സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് പി.എം.എ സലാം. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പാര്‍ട്ടി സമ്മേളനങ്ങളും കെ റെയില്‍ വിശദീകരണ യോഗങ്ങളുമായി സിപിഎം മുന്നോട്ട് പോകുന്നവെന്നാണ് സലാമിന്റെ വിമര്‍ശനം. ഇതെല്ലാം സര്‍ക്കാരിന്റെ ധിക്കാരമാണെന്നും സര്‍ക്കാരിനെ സിപിഎം നേതാക്കള്‍ നിയന്ത്രിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘ജനങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങളോട് സഹകരിക്കുന്നുണ്ട്, സിപിഎമ്മാണ് സഹകരിക്കാതിരിക്കുന്നത്’, സലാം പറഞ്ഞു.
സമ്മേളനങ്ങള്‍ മാറ്റാതെ സിപിഎം എന്തുകൊണ്ടാണ് പിടിവാശി കാണിക്കുന്നതെന്നും സിപിഎം നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ ബാക്കിയുള്ളവരും ലംഘിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘കാസര്‍കോട് ജില്ലാ കലക്ടര്‍ ഇറക്കിയ ഉത്തരവ് സിപിഎം സമ്മര്‍ദ്ദം ചെലുത്തി പിന്‍വലിപ്പിച്ചു, സംസ്ഥാനത്ത് ജനങ്ങള്‍ക്ക് ഒരു നിയമവും സിപിഎമ്മുകാര്‍ക്ക് മറ്റൊരു നിയമവുമാണ്’, സലാം തുറന്നടിച്ചു.
നിലവില്‍ നടക്കുന്ന കെ റെയില്‍ വിശദീകരണ യോഗങ്ങളെയും സലാം വിമര്‍ശിച്ചു. ആദ്യം ജനങ്ങളുടെ ജീവന്‍ രക്ഷിക്കണമെന്നും ശേഷമാവാം കെ റെയില്‍ എന്നും അദ്ദേഹം പറഞ്ഞു.