ശ്രീനഗര്‍: കാശ്മീരില്‍ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ വിദ്യാര്‍ത്ഥി മരിച്ചു. ബുധനാഴ്ച്ച പുലര്‍ച്ചെ ശ്രീനഗറിലെ ആസ്പത്രിയിലാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അസര്‍ അഹമ്മദ് ഷെര്‍ കൊല്ലപ്പെട്ടത്.കാശ്മീര്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു അസര്‍ അഹമ്മദ്. മൃതദേഹം ശ്രീനഗര്‍ ഇല്ലാഹി ബാഗിലെ വീട്ടില്‍ കൊണ്ടുവരികയും അടക്കം ചെയ്യുകയും ചെയ്തു.
കാശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിന് തുടര്‍ന്ന് ആഗസ്റ്റിന് ആറിന് സൗറയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് നേര്‍ക്ക് സൈന്യം പെല്ലാറ്റാക്രമണം നടത്തുകയായിരുന്നു. ഇതിലാണ് അസറിന് പരിക്കേറ്റത്. കാശ്മീരില്‍ ഇതുവരെ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.
അതേസമയം, പെല്ലറ്റിനാല്‍ പരുക്കേറ്റതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന റിപ്പോര്‍ട്ട് സൈന്യം തള്ളി. കല്ലേറിനിടയിലാണ് കുട്ടി മരണപ്പെട്ടതെന്ന് ലെഫ്റ്റനന്റ് ജനറല്‍ കെ.ജെ.എസ് ധില്ലണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാശ്മീരില്‍ അടുത്തകാലത്ത് ഏറ്റവും സമാധാനം പുലര്‍ന്ന സമയം ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ യുവാക്കള്‍ ശരീരത്തിലെ പെല്ലറ്റുകള്‍ ചവണയുപയോഗിച്ച് സ്വയം എടുത്തു കളയുകയാണ് ചെയ്യുന്നത്. ആസ്പത്രിയിലെത്തിയാല്‍ ജയിലില്‍ അടക്കപ്പെടുമോ എന്ന ഭീതിയിലാണ് ഇവര്‍ സ്വയം ചികിത്സ ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.