X

ഉന്നോവോ: പാര്‍ലമെന്റില്‍ പ്രതിഷേധവുമായ പ്രതിപക്ഷം; ലജ്ജ തോന്നുന്നുവെന്ന് അധിര്‍ രഞ്ജന്‍ ചൗധരി

ഉന്നാവോ വിഷയം പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം. ഉന്നാവോ സംഭവത്തില്‍ കേള്‍ക്കുന്ന വാര്‍ത്തകളില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ന് ലജ്ജ തോന്നുകയാണെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്റ് കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുക. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛനെ കൊലപ്പെടുക്കുക. പിന്നീട് ഇരയേയും സാക്ഷിയെയും, ഇരയുടെ കുടുംബത്തേയും അവരുടെ അഭിഭാഷകനേയും കൊലപ്പെടുത്താനായി ഒരു ട്രക്ക് ഇരസഞ്ചരിക്കുന്ന കാറില്‍ ഇടിക്കുക. ഈ സംഭവം ഇന്ത്യക്കും അതിന്റെ സംസ്‌കാരത്തിനും തീരാകളങ്കമാണ്, രഞ്ജന്‍ ചൗധരി തുറന്നടിച്ചു. സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സഭയില്‍ വന്ന് പ്രസ്താവന നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

അതേസമയം ഉന്നാവോ ലൈംഗിക പീഡനക്കേസിലെ ഇരയും കുടുംബവും അപകടത്തില്‍ പെട്ടതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നതിന് ബലമേറുകയാണ്. പെണ്‍കുട്ടിയുടെ നീക്കങ്ങള്‍ എം.എല്‍.എക്ക് ഒരു പോലീസുകാരന്‍ ചോര്‍ത്തി നല്‍കുകയായിരുന്നുവെന്നാണ് എഫ്.ഐ.ആര്‍. എം.എല്‍.എയില്‍ നിന്ന് തങ്ങള്‍ക്ക് നിരന്തരമായി ഭീഷണിയുണ്ടായിരുന്നതായി പെണ്‍കുട്ടിയുടെ കുടുംബം വെളിപ്പെടുത്തി. പീഡനക്കേസില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അറസ്റ്റിലായ എം.എല്‍.എ ജയിലിലിരുന്നും ഗൂഢാലോചന നടത്തുകയായിരുന്നുവെന്നും തങ്ങള്‍ നിരന്തരം ഭീഷണി നേരിട്ടുവെന്നും പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു.

അതേസമയംസംഭവത്തില്‍ കുല്‍ദീപ് സിംഗ് സെംഗാറിനെതിരെ കഴിഞ്ഞ ദിവസം കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. എം.എല്‍.എയ്ക്ക് പുറമേ സഹോദരന്‍ മനോജ് സിംഗ് സെംഗാറിനും മറ്റ് എട്ട് പേര്‍ക്കുമെതിരെയും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലക്കുറ്റം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
അപകടം ഗൂഢാലോചനയാണെന്നും എംഎല്‍എയ്ക്കു പങ്കുണ്ടെന്നുമുള്ള പെണ്‍കുട്ടിയുടെ ബന്ധുക്കുളുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് എംഎല്‍എയ്‌ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം പൊലീസ് ആദ്യം തള്ളിക്കളഞ്ഞെങ്കിലും പ്രതിപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദ്ദം കാരണം ഒടുവില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. റായ്ബറേലി ജയിലില്‍ക്കഴിയുന്ന പെണ്‍കുട്ടിയുടെ അമ്മാവന്‍ മഹേഷ് സിംഗിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗുര്‍ബൂബ്ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

അപകടത്തില്‍ പരിക്കേറ്റ ഉന്നാവോ പെണ്‍കുട്ടിയുടെ നില അതീവ അതീവ ഗുരുതരമായി തുടരുകയാണ്.

അതേസമയം ഉന്നാവോ സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ ബി. ജെ.പി സര്‍ക്കാരിനെ വിമര്‍ശിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. അപകടം ഞെട്ടിക്കുന്നതാണെന്നായിരുന്നു എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. നിലവിലെ സി.ബി.ഐ അന്വേഷണം എവിടെ എത്തിയെന്ന് വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇത്രയും അത്രികമം കാണിച്ച എം.എല്‍.എയെ പുറത്താക്കാന്‍ തയാറാകാത്ത ബി.ജെ.പിയെയും പ്രിയങ്ക രൂക്ഷമായി വിമര്‍ശിച്ചു. ഉത്തരം പ്രതീക്ഷിക്കുന്നില്ലെങ്കിലും ബി.ജെ.പി സര്‍ക്കാറില്‍ നിന്നും നീതി ലഭിക്കുമോ എന്നും അവര്‍ ചോദിച്ചു.

ബി.ജെ.പി എം. എല്‍.എയാണ് നിങ്ങളെ ബലാത്സംഗം ചെയ്തതെങ്കില്‍ ചോദ്യങ്ങള്‍ ചോദിക്കരുതെന്നായിരുന്നു സംഭവത്തെ അപലപിച്ചുകൊണ്ട് രാഹുലിന്റെ ട്വീറ്റ്. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന മോദി സര്‍ക്കാരിന്റെ പദ്ധതിയുടെ പേര് ടാഗ് ലൈനാക്കിയാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചത്. സ്ത്രീപീഡനക്കേസില്‍ ബി.ജെ.പി എം. എല്‍.എ പ്രതിയാണെങ്കില്‍ പരാതി പറയരുതെന്നത് ഇന്ത്യയിലെ സ്ത്രീകള്‍ക്കുള്ള പുതിയ വിദ്യാഭ്യാസ ബുള്ളറ്റിനാണെന്നും രാഹുല്‍ പരിഹസിച്ചു.

അപകടത്തിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന സംശയത്തിന് ശക്തിപകരുന്ന കൂടുതല്‍ തെളിവുകളാണ് പുറത്തുവരുന്നത്. പെണ്‍കുട്ടിയുടെ സുരക്ഷയ്ക്ക് വീട്ടില്‍ 7 പൊലീസുകാരെയും യാത്രയില്‍ അകമ്പടിക്കു 3 പൊലീസുകാരെയും നിയോഗിച്ചിരുന്നു. എന്നാല്‍ അപകടം നടക്കുമ്പോള്‍ പോലീസ് ഒപ്പമുണ്ടായിരുന്നില്ല എന്നത് സംശയത്തിന് വഴിവെക്കുന്നു. കാറില്‍ സ്ഥലമില്ലാത്തതിനാല്‍ പൊലീസുകാര്‍ ഒപ്പം പോയില്ലെന്നാണു വിശദീകരണം. അതേസമയം, അംഗരക്ഷകരായ പൊലീസുകാര്‍ തന്നെയാണ് പെണ്‍കുട്ടിയുടെ യാത്ര സംബന്ധിച്ച വിവരം ജയിലില്‍ കഴിയുന്ന കേസിലെ പ്രതി ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന് ചോര്‍ത്തിനല്‍കിയതെന്ന് എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഞായറാഴ്ച റായ്ബറേലിയിലുണ്ടായ അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കളാണ് കൊല്ലപ്പെട്ടത്. ഇവരിലൊരാള്‍ പീഡനക്കേസിലെ സാക്ഷിയാണ്. ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയും അഭിഭാഷകനും വെന്റിലേറ്ററിലാണ്. വാരിയെല്ലുകള്‍ക്കു തോളെല്ലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയുടെ ഇരു കൈകള്‍ക്കും കാലുകള്‍ക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടിയുടെ രക്തസമ്മര്‍ദ്ദം താഴ്ന്ന നിലയിലാണ്. പെണ്‍കുട്ടിയും അവരുടെ അഭിഭാഷകനും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് കിങ് ജോര്‍ജ്ജ്്് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി തലവന്‍ പ്രൊഫ. സന്ദീപ് തിവാരി അറിയിച്ചു. പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇവരിലൊരാള്‍ എം. എല്‍.എക്കെതിരെ പീഡന കേസില്‍ സാക്ഷി പറഞ്ഞയാളാണ്. പെണ്‍കുട്ടിയുടെ അമ്മയ്ക്കും ഗുരുതര പരിക്കുണ്ട്.

വ്യാജരേഖ ആരോപണത്തിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെട്ട അമ്മാവനെ കണ്ടു മടങ്ങുമ്പോഴാണ് പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചുകയറിയത്. ഇവരുടെ വാഹനത്തില്‍ ഇടിച്ച ലോറിയുടെ ഡ്രൈവറെയും ഉടമയെയും അറസ്റ്റ് ചെയ്തതായി സംസ്ഥാന പൊലീസ് മേധാവി ഓം പ്രകാശ് സിങ് അറിയിച്ചു. ലോറിയുടെ നമ്പര്‍ കറുത്ത പെയിന്റ് ഉപയോഗിച്ചു മായ്ച്ച നിലയില്‍ കണ്ടെത്തിയതിന്റെ നിജസ്ഥിതി അന്വേഷിച്ചു വരുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോറിയുടെ വായ്പാ തിരിച്ചടവു മുടുങ്ങിയതിനാല്‍ വാഹനം തിരിച്ചറിയാതിരിക്കുന്നതിനു വേണ്ടിയാണ് നമ്പര്‍ പ്ലേറ്റില്‍ പെയിന്റ് അടിച്ചതെന്നാണ് ഉടമയുടെ വിശദീകരണം. അപകടസമയം പെണ്‍കുട്ടിക്കൊപ്പം സുരക്ഷക്ക് ഏര്‍പ്പെടുത്തിയിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇല്ലാതിരുന്നതിനെ കുറിച്ചും അന്വേഷിച്ചു വരുകയാണെന്നു പൊലീസ് മേധാവി പറഞ്ഞു.

രണ്ട് വര്‍ഷത്തിനിടെ കേസുമായി ബന്ധപ്പെട്ട നാല് പേരാണ് ദുരൂഹസാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് സാക്ഷിയായ ആളും കഴിഞ്ഞ വര്‍ഷം ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ടു. സംഭവത്തില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

സിബിഐ അന്വേഷിച്ച പീഡനക്കേസില്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ ഒരു വര്‍ഷത്തിലേറെയായി ജയിലിലാണ്. എംഎല്‍എയുടെ അനുയായികള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടിയേയും കുടുംബത്തേയും ഉന്‍മൂലനം ചെയ്യാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു.

chandrika: