വാഷിങ്ടണ്‍: കോവിഡ് -19 ല്‍ നിന്ന് ഒരിക്കല്‍ സുഖം പ്രാപിച്ച വ്യക്തിയ്ക്ക് രണ്ടാമതും രോഗം വരില്ലെന്ന് യുഎസ് പഠനം. അമേരിക്കയിലെ സിയാറ്റില്‍ നിന്ന് പുറപ്പെട്ട ഒരു മത്സ്യബന്ധന കപ്പലില്‍ രോഗം പടര്‍ന്നുപിടിച്ചെങ്കില്‍ നേരത്തെ കോവിഡ് മുക്തി നേടിയ മൂന്നുപേര്‍ രോഗവ്യാപനത്തില്‍ നിന്നും സംരക്ഷിക്കപ്പെട്ടതായാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. രണ്ടാമത്തെ അണുബാധ തടയാന്‍ ഏല്‍ക്കാതിരിക്കാന്‍ ആന്റിബോഡികള്‍ സഹായകരമായിരിക്കുമെന്ന സ്ഥിരീകരണം ശരിവെയ്ക്കുന്നതായാണ് അമേരിക്കന്‍ പഠനം ചൂണ്ടിക്കാട്ടുന്നത്. സിയാറ്റിനില്‍ നിന്നും പുറപ്പെട്ട കപ്പല്‍ പുറപ്പെടുന്നതിന് മുമ്പും തിരിച്ചെത്തിയതിന് ശേഷവും നടത്തിയ പരിശോധനകളെ അടിസ്ഥാനമാക്കിയാണ് പഠനം. ഇതിലൂടെ വീണ്ടും രോഗബാധ ഏല്‍ക്കാതെ രക്ഷനേടാനുള്ള പ്രതിരോധശേഷി ആര്‍ജ്ജിച്ചെടുക്കുന്നതായി പഠനം വ്യക്തമാക്കുന്നു.
കടലില്‍ 18 ദിവസം തങ്ങിയ കപ്പലിലെ 122 ക്രൂ അംഗങ്ങളില്‍ 104 പേര്‍ക്ക് ഒരൊറ്റ ഉറവിടത്തില്‍ നിന്നും വൈറസ് ബാധിച്ചതായി പഠനം കണ്ടെത്തി. എന്നാല്‍ നേരത്തെ രോഗം മുക്തമായവരില്‍ വൈറസ് വ്യാപനം നടന്നിട്ടില്ലെന്നും പഠനം വ്യക്തമാക്കുന്നു. ആന്റിബോഡി (സീറോളജിക്കല്‍), വൈറല്‍ ഡിറ്റക്ഷന്‍ (റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്‌റ്റേസ്-പോളിമറേസ് ചെയിന്‍ പ്രതികരണം, ആര്‍ടി-പിസിആര്‍) എന്നീ പരിശോധനകള്‍ അടിസ്ഥാനമാക്കി സിയാറ്റിലിലെ ഫ്രെഡ് ഹച്ച് കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെയും യുഡബ്ല്യുവിലെയും ഗവേഷകരാണ് പഠനം നടത്തിയത്. വെള്ളിയാഴ്ച പ്രിപ്രിന്റ് സെര്‍വര്‍ മെഡ്ആര്‍ക്സിവ് പഠനം പുറത്തുവിട്ടത്.
അതേസമയം, ”ആന്റിബോഡികളെ നിര്‍വീര്യമാക്കുന്നതും സാര്‍സ്-കോവി -2 ല്‍ നിന്നും സംരക്ഷണവും പരസ്പര ബന്ധമാണെന്നാണ് പഠനം സൂചിപ്പിക്കുന്നതെന്ന്, വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി (യുഡബ്ല്യു) മെഡിസിന്‍ ക്ലിനിക്കല്‍ വൈറോളജി ലബോറട്ടറിയുടെ അസിസ്റ്റന്റ് ഡയറക്ടറും പഠനം നടത്തിയവരില്‍ ഒരാളുമായ അലക്‌സാണ്ടര്‍ ഗ്രെനിംഗര്‍ വാഷിംഗ്ടണ്‍ (യുഡബ്ല്യു) പ്രതികരിച്ചു. ആന്റിബോഡികളുള്ള ആളുകളുടെ എണ്ണം ചെറുതായതിനാല്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും അദ്ദേഹം വിഷയത്തില്‍ മുന്നറിയിപ്പ് നല്‍കി,”
എന്നാല്‍, മാഹാമാരിക്കെതിരെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വാക്‌സിനുകള്‍ ഉപയോഗിക്കുക എന്നത് ആരോഗ്യമേഖലയിലെ പ്രധാന തന്ത്രമായതിനാല്‍ തന്നെ പുതിയ കണ്ടെത്തലുകള്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ആന്റിബോഡികള്‍ ഉള്ള ഒരു വ്യക്തി വൈറസില്‍ നിന്ന് സുരക്ഷിതരാണോ എന്ന് പരിശോധിക്കുന്നതിന് മനഃപൂര്‍വ്വം അണുബാധ ഉണ്ടാക്കുന്നത് ശാസ്ത്രത്തിന് തന്നെ എതിരാണെന്നതിനാല്‍ അത്തരം വിവരങ്ങള്‍ നേടുന്നതില്‍ വെല്ലുവിളി നേരിടുന്നുമുണ്ട്.
അതേസമയം, കൊവിഡ് രോഗമുക്തി നേടി മാസങ്ങള്‍ക്കിപ്പുറം വീണ്ടും രോഗബാധയുണ്ടായതായി ചൈനയില്‍ നിന്നും മറ്റും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൈനയിലെ രണ്ട് രോഗികള്‍ക്കാണ് രോഗമുക്തി നേടി മാസങ്ങള്‍ക്കുള്ളില്‍ തന്നെ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചതായ റിപ്പോര്‍ട്ടുണ്ടായത്. രോഗമുക്തി നേടിയവരില്‍ വീണ്ടും രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് കൂടുതല്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതിന് വിപരീതമായാണ് യുഎസില്‍ നിന്നുള്ള പഠനത്തെ ഗവേഷണ ലോകം നോക്കി കാണുന്നത്.
കൊവിഡ് രോഗമുക്തി നേടുന്ന രോഗികളില്‍ ആന്റിബോഡി ഉത്പാദിപ്പിക്കപ്പെടുന്നതായും എന്നാല്‍ മാസങ്ങള്‍ക്കകം പ്രതിരോധ ശേഷി നഷ്ടപെടുന്നതായും ലണ്ടനിലെ കിങ്‌സ് കോളജ് നടത്തിയ പഠനം വ്യക്തമാക്കിയിരുന്നു. ജര്‍മനിയിലെ മ്യുണിച്ചില്‍ നടത്തിയ ഗവേഷണത്തില്‍, കൊവിഡ് രോഗമുക്തി നേടിയ ആളുകളില്‍ നടത്തിയ പരിശോധനകളില്‍ ആന്റിബോഡികളുടെ അളവ് കുറയുന്നതായും കണ്ടെത്തിയിരുന്നു.