തിരുവനന്തപുരം: സംസ്ഥാനത്ത് നോട്ടുക്ഷാമം രൂക്ഷമായതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങി. ശമ്പളം, പെന്‍ഷന്‍ എന്നിവക്കുള്ള പണം സര്‍ക്കാരിന്റെ കൈവശമുണ്ടെങ്കിലും ഇതു വിതരണം ചെയ്യുന്നതിന് ആവശ്യമായ നോട്ട് ട്രഷറികളില്‍ ഇല്ലാതിരുന്നതാണ് പ്രതിസന്ധിക്ക് കാരണം.
ആവശ്യമായ നോട്ട് റിസര്‍വ് ബാങ്ക് നല്‍കിയില്ലെങ്കില്‍ ശമ്പള പെന്‍ഷന്‍ വിതരണം അവതാളത്തിലാകുമെന്ന് ധനവകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ ട്രഷറികളില്‍ ഏകദേശം 50 ശതമാനത്തില്‍ കൂടുതല്‍ ട്രഷറികളില്‍ നോട്ടുക്ഷാമം അനുഭവപ്പെടുകയാണ്. ഇതില്‍ 79 ട്രഷറികളില്‍ നോട്ടുക്ഷാമം അതിരൂക്ഷമാണ്. 24 ട്രഷറികളില്‍ ഇതുവരെ വിതരണം ചെയ്യാന്‍ നോട്ടുകള്‍ കിട്ടിയിട്ടില്ല. റിസര്‍വ് ബാങ്കും എസ്.ബി.ഐയും വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നു ധനവകുപ്പ് ആവശ്യപ്പെട്ടു.
നോട്ടുപിന്‍വലിക്കലിന്റെ ആഘാതത്തില്‍ നിന്ന് കരകയറിവരുന്നതിനിടെയാണ് ജനങ്ങളെ ദുരിതത്തിലാക്കി വീണ്ടും കറന്‍സി ക്ഷാമമെത്തിയത്. അതെ സമയം, ട്രക്ക് സമരമാണ് പ്രതിസന്ധിക്ക് കാരണമെന്ന് റിസര്‍വ് ബാങ്ക് വിശദീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ മിക്ക ജില്ലകളിലും ഇടപാട് നടത്താന്‍ ട്രഷറികളില്‍ പണമുണ്ടായിരുന്നില്ല. രാവിലെ ട്രഷറികളിലെത്തിയവര്‍ക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു. ശമ്പള പരിഷ്‌കരണ കുടിശികയുടെ ആദ്യ ഗഡു ഈ മാസം കിട്ടുമെന്ന പ്രതീക്ഷയുമായി എത്തിയ പെന്‍ഷന്‍കാരും നിരാശരായി മടങ്ങി. എരുമേലി, വേങ്ങര,കൊട്ടാരക്കര, മണലൂര്‍, എടത്വ, കുറുവിലങ്ങാട്, കരിമണ്ണൂര്‍, പേരാവൂര്‍, ചെങ്ങന്നൂര്‍, നൂറനാട്, ദ്വാരക, വെള്ളരിക്കുണ്ട്, മുതുകുളം, മുവാറ്റുപുഴ, ചടയമംഗലം, കോന്നി, മാവേലിക്കര, വടക്കേഞ്ചേരി, ഹരിപ്പാട്, മുകുന്ദപുരം, കടക്കല്‍, തിരൂരങ്ങാടി എന്നിവിടങ്ങളിലെ ട്രഷറികള്‍ പൂര്‍ണമായും ഇന്നലെ അടഞ്ഞു കിടന്നു. കോട്ടയം ജില്ലയിലും പെന്‍ഷന്‍ വിതരണം മുടങ്ങി. 5.85 കോടി ചോദിച്ചപ്പോള്‍ 1.83 കോടിയാണ് കോട്ടയം ജില്ലയിലെ ട്രഷറികള്‍ക്ക് കിട്ടിയത്. വിഷു, ഈസ്റ്റര്‍ പ്രമാണിച്ച് ക്ഷേമപെന്‍ഷനിലെ മൂന്നുമാസത്തെ കുടിശിക വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. ഈ തുക വരും ദിവസങ്ങളില്‍ സഹകരണ ബാങ്കുകളുടെ അക്കൗണ്ടിലേക്ക് കൈമാറുമെങ്കിലും നോട്ടുക്ഷാമം കാര ണം വിതരണം ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പില്ലെന്ന് ധനവകുപ്പ് അധികൃതര്‍ പറഞ്ഞു.