ചെന്നൈ: ഇന്നലെ അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ കെ. കരുണാനിധിയെ മറീന ബീച്ചില്‍ സംസ്‌കരിക്കാനാവില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ജനരോക്ഷം ശക്തം. രാജാജി ഹോളില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന കരുണാനിധിയുടെ മൃതദേഹം കാണാനെത്തിയ മന്ത്രി സംഘത്തെ ജനങ്ങള്‍ രോഷത്തോടെയാണ് എതിരേറ്റത്.
മുഖ്യമന്ത്രി എടപ്പാളി പളനിസ്വാമിയോടും മറ്റ് മന്ത്രിമാരോടും ജനക്കൂട്ടം തിരിച്ചുപൊകാന്‍ ആവശ്യപ്പെട്ടു. തിരുമ്പിപ്പോ എന്ന് ആര്‍ത്തുവിളിച്ചായിരുന്നു ജനങ്ങള്‍ രോഷം പ്രകടിപ്പിച്ചത്. ഡിഎംകെ പ്രവര്‍ത്തകര്‍ രോക്ഷാകുലരായതിനാല്‍ പുഷ്പചക്രം അര്‍പ്പിച്ച് ഉടന്‍ മുഖ്യമന്ത്രി രാജാജി ഹോളില്‍ നിന്ന് ഇറങ്ങി.
മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ കരുണാനിധിയെ മറീന ബീച്ചില്‍ സംസ്‌കരിക്കാനാവില്ലെന്ന അണ്ണാ ഡിഎംകെ സര്‍ക്കാരിന്റെ നിലപാടാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ഇതിനെ എതിര്‍ത്തുകൊണ്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ഡി.എം.കെ. സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ഇതിനോടകം നിരവധി പേരാണ് രംഗത്തെത്തിയത്.