X

മോദിയുടെ റാലിയില്‍ കറുത്ത വസ്ത്രം ധരിച്ചെത്തിയവര്‍ക്ക് വിലക്ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയില്‍ കറുത്ത വസ്ത്രം ധരിച്ചെത്തിയവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് വിവാദമാകുന്നു. കരിങ്കൊടി കാണിക്കുമെന്ന് ഭയന്ന്് ഡെറാഡൂണിലെ ഗാന്ധി പാര്‍ക്കില്‍ നടന്ന റാലിയിലാണ് കറുത്ത വസ്ത്രധാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. കറുത്ത ഷര്‍ട്ടോ ജാക്കറ്റോ ധരിച്ചെത്തുന്നവര്‍ക്ക് പ്രവേശനം നല്‍കേണ്ടെന്ന നിര്‍ദേശമാണ് ബിജെപി നേതൃത്വം നല്‍കിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കറുത്ത വസ്ത്രം ധരിച്ചെത്തിയവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രവേശന കവാടത്തില്‍ തടയുകയും വസ്ത്രം മാറ്റാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ജാക്കറ്റ് ഊരി ഗാന്ധി പാര്‍ക്കിന് പുറത്ത് സൂക്ഷിച്ചാണ് ഉള്ളിലേക്ക് പലരും പ്രവേശിച്ചത്. കറുത്ത നിറത്തിലുള്ള തലപ്പാവ് ധരിച്ചെത്തിയ സിഖുകാരനായ ബല്‍വീന്ദര്‍ സിങിനും ഇത്തരത്തില്‍ ദുരനുഭവമുണ്ടായതായാണ് വിവരം. കറുത്ത വസ്ത്രം സൂക്ഷിക്കാനായി ബിജെപി പ്രവര്‍ത്തകര്‍ സമ്മേളന വേദിക്കു പുറത്ത് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നതായാണ് വിവരം. കൊടും തണുപ്പില്‍ ജാക്കറ്റ് ഉള്‍പ്പെടെയുള്ളവ അഴിച്ചുമാറ്റേണ്ടി വന്നത് ജനങ്ങളെ ഏറെ ദുരിതത്തിലാക്കി. കഴിഞ്ഞ മെയില്‍ കന്യാകുമാരിയില്‍ നടന്ന മോദിയുടെ പൊതുറാലിയിലും സമാനമായി കറുത്ത വസത്രധാരികള്‍ക്ക് ബിജെപി നേതൃത്വം വിലക്കേര്‍പ്പെടുത്തിയിരുന്നു.

chandrika: