പിണറായി വിജയന്റെയും സംഘത്തിന്റെയും അഴിമതി എവിടെ എത്തി നില്‍ക്കുന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കോഴിക്കോട് നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു വീണ സംഭവമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. കെ റെയില്‍ കല്ലിടല്‍ അവസാനിപ്പിച്ചുകൊണ്ടുള്ള റവന്യു വകുപ്പിന്റെ ഉത്തരവിന് പിന്നാലെയാണ് സുധാകരന്റെ പ്രതികരണം.
പിഞ്ചു കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ പൊടിഞ്ഞു വീണതും നിര്‍മാണത്തിലിരുന്ന ആശുപത്രി കെട്ടിടം തകര്‍ന്നതും ഒക്കെ കേരളം കണ്ടിട്ട് അധികനാളുകളായില്ല. പിണറായി സര്‍ക്കാര്‍ നിര്‍മിച്ച പാലത്തിലും സ്‌കൂളുകളുകളിലും ജനം പ്രാര്‍ത്ഥനയോടെ കേറേണ്ട സാഹചര്യമാണുള്ളതെന്ന് സുധാകരന്‍ വിമര്‍ശിച്ചു.
എല്ലാ പദ്ധതികളില്‍ നിന്നും സിപിഎം കൈയ്യിട്ട് വാരുകയാണെന്നും അതുകൊണ്ട് തന്നെ നിലവാരമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളില്‍ വരെ അഴിമതി കാണിച്ച് ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്ന ഇടതു മുന്നണിയ്‌ക്കെതിരെ പ്രബുദ്ധ കേരളം ഒന്നടങ്കം ശബ്ദമുയര്‍ത്തണം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലും പിണറായി വിജയന്‍ സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ ജനരോഷമുയരുന്നുവെന്നത് കേരളത്തിന്റെ ഭാവിയ്ക്ക് ശുഭസൂചകമാണെന്ന് സുധാകരന്‍ പറഞ്ഞു.