കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്താനില്‍ ഭൂകമ്പമുണ്ടായ വിദൂര സ്ഥലങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം നേരിട്ടതു കാരണം മരണസംഖ്യ കൂടിയേക്കുമെന്ന് റിപ്പോര്‍ട്ട്. ആയിരത്തോളം പേര്‍ കൊല്ലപ്പെട്ട ഭൂകമ്പത്തില്‍ റോഡുകള്‍ തകര്‍ന്നിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ ഏറെ വൈകിയാണ് ദുരന്തബാധിത പ്രദേശങ്ങളില്‍ എത്തിയത്. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ട് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്ന് പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ് പല ഗ്രാമങ്ങളുമെന്ന് വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു.
കെട്ടിടാവശിഷ്ടങ്ങളില്‍ ജനങ്ങള്‍ കൈകള്‍കൊണ്ടാണ് തിരച്ചില്‍ നടത്തുന്നത്. റിക്ടര്‍ സ്‌കെയിലില്‍ 5.9 രേഖപ്പെടുത്തി ഭൂകമ്പത്തില്‍ പക്തിക, ഖോസ്റ്റ് പ്രവിശ്യകളില്‍ ആയിരക്കണക്കിന് വീടുകള്‍ തകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ഭൂകമ്പത്തില്‍ 1500ഓളം പേര്‍ക്ക് പരിക്കേറ്റു. ആയിരത്തോളം പേരെ രക്ഷപ്പെടുത്തി. കനത്ത മഴയിലുണ്ടായ മണ്ണിടിച്ചില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. ഗയാന്‍ ജില്ലയില്‍ മുപ്പതിലേറെ ഗ്രാമങ്ങള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
ദുരന്തബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് പക്തികയിലെ താലിബാന്‍ സൈനിക കമാന്‍ഡറുടെ വക്താവ് മുഹമ്മദ് ഇസ്മാഈല്‍ മുആവിയ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രികളില്‍ എത്തിക്കാനും മെഡിക്കല്‍, ഭക്ഷ്യ സാമഗ്രികള്‍ നല്‍കാനും ഹെലികോപ്ടറുകള്‍ ഉപയോഗിക്കുന്നുണ്ട്.