ഹരിയാനയിലെ 7 ജില്ലകളില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചതായി സര്‍ക്കാര്‍. കര്‍ഷക സമരത്തെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്റര്‍നെറ്റ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
വിലക്കേര്‍പ്പെടുത്തി രണ്ടാഴ്ചക്ക് ശേഷമാണ് ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചത്. അംബാല, കുരുക്ഷേത്ര, കൈതാല്‍, ജിന്ദ്, ഹിസാര്‍, ഫത്തേഹാബാദ് എന്നിവിടങ്ങളിൽ ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചതായി സർക്കാർ അറിയിച്ചു.
കർഷകരുടെ ഡല്‍ഹി ചലോ മാർച്ച് തുടങ്ങിയതിന് പിന്നാലെ ഫെബ്രുവരി 11നാണ് സംസ്ഥാനത്ത് ഇന്റർനെറ്റ് വിലക്ക് ഏർപ്പെടുത്തിയത്. പിന്നീട് പല തവണയായി വിലക്ക് നീട്ടിയിരുന്നു. എന്നാല്‍ നിരോധനം ഇനി നീട്ടേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം അർധ രാത്രിയോടെ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
ഖനൗരിയില്‍ പൊലീസുമായി നടന്ന ഏറ്റുമുട്ടലില്‍ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തി അതിര്‍ത്തികളില്‍ മെഴുകുതിരി കത്തിച്ച് ഇന്നലെ കര്‍ഷകര്‍ പ്രതിഷേധിച്ചു. ഫെബ്രുവരി 29 വരെ ശംഭു ഖനൗരി അതിര്‍ത്തികളില്‍ തുടരുമെന്നാണ് കര്‍ഷക സംഘടനകള്‍ അറിയിച്ചിട്ടുള്ളത്.
ഡല്‍ഹി ചലോ മാര്‍ച്ച് താത്കാലികമായി നിര്‍ത്തിവെക്കുകയാണെന്നും ഫെബ്രുവരി 29ന് ശേഷം ബാക്കി തീരുമാനങ്ങള്‍ എടുക്കുമെന്നാണ് കര്‍ഷക നേതാക്കള്‍ അറിയിച്ചത്. അതുവരെ സെമിനാര്‍ ഉള്‍പ്പടെയുള്ള പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം. ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്നത് വരെ സമരം പൂര്‍ണമായി നിര്‍ത്തില്ലെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു.