ഇയാസ് ചൂരല്‍മല
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ രാഷ്ട്രീയ വിവാദമായി രാജ്യത്ത് ചൂടുപിടിക്കുകയാണ്. ചാരവൃത്തിക്കുവേണ്ടിയുള്ള അതിനൂതന മാല്‍വെയര്‍ സോഫ്റ്റ്‌വെയറാണ് അല്ലെങ്കില്‍ സ്‌പൈവെയറാണ് പെഗാസസ്. ഇസ്രാഈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.എസ്.ഒ കമ്പനിയാണ് ഈ സ്‌പൈവെയര്‍ അഥവാ ചാരവലയം വികസിപ്പിച്ചെടുത്തത്. കംപ്യൂട്ടറുകളും സ്മാര്‍ട്ട് ഫോണുകളും ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തി മറ്റു കക്ഷികള്‍ക്ക് കൈമാറുകയാണ് ഇവരുടെ രീതി. 2016 ലാണ് ആദ്യമായി പെഗാസസ് ചാരവലയം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. യു.എ.ഇയിലെ സാമൂഹിക പ്രവര്‍ത്തകനായ അഹ്‌മദ് മന്‍സൂറിന്റെ ഫോണിലാണ് സംശയാസ്പദമായ മെസേജ് ആദ്യമായി ശ്രദ്ധയില്‍പെട്ടത്. ഇത് അന്താരാഷ്ട്രതലത്തില്‍ വാര്‍ത്തയായിരുന്നു. പിന്നീട് 2019ല്‍ പെഗാസസ് ചാരവലയത്തിന്റെ നിര്‍മാതാക്കളെന്ന നിലയ്ക്ക് എന്‍.എസ്.ഒക്കെതിരെ ഫേസ്ബുക്ക് നിയമനടപടി സ്വീകരിച്ചു.
ഭീകരപ്രവര്‍ത്തനങ്ങളും കുറ്റകൃത്യങ്ങളും കണ്ടെത്താന്‍വേണ്ടി ഭരണകൂടങ്ങളെ സഹായിക്കുക ലക്ഷ്യമിട്ടാണ് സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചതെന്നാണ് എന്‍.എസ്.ഒ അവകാശപ്പെടുന്നത്. ഈയൊരു താല്‍പര്യത്തിനായി ലഭ്യമായതില്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മാല്‍വെയര്‍ വികസിപ്പിച്ചതെന്നും ഇവര്‍ പറയുന്നു. ഭരണകൂടങ്ങള്‍ക്ക് അവര്‍ ലക്ഷ്യമിടുന്നവരെ നിരീക്ഷിക്കാനും ചാരപ്രവര്‍ത്തനം നടത്താനുമുള്ള ആയുധമാണ് പെഗാസസ് എന്ന് നിര്‍മാതാക്കളുടെ വാദത്തില്‍നിന്നുതന്നെ വ്യക്തമാണ്. കൂടാതെ പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചു വികസിപ്പിച്ചതിനാല്‍ ഈ സ്‌പൈവെയറിന് വന്‍ തുക വിലയുമുണ്ട്. നിര്‍മാതാക്കള്‍തന്നെ പറയുന്നത് ഭരണകൂട സംവിധാനങ്ങള്‍ക്കു മാത്രമാണ് ഇപ്പോള്‍ അവര്‍ പെഗാസസ് വില്‍ക്കുന്നതെന്നാണ്.
പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള ചാരപ്രവര്‍ത്തനത്തെ അന്താരാഷ്ട്ര കുറ്റമായി തന്നെയാണ് ആംനസ്റ്റി ഇന്റര്‍നാഷനല്‍ അടക്കമുള്ള മനുഷ്യാവകാശ സംഘടനകള്‍ കാണുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനമായത്‌കൊണ്ടാണല്ലോ ഇസ്രാഈല്‍ സര്‍ക്കാര്‍പോലും പെഗാസസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. ടെല്‍അവീവിലെ എന്‍.എസ്.ഒ ഓഫീസില്‍ റെയ്ഡ് വരെ നടന്നു. ഫ്രാന്‍സ്, ജര്‍മന്‍, ഹംഗറി എന്നീ രാജ്യങ്ങളിലെ സര്‍ക്കാറുകള്‍ അത്യന്തം ഗുരുതരമായ ഒന്നായികണ്ടാണ് പെഗാസസ് ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് അന്വേഷണമാരംഭിച്ചത്. എന്നാല്‍ നമ്മുടെ രാജ്യത്താവട്ടെ ഇതിനെക്കുറിച്ച് ആഴത്തില്‍ പഠനം നടത്താനോ ചര്‍ച്ച ചെയ്യാനോ ഇതുവരെ തയ്യാറായിട്ടില്ലെന്ന് മാത്രമല്ല പെഗാസസ് ഉപയോഗിച്ചുള്ള ചാരപ്രവര്‍ത്തനത്തെ രഹസ്യാന്വേഷണ പ്രവര്‍ത്തനമാണെന്ന ലളിത യുക്തിയില്‍ ന്യായീകരിക്കുകകൂടിയാണ്. പെഗാസസ് ചര്‍ച്ച ചെയ്യാനും നടപടി ആവശ്യപ്പെടാനുമുള്ള ഐ. ടി പാര്‍ലിമെന്ററി സമിതിയുടെ നടപടികളെ ഭരണകക്ഷി എം.പിമാര്‍ അലങ്കോലപ്പെടുത്തി. പാര്‍ലിമെന്ററി സമിതിയുടെ യോഗത്തില്‍ പങ്കെടുത്ത ഭരണകക്ഷി എം.പിമാര്‍ ഹാജര്‍ ബുക്കില്‍ ഒപ്പിടാന്‍ തയ്യാറായില്ല. ക്വാറം തികയാതെ തീരുമാനമെടുക്കാന്‍ യോഗത്തിന് പറ്റാത്ത വിഷമസ്ഥിതി സൃഷ്ടിച്ച് പാര്‍ലമെന്ററി സമിതിയെ അവഹേളിച്ചു. ദേശസുരക്ഷയുമായും പൗരന്മാരുടെ സ്വകാര്യതാ സംരക്ഷണവുമായും ബന്ധപ്പെട്ട വിഷയങ്ങളില്‍ വിശദീകരണം നല്‍കാനുള്ള ഭരണഘടനാപരവും ധാര്‍മികവുമായ ബാധ്യതകളില്‍നിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിര്‍ബന്ധപൂര്‍വം പിന്തിരിപ്പിച്ചു.
എന്‍.എസ്.ഒ നല്‍കിയ വിശദീകരണങ്ങളും ഇന്ത്യന്‍ ഭരണകൂടത്തിന്റെ പ്രവര്‍ത്തങ്ങളും ചേര്‍ത്ത് വായിക്കുമ്പോള്‍ നിസ്സംശയം ഉറപ്പിച്ചു പറയാം ഭരണകൂടത്തിന് പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കൃത്യമായ പങ്കുണ്ടെന്ന്. അല്ലങ്കില്‍പിന്നെ എന്തുകൊണ്ടാണ് മറ്റു രാജ്യങ്ങള്‍പോലും അന്താരാഷ്ട്ര കുറ്റമായി കണ്ട് അന്വേഷണം തുടങ്ങിയിട്ടും നമ്മുടെ ഭരണകൂടം ഗൗരവമേറിയ വിഷയത്തെ ചര്‍ച്ച ചെയ്യാതെ പാര്‍ലമെറ്റില്‍ നാടകം കളിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍നിന്നുണ്ടായ വിധി ആശ്വാസകരമാണ്. ദേശീയ സുരക്ഷാപ്രശ്‌നങ്ങള്‍ ഉന്നയിച്ച് പെഗാസസ് കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍നിന്ന് എല്ലായ്‌പ്പോഴും കേന്ദ്രസര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നാണ് സുപ്രീംകോടതി അഭിപ്രായപ്പെട്ടത്. പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള നിരീക്ഷണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സാങ്കേതിക വിദഗ്ധരുടെ ഒരു സ്വതന്ത്ര സമിതിക്ക് സുപ്രീംകോടതി രൂപം നല്‍കുകയും ചെയ്തു.