X

ക്ഷേമ പെന്‍ഷനില്‍ കണ്ണീര്‍ വീഴ്ത്തിയ ഇടതുസര്‍ക്കാര്‍

ഇഖ്ബാല്‍ കല്ലുങ്ങല്‍

ഇടതുമുന്നണി സര്‍ക്കാറിന്റെ ആയിരം ദിനങ്ങളില്‍ നട്ടംതിരിഞ്ഞവരാണ് കേരളത്തിലെ ലക്ഷക്കണക്കിനു വൃദ്ധരും വികലാംഗരും വിധവകളും. സാമൂഹ്യ ക്ഷേമ പെന്‍ഷന്റെ പേരില്‍ ഇവരെ വട്ടം കറക്കിയതിനു കണക്കില്ല. കേരളത്തിലിന്നേവരെ ഒരു സര്‍ക്കാറും ചെയ്യാത്ത ദ്രോഹകരമായ നടപടികളാണ് പാവപ്പെട്ട ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളോട് പിണറായി സര്‍ക്കാര്‍ കാണിച്ചത്. ക്ഷേമ പെന്‍ഷന്‍ വീട്ടിലെത്തിച്ചുനല്‍കിയെന്ന് കൊട്ടിഘോഷിക്കുന്ന ഇടത് സര്‍ക്കാര്‍ പെന്‍ഷന്‍ പദ്ധതി അട്ടിമറിച്ച് ഇവരെ കബളിപ്പിക്കുകയും വഞ്ചിക്കുകയുമായിരുന്നു. നാഴികക്ക് നാല്‍പ്പത് വട്ടം ഉത്തരവുകള്‍ മാറ്റിയിറക്കി പാവങ്ങളെ പെരുവഴിയിലാക്കിയതിനു മൂകസാക്ഷികളാണ് കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍. ഇടത് സര്‍ക്കാര്‍ അധികാരമേറ്റ നാള്‍തൊട്ട് തുടങ്ങിയതാണ് ക്ഷേമ പെന്‍ഷന്‍ പദ്ധതിയിലെ അശാസ്ത്രീയതകള്‍. സര്‍ക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ഉപാധിയായി ക്ഷേമ പെന്‍ഷന്‍ തുകയെ സര്‍ക്കാര്‍ കണ്ടത്മൂലം പ്രയാസം നേരിടാന്‍ വിധിക്കപ്പെട്ടവരായി ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളും അപേക്ഷകരും.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഫലപ്രദമായി നടപ്പിലാക്കിയ ജനകീയ പദ്ധതിയെ സര്‍ക്കാര്‍ തകിടംമറിച്ചത് പാവങ്ങള്‍ക്ക് അര്‍ഹതപ്പെട്ട കോടികള്‍ നല്‍കാതിരിക്കാനായിരുന്നു. പതിനായിരകണക്കിനാളുകള്‍ക്ക് ക്ഷേമ പെന്‍ഷന്‍ നഷ്ടപ്പെടുത്തുകയായിരുന്നു ഇടതു സര്‍ക്കാര്‍. ജീവിച്ചിരിക്കുന്ന എത്രയെത്ര പേരെയാണ് മരണമടഞ്ഞവരെന്ന് മുദ്രകുത്തിയത്. മരണമടഞ്ഞുവെന്ന് പറഞ്ഞ് മാസങ്ങളോളം ക്ഷേമ പെന്‍ഷന്‍ നല്‍കാതെ മടക്കി വിട്ടത് കേരള ചരിത്രത്തില്‍ ആദ്യ സംഭവമായിരുന്നു. പരേതരെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയവര്‍ ജീവനോടെ തദ്ദേശ സ്ഥാപനങ്ങളിലെത്തി തങ്ങളിതാ ജീവിച്ചിരിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തി സത്യവാങ്മൂലം നല്‍കേണ്ടിവന്ന ഗതികേട് എത്രയോ അപമാനകരമാണ്. ഏറെ മാനഹാനിയും മന:പ്രയാസവുമാണ് ഉപഭോക്താക്കളില്‍ ഇതുണ്ടാക്കിയത്. ക്ഷേമ പെന്‍ഷന്‍ തടയാന്‍ ജീവിക്കുന്നവരെ നോക്കി ഒരു സുപ്രഭാതത്തില്‍ മരണപ്പെവരെന്ന് പറയേണ്ടതില്ലായിരുന്നു. സ്വന്തമായി സൈക്കിള്‍ പോലുമില്ലാത്തവരെ വലിയ വാഹന ഉടമകളെന്നു വിശേഷിപ്പിച്ചും ക്ഷേമ പെന്‍ഷന്‍ തടഞ്ഞു. വാഹനമില്ലെന്ന് സാക്ഷ്യപ്പെടുത്താന്‍ പാവങ്ങള്‍ മോട്ടോര്‍ വാഹന ഓഫീസുകള്‍ കയറിയിറങ്ങി ദുരിതംപേറുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ മരണമടഞ്ഞവരെയും വാഹനങ്ങളുള്ളവരെയും കണ്ടെത്തേണ്ടതിനുപകരും ജീവിച്ചിരിപ്പുള്ളവരെ മരിച്ചവരെന്നും വാഹനമില്ലാത്തവരെ വാഹനമുടകളുമായും വിശേഷിപ്പിച്ചത് സര്‍ക്കാറിന്റെ തന്ത്രമായിരുന്നു. അത്രയുംപേര്‍ക്ക് ക്ഷേമപെന്‍ഷന്‍ നിഷേധിക്കപ്പെട്ടതിലൂടെ സര്‍ക്കാറിനു ലാഭം കോടികളായിരുന്നു. പല തവണ ക്ഷേമ പെന്‍ഷന്‍ മുടക്കുമ്പോള്‍ സര്‍ക്കാര്‍ ഖജനാവില്‍ മിച്ചം കോടികളാണെന്ന് സാമ്പത്തിക ശാസ്ത്രവിധഗ്ധനായ ധനകാര്യമന്ത്രിക്കറിയാം.
വിധവകള്‍ക്ക് ക്ഷേമ പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ ഓരോ വര്‍ഷവും ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം നല്‍കണമെന്നാണ് പുതിയ ഉത്തരവ്. ഭര്‍ത്താവ് മരണമടയുമ്പോഴാണ് സ്ത്രീ വിധവയാകുന്നത്. ജീവിതത്തിലെ തുണ നഷ്ടപ്പെടുന്നതിലെ വേദനയറിയാന്‍ പോലും സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. പുനര്‍വിവാഹിതരായിട്ടില്ലെന്ന സാക്ഷ്യപത്രം അംഗന്‍വാടികള്‍ മുഖേനെയോ അല്ലെങ്കില്‍ സ്വയം സാക്ഷ്യപ്പെടുത്തിയാലോ മതിയെന്നിരിക്കെ ഗസറ്റഡ് ഓഫീസര്‍മാര്‍ക്ക് മുന്നില്‍ എല്ലാ വര്‍ഷവും ക്യൂ നില്‍ക്കാന്‍ മാത്രം വിധവകള്‍ എന്തു തെറ്റാണ് ചെയ്തതെന്ന് സര്‍ക്കാര്‍ വിശദമാക്കേണ്ടിയിരിക്കുന്നുവെന്നാണ് കേരളീയ പൊതുസമൂഹം ചോദിക്കുന്നത്. സത്യവാങ്മൂലം നല്‍കിയില്ലെങ്കില്‍ ക്ഷേമപെന്‍ഷന്‍ റദ്ദാക്കുമെന്നാണ് സര്‍ക്കാറിന്റെ മുന്നറിയിപ്പ്. വിധവകള്‍ക്ക് ജീവിക്കാന്‍ എളിയ സഹായം എന്ന നിലക്കാണ് സാമൂഹ്യ സുരക്ഷ ക്ഷേമ പെന്‍ഷന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വര്‍ഷങ്ങള്‍ക്ക്മുമ്പ് നടപ്പിലാക്കിയത്. മുടങ്ങാതെ ഇത് യു.ഡി.എഫ് സര്‍ക്കാര്‍ കാലത്തുവരെ നടപ്പില്‍ വന്നതുമായിരുന്നു. ഇതിനുപിന്നാലെയാണ് 1200 ചതുരശ്ര അടിക്ക് മുകളില്‍ വിസ്തീര്‍ണമുള്ള വീടുകളില്‍ താമസിക്കുന്നവര്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ പാടില്ലെന്ന വിചിത്ര ഉത്തരവുമിറക്കിയത്. ആദായ നികുതി നല്‍കുന്നവരുടെകൂടെ താമസിക്കുന്നുണ്ടെങ്കിലും രണ്ട് ഏക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍ക്കും ആയിരം സി.സിയേക്കാള്‍ എഞ്ചിന്‍ കപ്പാസിറ്റിയുള്ള കാര്‍ ഉള്ളവര്‍ക്കും പെന്‍ഷന്‍ ലഭിക്കില്ല. ഇത് അടയാളപ്പെടുത്തുന്ന വിധമാണ് സര്‍ക്കാര്‍ സോഫ്റ്റ്‌വെയര്‍ ക്രമീകരിച്ചത്. 1200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് എന്ന ഉപാധി ഏറെ പേരെ വലച്ചു. മിക്ക വീടുകളും 1500 മുതല്‍ ചതുരശ്ര അടിയുണ്ട്. യു.ഡി.എഫ് സര്‍ക്കാര്‍ സാര്‍വത്രികമാക്കിയ പെന്‍ഷന്‍ പദ്ധതിയെ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തുടര്‍ച്ചയായി ഇത്തരത്തില്‍ തടസ്സവാദങ്ങള്‍ നിരത്തുകയായിരുന്നു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ സര്‍വെ നടത്തിയായിരുന്നു തുടക്കം. തുടര്‍ന്ന് സ്വത്ത് സംബന്ധിച്ച് സത്യവാങ്മൂലം ഏര്‍പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് 1200 ചതുരശ്ര അടി വീടും കാറും നിബന്ധനകളില്‍ കൊണ്ടു വരുന്നത്. സാമ്പത്തിക തന്ത്രത്തില്‍ നിരവധി പേരെ പെന്‍ഷന്‍ പദ്ധതിയില്‍നിന്നും ഒഴിവാക്കുന്നതിനാണ് കര്‍ശന ഉപാധി പ്രഖ്യാപിച്ചത്. നിരവധി പേര്‍ക്ക് അവസരം നഷ്ടപ്പെട്ടശേഷം കനത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ട് തിരിച്ചടി ഭയന്ന് 1200 ചതുരശ്ര അടിയെന്നത് ഒഴിവാക്കി. ഇത് നേരത്തെ തന്നെ നടപ്പിലാക്കിയിരുന്നുവെങ്കില്‍ ലക്ഷക്കണക്കിനു പാവങ്ങള്‍ക്ക് പെന്‍ഷന്‍ ലഭിക്കുമായിരുന്നു. പുതിയ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ ഒഴിയണമെന്നും അല്ലാത്തപക്ഷം വാങ്ങിയ പെന്‍ഷന്‍ തിരിച്ചുപിടിക്കുമെന്നും ഇടത് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ക്ഷേമ പെന്‍ഷന്‍ വലിയൊരു ആശ്വാസമായി കരുതിയ ജനലക്ഷങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായിരുന്നു സര്‍ക്കാറിന്റെ ഓരോ തീരുമാനവും. നിലവില്‍ ഒരു ലക്ഷം രൂപക്ക് താഴെ വരുമാനമുള്ളവര്‍ക്ക് പെന്‍ഷന്‍ ലഭിച്ചിരുന്നു. ഇത് അട്ടിമറിച്ച ഇടത് സര്‍ക്കാര്‍ വൃദ്ധരെയും വികലാംഗരെയും വിധവകളെയും പെരുവഴിയിലാക്കുകയായിരുന്നു. പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചെന്നും വീടുകളില്‍ എത്തിച്ചെന്നും പറഞ്ഞ് പ്രചാരണം നടത്തിയ ഇടത് സര്‍ക്കാര്‍ പാവപ്പെട്ടവരെ ദുഷ്‌കരമായ മാനദണ്ഡങ്ങള്‍ പറഞ്ഞ് കുരുക്കിയതിനു തിരിച്ചടി നേരിടുകയാണിപ്പോള്‍.
സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം ചുരുക്കാന്‍ ഇത്തരത്തില്‍ എത്രയെത്ര നടപടികളാണ് കൈകൊണ്ടത്. എല്ലാം സര്‍ക്കാറിനു തിരിച്ചടിയായി മാറിയപ്പോള്‍ ചിലത് വൈകി തിരുത്താന്‍ തയ്യാറായി. അപ്പോഴേക്ക് നിരവധി പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ നഷ്ടപ്പെട്ടിരുന്നു. തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ചിട്ടും രണ്ട് വര്‍ഷത്തോളം സര്‍ക്കാര്‍ കുരുക്കില്‍ അപേക്ഷകള്‍ കെട്ടികിടന്നു. ക്ഷേമ പെന്‍ഷന്‍ ദിനങ്ങള്‍ തള്ളിനീക്കിയ ആയിരങ്ങള്‍ ഇതിനകം മരണമടഞ്ഞു. യു.ഡി.എഫ് സര്‍ക്കാര്‍ കാലത്തേത്‌പോലെ അതത് അപേക്ഷകള്‍ അതത് മാസം അംഗീകരിച്ചിരുന്നുവെങ്കില്‍ എത്രയോ പേര്‍ക്ക് ഗുണപ്രദമാകുമായിരുന്നു. അപേക്ഷകര്‍ തദ്ദേശ സ്ഥാപനങ്ങളില്‍ കയറിയിറങ്ങി മടുത്തതിനു കണക്കില്ല. വല്ലപ്പോഴും തുറക്കുന്ന സോഫ്റ്റ്‌വെയറില്‍ കണ്ണും നട്ടിരിക്കുകയാണിപ്പോള്‍ തദ്ദേശസ്ഥാപന ഉദ്യോഗസ്ഥര്‍. കര്‍ശന നിയന്ത്രണങ്ങള്‍ ഡെമോക്ലസിന്റെ വാള്‍ പോലെ ഉദ്യോഗസ്ഥര്‍ക്ക് മീതെയുണ്ട്.
സുരക്ഷാപെന്‍ഷന്‍ വാങ്ങുന്ന 42.5 ലക്ഷത്തോളം പേരും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ വാങ്ങുന്ന 10 ലക്ഷത്തോളം പേരുമുണ്ട്. സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 12 ശതമാനംപേര്‍ അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്നുവെന്നാണ് സര്‍ക്കാര്‍ വാദം. ഇത് തെറ്റായിരുന്നുവെന്നാണ് പിന്നീട് സര്‍ക്കാര്‍ വിവിധ ഉത്തരവുകളിലൂടെ വ്യക്തമാക്കിയതും. യഥാര്‍ത്ഥത്തില്‍ ക്ഷേമ പെന്‍ഷന്‍ കിട്ടാക്കനിയാണിന്ന്. യു.ഡി.എഫ് സര്‍ക്കാര്‍ എല്ലാ മാസവും 15നു മുമ്പ് ഗുണഭോക്താക്കള്‍ക്ക് നല്‍കിയിരുന്ന ക്ഷേമ പെന്‍ഷന്‍ എന്ന് ലഭിക്കുമെന്ന് കൃത്യമായി പറയാന്‍ ഇടത് സര്‍ക്കാറിനു കഴിയുന്നില്ല. 35 ലക്ഷത്തേളം പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കിയിരുന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഈ രംഗത്ത് വലിയൊരു കുതിച്ചുചാട്ടമാണ് നടത്തിയത്. ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തിട്ടേ താന്‍ ശമ്പളം വാങ്ങുകയുള്ളൂവെന്നായിരുന്നു അന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നത്. അങ്ങനെ പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിയുമോ എന്ന ചോദ്യം കേരളം ഉയര്‍ത്തിക്കഴിഞ്ഞു. ആര്‍ക്കും പരാതികളില്ലാതെ ലഭിച്ച പെന്‍ഷന് വേണ്ടി ഇപ്പോള്‍ വൃദ്ധരും വിധവകളും വികലാംഗരും കര്‍ഷകരും കാത്തിരിക്കുകയാണ്. കുടിശ്ശിക കുന്നു കൂടുകയാണ്. ഓണവും പെരുന്നാളും ക്രിസ്തുമസും കഴിഞ്ഞാലും പെന്‍ഷനു കാത്തിരിക്കണം. എന്നിട്ടും പെന്‍ഷന്‍ ലഭിക്കാതെ എത്രയോപേര്‍. ലക്ഷണക്കിനു പെന്‍ഷന്‍ ഗുണഭോക്താക്കളാണ് ഇപ്പോള്‍ ബാങ്കും തദ്ദേശസ്ഥാപനങ്ങളും കയറിയിറങ്ങുന്നത്. കൊട്ടിഘോഷിച്ച് പെന്‍ഷന്‍ വീടുകളിലെത്തിക്കാന്‍ നടത്തിയ പദ്ധതി നിരവധി പേരെ വട്ടംകറക്കുകയാണിപ്പോഴും. സംസ്ഥാനത്ത് വിവിധ കാരണങ്ങള്‍ പറഞ്ഞ് അഞ്ചര ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ തടഞ്ഞു. ഓരോ തദ്ദേശ സ്ഥാപനത്തിലും ആയിരത്തിലേറെ പേര്‍ക്ക് പെന്‍ഷന്‍ കിട്ടാതായി. ഭാഗികമായാണ് ഇടത് സര്‍ക്കാര്‍ പെന്‍ഷന്‍ അനുവദിച്ചത്. ഒട്ടേറെ പേരെ പെന്‍ഷന്‍ പദ്ധതിയില്‍നിന്നും പുറത്താക്കി. ഇതിനായി സത്യവാങ്മൂലം എന്ന രീതി ആവിഷ്‌കരിച്ച് കൂടുതല്‍ ഭൂമിയുള്ളവരെയും മറ്റും ഒഴിവാക്കുകയായിരുന്നു. നേരത്തെ പെന്‍ഷന്‍ കൃത്യമായി ലഭിച്ചിരുന്നവരാണ് തുക ലഭിക്കാതെ ഇപ്പോഴും ഓഫീസുകള്‍ കയറിയിറങ്ങുന്നത്. സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം യാതൊരു ആസൂത്രണവുമില്ലാതെയായിരുന്നുവെന്ന് ബാങ്കുകളും ചൂണ്ടിക്കാട്ടുന്നുണ്ട്. നേരിട്ട് പെന്‍ഷന്‍ വീടുകളിലെത്തിക്കാന്‍ കുടുംബശ്രീ മുഖേനയും മറ്റും പല തവണ മാറ്റിമാറ്റി ഡാറ്റ എന്‍ട്രി നടത്തിയിരുന്നു.
ക്ഷേമ പെന്‍ഷന്‍ നല്‍കുന്നതിനു സര്‍ക്കാര്‍ സഹകരണ ബാങ്കുകളെ പിഴിയുന്നതും ആയിരം ദിനങ്ങളില്‍ കേരളം കണ്ടു. സര്‍ക്കാര്‍ ഉത്തരവ് മൂലം മിക്ക ബാങ്കുകളും പ്രതിസന്ധിയിലായിരുന്നു. രണ്ട് കോടി രൂപ മുതല്‍ 25 കോടി രൂപവരെയാണ് ഓരോ പെന്‍ഷന്‍ വിതരണ സമയത്തും ഓരോ ബാങ്കിനോടും ആവശ്യപ്പെട്ടത്. ബന്ധപ്പെട്ട രജിസ്ട്രാര്‍മാര്‍ ബാങ്കുകളിലേക്ക് വിളിച്ച് സമ്മര്‍ദം ചെലുത്തുന്നതും പതിവായി. രണ്ടായിരത്തിലേറെ കോടി രൂപയാണ് ഇത്തരത്തില്‍ സമാഹരിക്കുന്നത്. സര്‍ക്കാര്‍ ഖജനാവില്‍നിന്നും നല്‍കേണ്ട ക്ഷേമ പെന്‍ഷന്‍ തുകയാണ് ബാങ്കുകള്‍ക്ക് മീതെ അടിച്ചേല്‍പ്പിച്ചത്. സഹകരണ ബാങ്ക് അംഗങ്ങളുടെ നിക്ഷേപങ്ങള്‍ അവരുടെ ആവശ്യത്തിനു അനുസരിച്ച് വായ്പ നല്‍കാനും മറ്റുമായുള്ളതാണ്. ചെറുകിട നിക്ഷേപങ്ങളാണ് സഹകരണ ബാങ്കുകളിലേറെയും ഉള്ളത്. അവരുടെ പണമാണ് സര്‍ക്കാര്‍ യാതൊരു ഗ്യാരണ്ടിയുമില്ലാതെ ഊറ്റുന്നത്. ബാങ്കുകളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നതാണിത്. ക്ഷേമ പെന്‍ഷന്‍ നല്‍കേണ്ട ബാധ്യത പൂര്‍ണമായും സഹകരണ ബാങ്കുകളെ അടിച്ചേല്‍പ്പിക്കുന്ന രീതിയാണിപ്പോള്‍. കെ.എസ.് ആര്‍.ടി.സി പെന്‍ഷന്‍ കാര്യത്തിലും നേരത്തെ ഓഖി സഹായ വിതരണത്തിനും സര്‍ക്കാര്‍ ആശ്രയിച്ചത് സഹകരണ ബാങ്കുകളെയായിരുന്നു. ആഘോഷങ്ങള്‍ക്ക്മുമ്പ് പെന്‍ഷന്‍ നല്‍കിയെന്ന് പറഞ്ഞ് കയ്യടി വാങ്ങാന്‍ സഹകരണ ബാങ്കുകള്‍ക്ക് മീതെ കൊള്ളയടി രീതി അവലംബിക്കുന്നതില്‍ ഭരണസമിതികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കുന്ന ഫണ്ടിലേക്ക് സംസ്ഥാനത്തിലെ സഹകരണ സംഘം രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തിലുള്ള പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍, ബാങ്കുകള്‍, എംപ്ലോയീസ് സഹകരണ സംഘങ്ങള്‍, മറ്റ് സാമ്പത്തിക ഭദ്രതയുള്ള സംഘങ്ങള്‍ എന്നിവയില്‍ നിന്നാണ് പണം വാങ്ങുന്നത്. ഭരണ സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപമെന്നാണ് ഇതിനു സര്‍ക്കാര്‍ നല്‍കുന്ന പേര്. നിക്ഷേപത്തിന് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുന്നതും സര്‍ക്കാര്‍ നിശ്ചയിക്കുന്ന പലിശ എല്ലാ മാസങ്ങളിലും സംഘങ്ങള്‍ക്ക് നല്‍കുമെന്നുമാണ് വാഗ്ദാനം. സംസ്ഥാന സഹകരണ ബാങ്കിന്റെ പേരിലുളള പൂള്‍ അക്കൗണ്ടില്‍ ജില്ലാ സഹകരണ ബാങ്കുകള്‍ വഴി പദ്ധതിയില്‍ചേരുന്ന സഹകരണ സ്ഥാപനങ്ങള്‍ നിക്ഷേപിക്കണമെന്നാണ് സര്‍ക്കാര്‍ അന്ത്യശാസനം നല്‍കാറ്. തുകകള്‍ സംസ്ഥാന സഹകരണ ബാങ്ക് ടി പദ്ധതിക്കുവേണ്ടി ആരംഭിക്കുന്ന അക്കൗണ്ടില്‍ ആര്‍ടിജിഎസ് എന്‍ഇഎഫ്ടി വഴി കൈമാറേണ്ടതാണെന്നും പറയും. വായപയുടെ കാലവധി 14 മാസം ആയിരിക്കുമെന്നാണ് വിശദീകരണമെങ്കിലും നേരത്തെ പല തവണ വാങ്ങിയ തുകയില്‍ ഇനിയും സര്‍ക്കാര്‍ തിരിച്ചടച്ചില്ലെന്നാണ് ബാങ്ക് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ക്ഷേമ പെന്‍ഷന്‍ യു.ഡി.എഫ് സര്‍ക്കാര്‍ കാലത്ത് കൃത്യമായി നല്‍കിയതായിരുന്നു. ഒരിക്കല്‍പോലും സഹകരണ ബാങ്കുകളെ പിടികൂടിയിരുന്നില്ല. അറുപത് വയസ്സ് പൂര്‍ത്തിയായ അര്‍ഹര്‍ക്ക് പെന്‍ഷന്‍ നല്‍കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്. വിധവകള്‍ക്കും വികലാംഗര്‍ക്കും ഇതിനു അര്‍ഹതയുണ്ടായിരിക്കെയാണ് നിഷേധിക്കുന്നത്. ഓരോ മാസവും പെന്‍ഷന് അനുവദിച്ച പണം സര്‍ക്കാര്‍ മറ്റു ആവശ്യങ്ങള്‍ക്ക് തിരിമറി ചെയ്യുന്നുവെന്ന പരാതി ശക്തമാണ്. ക്ഷേമ പെന്‍ഷനെ ലാഭക്കച്ചവടമായാണ് സര്‍ക്കാര്‍ കാണുന്നത്. യു.ഡി.എഫ് സര്‍ക്കാറാണ് ക്ഷേമ പെന്‍ഷന്‍ ഒറ്റയടിക്ക് ആയിരം രൂപയായി വര്‍ധിപ്പിച്ചത്. ഇത് 1500 രൂപയാക്കി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് 2016ല്‍ നിയമസഭതെരഞ്ഞെടുപ്പ് വന്നത്. ഇടത് സര്‍ക്കാറിന്റെ കാലത്ത് ഏറെ കണ്ണീര് കുടിച്ചവരാണ് ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കള്‍,

web desk 1: