ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് ആന്തൂര്‍ നഗരസഭ അധ്യക്ഷ പി കെ ശ്യാമളയുടെ മൊഴിയെടുക്കും. സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ നാല് ഉദ്യോഗസ്ഥരുടേയും മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. വ്യവസായിയുടെ കുടുംബാംഗങ്ങള്‍ ശ്യാമളക്കെതിരെ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസിന്റെ നീക്കം.
നാര്‍ക്കോട്ടിക് ഡിവൈഎസ്പി കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോള്‍ കേസന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ചുമതല ഡിവൈഎസ്പിക്ക് കൈമാറിക്കൊണ്ട് ഇന്നലെ ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയിരുന്നു.
അതേസമയം സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സി.പി.എം കടുത്ത പ്രതിരോധത്തിലായതോടെ രാജി സന്നദ്ധത അറിയിച്ച് ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമള രംഗത്തെത്തി. എന്നല്‍ പാര്‍ട്ടി പറയാതെ രാജിവെക്കാനാവില്ലെന്നും അവര്‍ അറിയിച്ചു. ഇന്നലെ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് യോഗം നടക്കുന്നതിനിടെയാണ് അവര്‍ രാജി സന്നദ്ധത അറിയിച്ചത്. എന്നാല്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. ജൂണ്‍ 30ന് ചേരുന്ന യോഗം ഈ കാര്യം പരിഗണിക്കും.
”എനിക്ക് ഇഷ്ടമുണ്ടെങ്കില്‍ ഇരിക്കാനും അല്ലെങ്കില്‍ ഇറങ്ങിപ്പോകാനും പറ്റില്ല. എന്നെ ഈ സീറ്റിലിരുത്തിയതും ഞാന്‍ പറ്റില്ലെന്നും തീരുമാനിക്കേണ്ടതും പാര്‍ട്ടിയാണ്. സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ തന്റെ ഭാഗത്ത് നിന്ന് വീഴ്ചകള്‍ പറ്റിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ഒന്നും പറയാനില്ല” അവര്‍ പറഞ്ഞു.
ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ ശക്തമായ വിമര്‍ശനമാണ് ഉണ്ടായത്. ഇതിനു പുറമെ കഴിഞ്ഞ ദിവസം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗത്തിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് രാജി സന്നദ്ധത അറിയിച്ചത്.
15 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതില്‍ മനം നൊന്താണ് പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തത്. നൈജീരിയയില്‍ ജോലി ചെയ്ത് മൂന്ന് വര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത് സാജന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണം തുടങ്ങിയത്. തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ച് നീക്കാന്‍ പോലും നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ മനം നൊന്താണ് പ്രവാസി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.