X

ഖത്തര്‍ ഫുട്ബോളിനെ ആവേശഭരിതമാക്കിയ എഴുപതുകളിലെ പെലെ

അശ്റഫ് തൂണേരി

ദോഹ: ലോക ഫുട്ബോള്‍ ഇതിഹാസം പെലെ വിടപറയുമ്പോള്‍ ഖത്തറിന് നഷ്ടമാവുന്നത് തങ്ങളുടെ പഴയകാല ഫുട്ബോള്‍ താരങ്ങള്‍ക്ക് ആവേശവും പ്രചോദനവുമായ വലിയ കളിക്കാരനെ. 1973 ഫെബ്രുവരിലായിരുന്നു പെലെ ഉള്‍പ്പെടെയുള്ള പ്രമുഖ ബ്രസീലിയന്‍ ഫുട്ബോള്‍ താരങ്ങള്‍ അണിനിരന്ന സാന്റോസ് ടീം ഖത്തറിലെ ക്ലബ്ബ് കളിക്കാരുമായി മത്സരിക്കാനായി ദോഹയിലെത്തിയത്. ഫെബ്രുവരി പതിനാലിനായിരുന്നു മത്സരം. ഖത്തര്‍ ടീമായ അല്‍അഹ്ലിയാണ് സാന്റോസിനെ നേരിട്ടത്. ദോഹ സ്റ്റേഡിയത്തിലായിരുന്നു മത്സരം.

1970-ല്‍ മെക്സിക്കോ സിറ്റിയില്‍ നിന്ന് ബ്രസീല്‍ തങ്ങളുടെ മൂന്നാം ഫിഫ ലോകകപ്പ് നേടിയതിനു ശേഷമായിരുന്നു പെലെയുടെ വരവ് എന്നത് ഏറെ പ്രാധാന്യമുള്ളതായിരുന്നു. മൂന്ന് തവണ മോഹിപ്പിക്കുന്ന ട്രോഫി നേടിയ ചരിത്രത്തിലെ ഒരേയൊരു കളിക്കാരനായി പെലെ മാറിയിരുന്നതിനാല്‍ തന്നെ താരമെത്തുന്നുവെന്ന വാര്‍ത്ത ഖത്തറിനെ ശരിക്കും കോരിപ്പത്തരിപ്പിച്ചിരുന്നുവെന്ന് അന്നത്തെ അല്‍അഹ് ലി ടീം അംഗങ്ങള്‍ ഈയ്യിടെ ഓര്‍ത്തെടുത്തിരുന്നു. ദോഹ സ്റ്റേിയത്തില്‍ ഫസ്റ്റ് ക്ലാസ്സിന് 50 റിയാല്‍, സെക്കന്റ് ക്ലാസ്സിന് 20 റിയാല്‍ എന്ന നിരക്കില്‍ ടിക്കറ്റ് വെച്ച് നടത്തുന്ന മത്സരത്തിനായി ഫുട്ബോള്‍ രാജാവ് പെലെയും സംഘവുമെത്തുന്നുവെന്ന് പ്രത്യേകമായി പോസ്റ്ററിടിച്ച് പ്രചാരണം നടത്തിയിരുന്നു. ആയതിനാല്‍ തന്നെ എഴുപതുകളുടെ തുടക്കത്തിലെ രാജ്യത്തെ ഏക ഫുട്ബോള്‍ പുല്‍മൈതാനമുള്‍പ്പെട്ട ദോഹ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞിരുന്നു. ‘പെലെയും സാന്റോസ് ടീമംഗങ്ങളും ദോഹനഗരത്തിലേക്ക് വരുമെന്ന വാര്‍ത്തപരന്നതോടെ ദോഹ സ്റ്റേഡിയം തിങ്ങിനിറഞ്ഞു.” അല്‍ അഹ്ലി ടീമംഗമായ മുഹമ്മദ് അല്‍സിദ്ദിഖി പറഞ്ഞതായി ഒരു പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് രാജ്യങ്ങളില്‍ ഒരു പരമ്പര കളിക്കാന്‍ ക്ഷണിക്കപ്പെട്ടതിന്റെയടിസ്ഥാനത്തിലാണ് പെലെ ഖത്തറിലെത്തിയത്. മേഖലയിലെ നിരവധി കളിക്കാരേയാണ് പെലെയുടേയും സംഘത്തിന്റേയും സന്ദര്‍ശനം പ്രചോദിപ്പിച്ചത്.

കായികരംഗത്ത് കൂടുതല്‍ ഉയര്‍ച്ചയിലേക്ക് പോവാന്‍ ഇത് സഹായകരമായെന്ന് പിന്നീട് വിലയിരുത്തല്‍ വന്നു. 1973ല്‍ അല്‍ അഹ്ലിയുടെ പ്ലെയര്‍ കോച്ചായിരുന്ന ഇപ്പോള്‍ 82 വയസ്സുള്ള ബയൂമി ഈസയുള്‍പ്പെടെ ഏറെ അഭിമാനത്തോടെയാണ് പഴയകാലം ഓര്‍ത്തെടുത്തത്. ”തങ്ങള്‍ യഥാര്‍ത്ഥത്തില്‍ കളിക്കളത്തിലെത്തി ശക്തനായ പെലെയെ നേരിടാന്‍ പോകുന്നുവെന്ന് ഒരു കളിക്കാരനും യഥാര്‍ത്ഥത്തില്‍ വിശ്വസിച്ചില്ല. എല്ലാ മത്സരങ്ങള്‍ക്കും ഞാന്‍ ചെയ്ത അതേ രീതിശാസ്ത്രം ഉപയോഗിച്ച് മത്സരത്തെ സമീപിക്കണമെന്നത് പ്രധാനമാണ്. ചോക്ക്ബോര്‍ഡ് ഉപയോഗിച്ച് ഒരു കളിക്കാരന്റെ റോള്‍ എടുത്തുകാണിക്കുകയും അവിടെ പോയി അവരുടെ പരമാവധി ചെയ്യാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു” ഈസ വിശദീകരിച്ചു. ബ്രസീലിയന്‍ ടീമിനോട് നാണംകെട്ട് തോറ്റില്ലെന്ന് പറയാം. ഇതിഹാസ താരത്തിനൊപ്പം കളിച്ച ആഹ്ലാദം വേറെതന്നെ. 3-0 ന് മാത്രമേ തോറ്റിട്ടുള്ളൂവെന്നും അദ്ദേഹം ആശ്വസിച്ചു.

അതിനിടെ ഖത്തര്‍ ലോകകപ്പില്‍ 2022 ഡിസംബര്‍ 2-ന് നടന്ന ബ്രസീല്‍-കാമറൂണ്‍ മത്സരം ആരംഭിക്കുന്നതിന് മുന്നോടിയായി ലുസൈല്‍ ഐക്കണിക് സ്റ്റേഡിയത്തില്‍ രോഗശമന പ്രാര്‍ത്ഥനക്കായുള്ള ആഹ്വാനമുള്ള വലിയ ബാനറുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സാവോപോളോയിലെ ആശുപത്രിയിലായിരുന്നു അന്ന് പെലെ. ഡിസംബര്‍ 5-ന് സൗത്ത് കൊറിയയുമായി ബ്രസീല്‍ ഏറ്റമുട്ടിയപ്പോള്‍ 974 സ്റ്റേഡിയത്തിലും പ്രാര്‍ത്ഥനാ ബാനറുകളും സ്‌ക്രീനില്‍ പ്രാര്‍ത്ഥനയും നിറഞ്ഞു. പെലെ ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു ആ ദിവസം. പ്രസ്തുത ദിവസങ്ങളില്‍ സ്റ്റേഡിയത്തിലെ സ്‌ക്രീനില്‍ മാത്രമല്ല വിവിധ ഫാന്‍സോണുകളിലും ഖത്തറിലെ കെട്ടിടങ്ങളിലെ സ്‌ക്രീനുകളിലും പെലെ, ഗെറ്റ് വെല്‍ സൂണ്‍.. വാക്കുകള്‍ പ്രത്യക്ഷപ്പെട്ടു. തൊട്ടടുത്ത ദിവസം അല്‍പ്പം ശമനമായപ്പോള്‍ ഖത്തറിനും ഫിഫ സംഘാടകര്‍ക്കും നന്ദി അറിയിച്ച് പെലെ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. അതേസമയം ഫുട്ബോള്‍ ആരാധകര്‍ പെലെയുടെ ചിത്രത്തിനരികെ നിന്ന് സെല്‍ഫിയെടുക്കാന്‍ മത്സരിക്കുന്ന ദൃശ്യങ്ങളും ദോഹയില്‍ കാണാനായി. മുശൈരിബ് ഡൗണ്‍ടൗണില്‍ സൗത്ത് അമേരിക്കന്‍ ഫുട്ബോളിനെക്കുറിച്ച് സംഘടിപ്പിക്കപ്പെട്ട സംവേദനാത്മക പ്രദര്‍ശനം കാണാനെത്തിയ ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആരാധകരാണ് ചിത്രമെടുക്കാന്‍ തിരക്ക് കൂട്ടിയത്.

webdesk11: