സുരക്ഷയൊരുക്കാന്‍ കര്‍ണാടക പൊലീസ് ചോദിച്ച തുക കൊടുത്ത് കേരളത്തിലേക്ക് പോകേണ്ടതില്ലെന്ന തീരുമാനവുമായി പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി. പൊലീസ് അകമ്പടിയ്ക്ക് നല്‍കേണ്ട തുകയില്‍ ഇളവ് വരുത്തണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് തീരുമാനം. നീതി നിഷേധത്തോട് ഇനിയും സന്ധി ചെയ്യാനില്ലെന്നും കേരളത്തിലേക്ക് ഇപ്പോള്‍ പോകേണ്ട എന്നാണ് തീരുമാനമെന്നും മഅ്ദനി പ്രതികരിച്ചു. മഅ്ദനി യുടെ ആവശ്യം പരിഗണിക്കാനാകില്ലെന്നും ഇതുസംബന്ധിച്ച കാര്യങ്ങളില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നുമായിരുന്നു സുപ്രീംകോടതിയുടെ നിലപാട്.
മകന്‍ സലാഹുദ്ദീന്‍ അയ്യൂബിയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട ശബ്ദസന്ദേശത്തിലാണ് മഅ്ദനി നിലപാട് വ്യക്തമാക്കിയത്. ഇത്രയും വലിയ തുക കെട്ടിവയ്ക്കാനാവില്ല. ഇത്രയും ഭീമമായ തുക കെട്ടിവച്ചാല്‍ അത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും. തന്നെ സഹായിക്കാന്‍ മനസ്സുള്ള ഒരുപാട് പേരുണ്ട് എന്നത് ബോധ്യപ്പെട്ടതാണ്. എങ്കിലും ഈ നീതി നിഷേധത്തോട് ഇനിയും സന്ധി ചെയ്ത് ഇങ്ങനയൊരു കീഴ്‌വഴക്കം സൃഷ്ടിച്ചാല്‍ നാളെ മറ്റൊരാള്‍ക്ക് ഈ അവസ്ഥ വരും. കഠിനമായ നീതി നിഷേധം അനുഭവിച്ച് ജയിലില്‍ കഴിയുന്ന ഒരുപാട് പേര്‍ ഇവിടെയുണ്ട്. അവര്‍ക്കാണ് ഈ നീതി നിഷേധം സംഭവിക്കുന്നതെങ്കില്‍ ആരും സഹായിക്കാനില്ലാതെ അവര്‍ ജയിലിലില്‍ തന്നെ തുടര്‍ന്നേനെ. അതിനാല്‍ ഈ നിബന്ധനകള്‍ പാലിച്ച് കൊണ്ട് കേരളത്തിലേയ്ക്ക് പോകാന്‍ ഞാന്‍ തയ്യാറല്ല- മഅ്ദനി പറയുന്നു. കേരളത്തിലേക്ക് പോകുന്നതിന് പൊലീസ് അകമ്പടിയുടെ ചെലവായി 20 ലക്ഷം രൂപ മാസം നല്‍കണമെന്നായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെയും പൊലീസിന്റെയും നിലപാട്.
82 ദിവസം കേരളത്തില്‍ തങ്ങുന്നതിനുള്ള സുരക്ഷാ ചെലവാണിതെന്നാണ് കര്‍ണാടകവാദം. എന്നാല്‍ കേരളത്തിലെ സുരക്ഷയൊരുക്കാന്‍ കര്‍ണാടക നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച് ചെലവില്‍ ഇടപെടാന്‍ താത്പര്യപ്പെടുന്നില്ലെന്ന് കോടതി നിലപാടെടുത്തു.
ഇതോടെയാണ് കേരളയാത്രയില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്. കേരളത്തിലേക്ക് വരാന്‍ മഅ്ദനിക്ക് സുപ്രീംകോടതിയാണ് അനുമതി നല്‍കിയത്. കര്‍ണാടക പൊലീസ് സുരക്ഷയൊരുക്കണമെന്ന നിര്‍ദേശവും കോടതി നല്‍കിയിരുന്നു.