മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. വെടിയേറ്റയാളുടെ മൃതദേഹവുമായി ജനക്കൂട്ടം റോഡിലിറങ്ങി. ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ രാഹുല്‍ ഗാന്ധിയെ ഹോട്ടല്‍ മുറിയിലേക്ക് മാറ്റി. ഇംഫാലിലെ ബി.ജെ.പിയുടെ ഓഫീസിന് സമീപം ജനക്കൂട്ടം തടിച്ചുകൂടി. ഇവരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.
കാങ്‌പോക്പിയില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി ഇംഫാല്‍ മാര്‍ക്കറ്റ് ഏരിയയിലെത്തിയ ആയിരത്തിലധികം വരുന്ന മെയ്‌തെയ് ജനക്കൂട്ടം കലാപം സൃഷ്ടിച്ചതിനെത്തുടര്‍ന്ന് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. റോഡുകളും മറ്റും ടയറുകള്‍ കൂട്ടിയിട്ട് തീയിട്ട് തടഞ്ഞിരിക്കുകയാണ്. ഇതിനിടിയില്‍ ഇന്നലെ വൈകീട്ട് ഹരോതെല്‍ ഗ്രാമത്തില്‍ വീണ്ടും വെടിവെപ്പ് ഉണ്ടായിട്ടുണ്ട്.
രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ ഇംഫാലിലുള്ളപ്പോഴാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. അദ്ദേഹം ഹോട്ടലില്‍ സുരക്ഷിതനാണ്. കലാപം നടക്കുന്ന മണിപ്പൂര്‍ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞിരുന്നു. ആയുധധാരികളുണ്ടെന്ന് മുന്നറിയിപ്പുള്ളതിനാല്‍, വ്യോമമാര്‍ഗം പോകണമെന്ന് പൊലീസ് നിലപാട് അറിയിച്ചതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കമുണ്ടായി. പതിഷേധം നേരിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവെക്കുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. ഹെലികോപ്ടറിലാണ് പിന്നീട് രാഹുല്‍ ചുരാചന്ദ്പൂരില്‍ എത്തിയത്. കലാപ ബാധിതര്‍ കഴിയുന്ന ക്യാമ്പുകള്‍ രാഹുല്‍ സന്ദര്‍ശിച്ചു.