X

വിദ്യാഭ്യാസ വായ്പാ ഇളവ് : സര്‍ക്കാരും ബാങ്കുകളും ഒത്തുകളിക്കുന്നു

കോഴിക്കോട്: സര്‍ക്കാര്‍ കൊട്ടിഘോഷിച്ച വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതി ഭൂരിഭാഗം പേര്‍ക്കും പ്രയോജനപ്പെടുന്നില്ലെന്ന് പരാതി. എസ്.ബി.ഐ ഉള്‍പ്പെടെയുള്ള ബാങ്കുകളും സംസ്ഥാന സര്‍ക്കാറും ഉണ്ടാക്കിയ ധാരണയുടെ ഭാഗമായി മെറിറ്റ് വഴി പ്രവേശനം നേടിയവര്‍ക്ക് മാത്രമെ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയുള്ളു. മാനേജ്‌മെന്റ് ക്വാട്ടയിലും മറ്റും പ്രവേശനം നേടിയ ഭൂരിപക്ഷത്തിന് പദ്ധതിയില്‍ അപേക്ഷിക്കാനാവില്ല. ബാങ്കുകളെ സഹായിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചതാണ് ഇതിന് കാരണമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ചുരുക്കത്തില്‍ ബാങ്ക് വായ്പയെടുത്ത് പഠനം പൂര്‍ത്തിയാക്കിയ 80 ശതമാനത്തിനും പദ്ധതിയുടെ പ്രയോജനം കിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പുനരാലോചന നടത്തണമെന്നാണ് വായ്പയെടുത്തവരുടെ ആവശ്യം.

അതേസമയം, മെറിറ്റില്‍ പ്രവേശനം നേടിയവരുടെ വായ്പയുടെ തിരിച്ചടവിന് ആനുകൂല്യം ലഭിക്കുന്നതിനും കടമ്പകള്‍ ഏറെയാണ്. നേരത്തെ എസ്.ബി.ടി മുഖേന വായ്പയെടുത്തവരാണ് ആശങ്കയിലായത്. അവരുടെ പണം അടച്ചതിന്റെ രേഖകളും മറ്റും റിലയന്‍സിന് കൈമാറിയതാണ് പ്രതിസന്ധിയായത്. വായ്പാ തിരിച്ചടവ് നേടിയെടുക്കാന്‍ എസ്.ബി.ടി റിലയന്‍സിനെ ചുമതലപ്പെടുത്തിയിരുന്നു. എസ്.ബി.ടി എസ്.ബി.ഐയില്‍ ലയിച്ചതോടെ വായ്പാരേഖകള്‍ ഇടപാടുകാര്‍ക്ക് കിട്ടാതായി. അതെല്ലാം റിലയന്‍സിന്റെ കൈയിലാണെന്നാണ് എസ്.ബി.ഐ പറയുന്നത്. അതോടെ വായ്പ തിരിച്ചടവ് സഹായ പദ്ധതിയില്‍ പലര്‍ക്കും അപേക്ഷിക്കാന്‍ പറ്റാതായി. ഇരുപതിനായിരത്തോളം പേര്‍ ഇപ്രകാരം പുറത്തായിട്ടുണ്ട്.

തിരിച്ചടവ് പദ്ധതി നടപ്പാക്കുമ്പോള്‍ പലിശ ബാങ്ക് ഒഴിവാക്കണം. വായ്പാസംഖ്യയുടെ 60 ശതമാനം സര്‍ക്കാര്‍ വഹിക്കും. 40 ശതമാനം മാത്രം വായ്പയെടുത്തയാള്‍ നല്‍കിയാല്‍ മതി. ഇതിനകം തവണകളായി ലോണിലേക്ക് പണമടച്ചവരുണ്ട്. എന്നാല്‍ അത് സംബന്ധിച്ച രേഖകളൊന്നും ബാങ്കില്‍ നിന്ന് കിട്ടുന്നില്ല. റിലയന്‍സിനെ സമീപിക്കാനാണ് ബാങ്കുകാര്‍ പറയുന്നത്. എന്നാല്‍ വായ്പയെടുത്തവര്‍ ബാങ്കുമായി മാത്രമാണ് ഇടപാട് നടത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ റിലയന്‍സിനെ സമീപിക്കാനാവില്ലെന്നാണ് അവരുടെ നിലപാട്. കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള മാര്‍ഗം എന്ന നിലയിലാണ് റിലയന്‍സുമായി എസ്.ബി.ഐ കരാര്‍ ഉണ്ടാക്കിയത്.

വിദ്യാഭ്യാസ വായ്പകളും ഇക്കൂട്ടത്തില്‍പെടുത്തുകയായിരുന്നു. ഒരു ലക്ഷം രൂപ തിരിച്ചുപിടിച്ചാല്‍ 60,000 രൂപയും റിലയന്‍സിന് എടുക്കാം. 40,000 രൂപമാത്രമെ ബാങ്കിന് കൊടുക്കേണ്ടതുള്ളു. അതുതന്നെ 15 വര്‍ഷത്തിനുള്ളില്‍ കൊടുത്താല്‍മതി. ബാങ്കുകള്‍ ഉദാരസമീപനം എടുക്കുമ്പോള്‍ മുതലെടുപ്പിന് ഇറങ്ങിയ റിലയന്‍സ് ഗുണ്ടകളെ ഉപയോഗിച്ച് വായ്പയെടുത്തവരെ ഭീഷണിപ്പെടുത്താനും തുടങ്ങിയിട്ടുണ്ട്. ഫോണിലൂടെയാണ് ഭീഷണി. കത്തയക്കുന്നതും പതിവാണ്. ജനരോഷം ഭയന്ന് ഇടപാടുകാരെ നേരില്‍ കാണാന്‍ എത്താറില്ലെന്ന് പറയുന്നു.
വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതിക്കായി 900 കോടി സംസ്ഥാന സര്‍ക്കാര്‍ നീക്കിവെച്ചു എന്നാണ് പറയുന്നത്. മാനേജ്‌മെന്റ് ക്വാട്ടയില്‍ പഠിച്ചവര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കാന്‍ സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റം വരുത്തണമെന്ന് എജ്യൂക്കേഷന്‍ ലോണീസ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെടുന്നു. സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികളും അവര്‍ ആലോചിക്കുന്നുണ്ട്.

chandrika: