൈവേ അഥോറിറ്റി ചെയര്‍പേഴ്‌സണ്‍ അല്‍ക്കാ ഉപാദ്ധ്യായയെ കണ്ട് നിവേദനം നല്‍കി.
മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ദേശീയ പാത 66 കടന്നുപോകുന്ന വിവിധ സ്ഥലങ്ങളിലെ ജനങ്ങളുടെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി സമര്‍പ്പിക്കപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ടായിരിക്കണം റോഡ് നിര്‍മ്മാണപ്രവൃത്തി മുന്നോട്ടു കൊണ്ടുപോകേണ്ടത്. ഈ ജനകീയ ആവശ്യങ്ങള്‍ കേന്ദ്ര ഗതാഗത മന്ത്രിയുടെയും നാഷനല്‍ ഹൈവേ അതോറിറ്റിയുടെ കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും ഉന്നതാധികൃതരുടെയും ശ്രദ്ധയില്‍ നേരത്തെ തന്നെ കൊണ്ടുവന്നതാണ്. പ്രസ്തുത ആവശ്യങ്ങള്‍ താമസംവിനാ അനുവദിക്കണമെന്നും ചെയര്‍പേഴ്‌സനോട് സമദാനി ആവശ്യപ്പെട്ടു.
ഗ്രീന്‍ഫീല്‍ഡ് ഹൈവേ പദ്ധതി സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള പരാതികള്‍ പരിഹരിക്കണം. സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് നിലവിലുള്ള മാര്‍ക്കറ്റ് നിരക്കിന്റെ മൂന്നിരട്ടി നഷ്ടപരിഹാരം പ്രഖ്യാപിക്കുക, ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളും ആരാധനാലയങ്ങളും ശ്മശാനങ്ങളും പരിസ്ഥിതി ആഘാതമുള്ള മേഖലകളും ഒഴിവാക്കിക്കൊണ്ടുള്ള അലൈന്‍മെന്റ് നടപ്പാക്കുക, കാര്‍ഷിക മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ ഉന്നയിച്ചു. ജനപ്രതിനിധികളും ജനകീയ സംഘടനകളും മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുക്കണം. പദ്ധതിയെ സംബന്ധിച്ച് ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും വിധം അതിന്റെ സുതാര്യത ഉറപ്പുവരുത്തുകയും ചെയ്യണം.
ദേശീയ പാത 66 ല്‍ ആവശ്യമായ സ്ഥലങ്ങളില്‍ ഓവര്‍പാസുകളും അണ്ടര്‍ പാസുകളും അനുവദിച്ചു കൊണ്ടായിരിക്കണം റോഡ് നിര്‍മ്മാണം മുന്നോട്ടു കൊണ്ടുപോകേണ്ടത്. തേഞ്ഞിപ്പലം, മൂന്നിയൂര്‍, എ.ആര്‍. നഗര്‍, ചേലേമ്പ്ര, വാഴയൂര്‍ പഞ്ചായത്തുകളിലൂടെ ഹൈവേ കടന്നുപോകുന്ന സ്ഥലങ്ങളിലെ രൂക്ഷമായ പ്രശ്‌നങ്ങള്‍ ഓരോന്നും സമദാനി ചെയര്‍പേഴ്‌സന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഈ സ്ഥലങ്ങളില്‍ താനടക്കമുള്ള ജനപ്രതിനിധികള്‍ അധികൃതരുടെ മുമ്പില്‍വച്ച നിര്‍ദ്ദേശങ്ങളെക്കുറിച്ചും വിശദമായി ചര്‍ച്ച നടത്തി. അതില്‍ ചില നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ട് അധികൃതരില്‍ നിന്നും മറുപടി ലഭിക്കുകയുണ്ടായി. അത് പെട്ടെന്ന് നടപ്പിലാക്കുകയും ബാക്കിയുള്ള നിര്‍ദ്ദേശങ്ങളും പരിഗണിച്ച് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ താന്‍ ഉള്‍ക്കൊള്ളുന്നുവെന്നും പരമാവധി അത് അംഗീകരിച്ച് നടപ്പാക്കാന്‍ ശ്രമിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ പ്രതികരിച്ചു.