ന്യൂഡൽഹി: മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഗോ രക്ഷകർ കൊലപ്പെടുത്തിയ പെഹ് ലു ഖാന്റെ വസതിയിലെത്തി. ഹരിയാന നൂ ജില്ലയിലെ ജയ്സിംഗ്പൂരിലെത്തിയ നേതാക്കൾ കുടുംബാംഗങ്ങളെ നേരിൽ കണ്ടു. പെഹ്ലു ഖാന്റെ ഘാതകരെ കഴിഞ്ഞ ആഗസ്റ്റ് പതിനാലിന് രാജസ്ഥാനിലെ ആൾവാർ സെഷൻസ് കോടതി വെറുതെ വിട്ട പശ്ചാത്തലത്തിലായിരുന്നു നേതാക്കളുടെ സന്ദർശനം. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമാരായ അഡ്വ: വി കെ ഫൈസൽ ബാബു, ആസിഫ് അൻസാരി, മുഹമ്മദ് ആരിഫ്, എക്സിക്യൂട്ടീവ് അംഗം ഷിബു മീരാൻ, ഹരിയാന യൂത്ത് ലീഗ് നേതാക്കളായ മുഹമ്മദ് അനീസ് എന്നിവരടങ്ങുന്ന സംഘമാണ് ഹരിയാനയിലെത്തിയത്.
പെഹ് ലുഖാന്റെ ഭാര്യ സൈബുന, മക്കളായ ഇർഷാദ്, ആരിഫ്, മുബാറക് ,ഇൻസാദ് തുടങ്ങിയവരെ കണ്ട നേതാക്കൾ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. മാതാവ് സൈബുന യുടെ അഭ്യർത്ഥന പ്രകാരം ഇളയ മകൻ ഇൻസാദിന്റെ തുടർ വിദ്യാഭ്യാസത്തിനും, ഇളയ മകളുടെ വിവാഹത്തിനും വേണ്ട സഹായങ്ങൾ നൽകുമെന്ന് നേതാക്കൾ ഉറപ്പു നൽകി. സെഷൻസ് കോടതിയിൽ പ്രതികൾ രക്ഷപ്പെട്ട സാഹചര്യം ചോദിച്ച് മനസിലാക്കിയ നേതാക്കൾ കുടുംബത്തിന്റെ അഭിഭാഷകരെ നേരിൽ കണ്ടു. കേസിന്റെ നിയമനടപടികൾ ഏകോപിപ്പിക്കുന്ന അഡ്വ: അസദ് ഹയാത്തുമായി കൂടിക്കാഴ്ച്ച നടത്തിയ നേതാക്കൾ കേസിന്റെ വിശദാംശങ്ങൾ ചർച്ച നടത്തി. അന്വേഷണ ഘട്ടത്തിൽ ഉദ്യോഗസ്ഥർ വരുത്തിയ ഗുരുതര വീഴ്ചകൾ കേസിനെ ബാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ക്രൂര മർദ്ദനത്തെ തുടർന്നുണ്ടായ ആന്തരിക മുറിവുകളാണ് മരണകാരണം എന്ന് പറയുന്നുണ്ട്. പെഹ് ലു ഖാന്റ മരണ മൊഴിയിൽ പേരെടുത്ത് പറഞ്ഞ ആറു പേർക്കെതിരെ അന്വേഷണം ഉണ്ടായില്ല. അക്രമണത്തിന്റെ ഭൃശ്യങ്ങൾ തെളിവായി സ്വീകരിച്ചില്ല. എന്നിരുന്നാലും വിധിക്കെതിരെ അപ്പീൽ സമർപ്പിക്കും. അഭിഭാഷകരായ നാസിർ നഖ്വി, ഷാഹിദ് ഹസൻ ( രാജസ്ഥാൻ ബാർ കൗൺസിൽ ചെയർമാൻ) എന്നിവരാണ് ജയ്പൂർ ഹൈക്കോടതിയിൽ ഹാജരാവുക. സുപ്രിം കോടതിയിലെ മുതിർന്ന അഭിഭാഷകരും കപിൽ സിബലിന്റെ നിയമ നിർദ്ദേശങ്ങളനുസരിച്ചാണ് അപ്പീൽ തയാറാക്കുന്നത്. തുടർന്നുള്ള നിയമ പോരാട്ടത്തിന് എല്ലാ പിന്തുണയും ഉറപ്പു കൊടുത്താണ് നേതാക്കൾ മടങ്ങിയത്.
സംഘ് പരിവാർ ആൾക്കൂട്ട ഭീകരതക്കെതിരായ രാഷ്ട്രീയ നിയമ പോരാട്ടം യൂത്ത് ലീഗ് കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടു പോകുമെന്ന് സി കെ സുബൈർ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം നിയമപരമായ ഇടപെടലുകൾ നടത്തുന്നവരുടെ വിപുലമായ വേദി രൂപീകരിക്കാൻ മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി മുൻകൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.