കുവൈത്ത് സിറ്റി: കുവൈത്തിന്റെ ജനകീയ അംബാസിഡര്‍ സിബി ജോര്‍ജിന് സ്ഥലം മാറ്റം. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് സ്ഥാനപതിമാരുടെ സ്ഥാനമാറ്റങ്ങളെക്കുറിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 1993 ഐ.എഫ്.എസ് ബാച്ചുകാരനായ സിബി ജോര്‍ജ് 2020 ഓഗസ്റ്റിലാണ് കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതിയായി ചുമതലയേറ്റത്.
സ്വിറ്റ്‌സര്‍ലന്‍ഡ് സ്ഥാനപതിയായിരിക്കെയാണ് അദ്ദേഹം കുവൈത്തിലെത്തിയത്. 2020 യിലെ കോവിഡ് പ്രതിസന്ധിയില്‍ വിറങ്ങലിച്ച് നിന്ന ഇന്ത്യന്‍ സമൂഹത്തിനു വലിയ ആശ്വാസമായായിരുന്നു അദ്ദേഹത്തിന്റെ ഇടപെടലുകള്‍. കുവൈത്തിലെ ഇന്ത്യക്കാരില്‍ വലിയ നിരാശയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം വഴി ഉണ്ടാക്കിയിരിക്കുന്നത്. അതേ സമയം വിവിധ സംഘടനകള്‍ സിബി ജോര്‍ജിനെ സാധാരണ പോലെയുള്ള മൂന്നു വര്‍ഷ കാലാവധി വരേ തുടരാനനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രിമാര്‍ക്ക് കത്തയച്ചിരിക്കുകയാണ്.
ഇതിനു മുമ്പ് പാകിസ്താന്‍, അമേരിക്ക, ഈജിപ്ത്, ഖത്തര്‍, ഇറാന്‍, സഊദി, വത്തിക്കാന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ് തുടങ്ങി നിരവധി പ്രധാന രാജ്യങ്ങളില്‍ സിബി ജോര്‍ജ് തന്റെ നയതന്ത്ര പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. സഊദിയിലെ നിതാഖാത് സമയത്ത് ഫസ്റ്റ് സെക്രട്ടറിയായിരുന്ന അദ്ദേഹം മുന്‍ വിദേശകാര്യ മന്ത്രി ഇ.അഹമ്മദുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.