X
    Categories: MoreViews

പശുവിന്റെ പേരില്‍ പെഹ്്‌ലു ഖാനെ തല്ലിക്കൊന്ന കേസില്‍ അന്വേഷണ ഉദ്യേഗസ്ഥനെ നാലാം തവണയും മാറ്റി

 

ജയ്പൂര്‍: ഹരിയാനയിലെ ക്ഷീര കര്‍ഷകനായ പെഹ്്‌ലു ഖാനെ രാജസ്ഥാനിലെ ആല്‍വാറില്‍ തല്ലിക്കൊന്ന കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് സി.ഐ.ഡിക്കു കൈമാറി. രാജ്യം മുഴുവന്‍ പ്രതിഷേധം അലയടിച്ച കേസില്‍ ഇതു നാലാം തവണയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നത്. കേസില്‍ പ്രതി ചേര്‍ത്ത ആറു പേരെ ഇതുവരെ പിടികൂടാന്‍ അന്വേഷണ സംഘത്തിനായില്ല. എങ്കിലും കേസ് സി.ഐ.ഡി-സി.ബിക്ക് കൈമാറുകയാണെന്ന് ഡി.ജി.പി പങ്കജ് കുമാര്‍ സിങ് പറഞ്ഞു. ഏപ്രില്‍ ഒന്നിനാണ് ജയ്പൂര്‍ ചന്തയില്‍ നിന്നും പശുക്കളെ നിയമാനുസരണം വാങ്ങി വാഹനത്തില്‍ സ്വദേശമായ ഹരിയാനയിലെ ജയസിങ്പൂരിലേക്കു കൊണ്ടു പോവുകയായിരുന്ന 55 കാരനായ പെഹ്്‌ലു ഖാനെ ഗോ രക്ഷാ സേന ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ആസ്പത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. സംഭവത്തില്‍ ബര്‍ഹോര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും കേസിന് തുമ്പുണ്ടാക്കാനായില്ല. തുടര്‍ന്ന് രാജ്യവ്യാപക പ്രതിഷേധം ഉടലെടുത്തതോടെ ഡിവൈഎസ്.പി പ്രമാള്‍ സിങ് ഗുര്‍ജാറിന് കേസന്വേഷണം കൈമാറി. എന്നാല്‍ മെയില്‍ വീണ്ടും കേസന്വേഷണ മേല്‍നോട്ടം കോട്പുരി എ.എസ്.പി രാം സ്വരൂപ് ശര്‍മക്ക് കൈമാറുകയായിരുന്നു. അക്രമികളെ കണ്ടെത്താതെ പൊലീസ് ഒത്തു കളിക്കുന്നുവെന്ന ആരോപണമുയര്‍ന്നതിനു പിന്നാലെയാണ് നാലാം തവണയും അന്വേഷണ സംഘത്തെ മാറ്റിയിരിക്കുന്നത്. അന്വേഷണം തീര്‍ത്തും നിരാശാജനകമാണെന്നും ശക്തമായ തെളിവുണ്ടായിട്ടും പിടികൂടിയവര്‍ക്ക് ഉടന്‍ ജാമ്യം ലഭിച്ചതായും പെഹ്്‌ലു ഖാന്റെ അമ്മാവന്‍ ഹുസൈന്‍ ഖാന്‍ പറഞ്ഞു.

chandrika: