X

അഴകായ് വിരിയാന്‍ പീലിക്കണ്ണെഴുതി ആലവട്ടങ്ങളൊരുങ്ങി

കെ.എ. മുരളീധരന്‍
തൃശൂര്‍

ആനപുറത്ത് പീലിവിടര്‍ത്തി വിരിഞ്ഞുനില്‍ക്കുന്ന ആലവട്ടങ്ങള്‍ പൂരത്തിന്റെ മതിവരാ കാഴ്ചയിലൊന്നാണ്. മേളങ്ങളുടെ താളമുറുക്കങ്ങള്‍ക്കനുസരിച്ച് വീശിയാടുന്ന വെഞ്ചാമരത്തിനൊപ്പം നിവര്‍ത്തിപിടിക്കുന്ന ആലവട്ടങ്ങളുടെ ഭംഗി ആരുടെയും മനംകവരും.

പാകത്തിന് വെട്ടിയെടുത്ത മയില്‍പീലിതണ്ടില്‍ നക്ഷത്രവും ശംഖും അടക്കമുള്ള അലങ്കാരങ്ങള്‍ തുന്നിപിടിപ്പിച്ച് വട്ടത്തില്‍ വെട്ടിയ സണ്‍പാക് ഷീറ്റിലാണ് ആലവട്ടം ഒരുക്കുന്നത്. വിവിധ ചിത്രപണികള്‍ക്കൊപ്പം ചുറ്റിലും മയില്‍പീലി കണ്ണുകള്‍, രണ്ടരയടി വിസ്താരത്തിലുള്ള ആലവട്ടത്തിന് ഒരു കിലോ മയില്‍പീലിവേണം. ആലവട്ടത്തിന്റെ ഒരുവശത്തുമാത്രം ഏകദേശം 125 മയില്‍പീലികള്‍ ഉണ്ടാകും. പതിനാഞ്ചനകള്‍ക്ക് വീതം 30 ആലവട്ടങ്ങള്‍ ഒരുക്കണം. തെക്കോട്ടിറക്കത്തില്‍ രണ്ടുവിഭാഗങ്ങളിലുമായി പീലികണ്‍ തുറക്കുക 60 ആലവട്ടങ്ങളാണ്. നടുവിലെ ആനയ്ക്ക് സ്‌പെഷ്യല്‍ ആലവട്ടമായിരിക്കും. കോയമ്പത്തൂരില്‍ നിന്നാണ് പ്രധാനമായും പീലികള്‍ കൊണ്ടുവരുന്നത്. പാറമേക്കാവിനുവേണ്ടി ഇക്കുറിയും ആലവട്ടങ്ങളൊരുക്കുന്നത് ചാത്തനാത്ത് കുടുംബമായ മുരളീധരനാണ്. 32 വര്‍ഷം കോളജ് അധ്യാപകനായി ജോലി ചെയ്ത മുരളീധരന്‍ വളണ്ടിയര്‍ റിട്ടയര്‍മെന്റ് എടുത്താണ് ആലവട്ട നിര്‍മാണത്തില്‍ സജീവമായത്. തിരുവമ്പാടിക്കുവേണ്ടി ആലവട്ടങ്ങള്‍ നിര്‍മിക്കുന്ന സുജിത്തിന് ആലവട്ടങ്ങളുടെ അമരക്കാരനായുള്ള ആദ്യ പൂരമാണ്. ചാത്തനാത്ത് കുടുംബത്തിലെതന്നെ ചന്ദ്രന്റെ മകനാണ് സുജിത്ത്. അച്ഛനില്ലാത്ത ആദ്യ പൂരത്തിന്റെ വേദനകള്‍ക്കിടയിലും അച്ഛന്റെ സല്‍പേര് നിലനിര്‍ത്താനുള്ള ഒരുക്കത്തിലാണ് സുജിത്ത്.

Test User: