തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന് ഒരു മാസം ചെലവിടുന്നത് 1645 കോടി രൂപ. വിവിധ ക്ഷേമ പെന്‍ഷനുകള്‍ക്കായി മാസം തോറും 535 കോടി രൂപയും ചെലവഴിക്കുന്നതായി മന്ത്രി തോമസ് ഐസക് നിയമസഭയില്‍ വെളിപ്പെടുത്തി.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നടപ്പാക്കിയിരുന്ന പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കുന്നതിനായി സമിതിയെ നിയമിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് തോമസ് ഐസക് പറഞ്ഞു. ഈ സര്‍ക്കാരിന്റെ കാലത്ത് അഞ്ച് സ്ഥാപനങ്ങളില്‍ കൂടി പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഏപ്രില്‍ വരെ ജീവനക്കാരുടെ വിഹിതവും തതുല്യ സര്‍ക്കാര്‍ വിഹിതവും ചേര്‍ത്ത് ആകെ 908 കോടി രൂപയാണ് പദ്ധതി പ്രകാരം അടച്ചിരിക്കുന്നത്.
പദ്ധതി ആരംഭിച്ച 2013 ഏപ്രില്‍ മുതല്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ഓരോ ജീവനക്കാരന്റെയും പെന്‍ഷന്‍ അക്കൗണ്ടിലേക്ക് ജീവനക്കാരന്റെ അടസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേരുന്ന തുകയുടെ 10 ശതമാനവും തതുല്യ സര്‍ക്കാര്‍ വിഹിതവും ചേര്‍ന്ന തുകയാണ് പ്രതിമാസം അടക്കുന്നത്. മാര്‍ച്ച് വരെ 89,764 ജീവനക്കാര്‍ എന്‍പിഎസ് പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ട്. ഇതില്‍ 70,257 പേര്‍ സര്‍ക്കാര്‍ ജീവനക്കാരാണ്.