X

അമ്മയുടെ മരണം എട്ട് വര്‍ഷം മറച്ചുവെച്ച് തട്ടിയെടുത്തത് 10 ലക്ഷം രൂപയുടെ പെന്‍ഷന്‍

തിരുവനന്തപുരം: അമ്മ മരിച്ച വിവരം എട്ട് വര്‍ഷം മറച്ചു വച്ച് കെഎസ്ഇബി ജീവനക്കാരന്റെ ഫാമിലി പെന്‍ഷന്‍ തട്ടിയെടുത്ത കേസില്‍ മകളേയും, ചെറുമകനേയും പൊലീസ് തിരയുന്നു. പത്ത് ലക്ഷത്തോളം രൂപയാണ് ഇരുവരും കബളിപ്പിച്ച് സ്വന്തമാക്കിയത്. അതിയന്നൂര്‍ അരങ്കമുകള്‍ ബാബു സദനത്തില്‍ അംബിക, മകന്‍ പ്രിജിത് ലാല്‍ ബാബു എന്നിവര്‍ക്ക് എതിരെയാണ് കേസ്. തട്ടിപ്പ് പുറത്തു വന്നതിന് പിന്നാലെ ഇരുവരും ഒളിവിലാണ്.

കെഎസ്ഇബി നെയ്യാറ്റിന്‍കര ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ് മിനി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കും എതിരെ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തത്.

കെഎസ്ഇബി ജീവനക്കാരനായിരുന്ന അപ്പുക്കുട്ടന്റെ മരണത്തെ തുടര്‍ന്നാണ് ഭാര്യ പൊന്നമ്മയ്ക്ക് ഫാമിലി പെന്‍ഷന്‍ ലഭിച്ചു തുടങ്ങിയത്. ചെറുമകന്‍ പ്രിജിത് ലാല്‍ ബാബുവാണ് പൊന്നമ്മയോടൊപ്പം എത്തി അക്കൗണ്ട് ഉള്‍പ്പടെയുള്ള ബാങ്ക് നടപടികള്‍ ശരിയാക്കി കൊടുത്തിരുന്നത്. 2012ല്‍ പൊന്നമ്മ മരിച്ചു.എന്നാല്‍ മരിച്ച വിവരം കെഎസ്ഇബിയെ അറിയിക്കാതെ ബാങ്കില്‍ കൃത്രിമം കാട്ടി മകള്‍ അംബികയും മകന്‍ പ്രേംജിത് ലാല്‍ബാബുവും ചേര്‍ന്ന് മാസം തോറും പെന്‍ഷന്‍ തുക ബാങ്കില്‍ നിന്നു എടുക്കുകയായിരുന്നത്രെ. 86 മാസം കൊണ്ടാണ് 10.68 ലക്ഷം രൂപ തട്ടിയത്. പെന്‍ഷന്‍കാരി ജീവിച്ചിരുപ്പുണ്ടെന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ തുടര്‍ന്ന് പെന്‍ഷന്‍ നല്‍കുവെന്ന് അറിയിപ്പുണ്ടായതിനെത്തുടര്‍ന്ന് പൊന്നമ്മയുടെ സര്‍ട്ടിഫിക്കറ്റ് കിട്ടാതായപ്പൊഴാണ് അന്വേഷണം നടന്നതും തട്ടിപ്പു വെളിച്ചത്തായതും.

തുടര്‍ന്ന് ഇരുവരും ഓഫീസിലെത്തി ജൂലൈ 30ന് മുന്‍പ് തട്ടിയെടുത്ത മുഴുവന്‍ തുകയും ഉടനെ അടച്ചു കൊള്ളാമെന്ന് ഉറപ്പ് നല്‍കി. പക്ഷെ ഉറപ്പ് പാലിച്ചില്ല. പിന്നീട് രണ്ട് മുദ്രപ്പത്രത്തില്‍ മുഴുവന്‍ തുകയും ഓഗസ്റ്റ് 14ന് നല്‍കാമെന്ന് എഴുതി കൊടുത്തു. അതും നടക്കാതെ വന്നതിനെ തുടര്‍ന്നാണ് അധികൃതര്‍ പൊലീസിനെ സമീപിച്ചത്.

Test User: