X
    Categories: CultureMoreViews

ബി.ജെ.പി ബന്ധം ഉപേക്ഷിക്കാന്‍ മഹബൂബ മുഫ്തിക്കു മേല്‍ പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദം

കഠ്‌വ ബലാത്സംഗ – കൊലപാതക സംഭവങ്ങളെ തുടര്‍ന്ന് ജമ്മു കശ്മീരിലെ പി.ഡി.പി – ബി.ജെ.പി സഖ്യ സര്‍ക്കാറില്‍ പ്രതിസന്ധി. ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പാര്‍ട്ടിയായ പി.ഡി.പിയിലെ പല നേതാക്കളും പാര്‍ട്ടി യോഗത്തില്‍ ആവശ്യപ്പെട്ടു. കഠ്‌വ സംഭവത്തെ തുടര്‍ന്നുള്ള രാഷ്ട്രീയ സ്ഥിതിവിശേഷങ്ങള്‍ വിലയിരുത്തുന്നതിനായി ശനിയാഴ്ച ചേര്‍ന്ന യോഗത്തിലാണ് പി.ഡി.പി നേതാക്കള്‍ ബി.ജെ.പി ബന്ധം വിടണമെന്ന ആവശ്യം ഉന്നയിച്ചത്. പാര്‍ട്ടി അധ്യക്ഷ കൂടിയായ മെഹബൂബ മുഫ്തിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

ബി.ജെ.പിയുമായുള്ള സഖ്യത്തിലൂടെ നേട്ടങ്ങളേക്കാള്‍ കൂടുതല്‍ കോട്ടമാണുണ്ടായതെന്നും പാര്‍ട്ടിയുടെ ജനകീയ അടിത്തറ തകരാന്‍ ഇത് കാരണമായെന്നും പി.ഡി.പി നേതാക്കള്‍ ആരോപിച്ചു. കശ്മീര്‍ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കുക എന്നതായിരുന്നു സഖ്യം ചേരാന്‍ തീരുമാനിച്ചപ്പോള്‍ പി.ഡി.പി മുന്നോട്ടുവെച്ച ആവശ്യം. കേന്ദ്രഭരണം കൈയിലുള്ള ബി.ജെ.പി അത് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ പുരോഗമനപരമായി ഒന്നും സംഭവിച്ചില്ലെന്നു മാത്രമല്ല, സിവിലിയന്മാരെ സൈന്യം വെടിവെച്ചു കൊല്ലുന്ന നിരവധി സംഭവങ്ങളുമുണ്ടായി. കഠ്‌വ സംഭവത്തോടെ പൊതുവികാരം പൂര്‍ണമായും സര്‍ക്കാറിന് എതിരായി – നേതാക്കള്‍ പറഞ്ഞു.

അതേസമയം, നിലവില്‍ സഖ്യം പിരിയേണ്ട എന്നാണ് യോഗം മൊത്തത്തില്‍ തീരുമാനിച്ചത്. ജനങ്ങളുമായി സംവദിക്കുന്നതിനായി മന്ത്രിമാരും പാര്‍ട്ടി നേതാക്കളും ജില്ലാ ആസ്ഥാനങ്ങളില്‍ തങ്ങണമെന്ന് മഹബൂബ മുഫ്തി ആവശ്യപ്പെട്ടു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: