പാകിസ്താന്റെ നായകസ്ഥാനത്തു നിന്നും സര്‍ഫറാസ് അഹ്മദിനെ പുറത്ത് പാക് ക്രിക്കറ്റ് ബോര്‍ഡ്. നായകസ്ഥാനത്തിന് പുറമെ വരാനിരിക്കുന്ന പരമ്പരക്കുള്ള ടീമില്‍ നിന്നും സര്‍ഫറാസിനെ ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ട്. മൂന്നു ഫോര്‍മാറ്റുകളില്‍ മൂന്നു ക്യാപ്റ്റന്മാര്‍ എന്ന തീരുമാനം മുന്‍നിര്‍ത്തിയാണ് ബോര്‍ഡിന്റെ തീരുമാനം്. അതേ സമയം, ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് സര്‍ഫറാസിനെ നീക്കിയതായി ഔദദ്യോഗിക വിവരം പുറത്തുവന്നിട്ടില്ല. ടെസ്റ്റില്‍ അസര്‍ അലിയും ടി20യില്‍ ബാബര്‍ അസവുമാണ് ഇനി പാകിസ്താനെ നയിക്കുകയെന്ന് ബോര്‍ഡ് അറിയിച്ചു.
ഓസ്‌ട്രേലിയക്കെതിരായ പരമ്പരകള്‍ക്കു മുന്നോടിയായാണ് സര്‍ഫറാസിന് നായകസ്ഥാനം നഷ്ടമായത്. 2016ല്‍ ടി20 ക്യാപ്റ്റനായ സര്‍ഫറാസിനു കീഴില്‍ പാകിസ്താന്‍ മികച്ച പ്രകടനം കാഴ്ച വെച്ചതോടെ തൊട്ടടുത്ത കൊല്ലം ടെസ്റ്റ്, ഏകദിന ക്യാപ്റ്റനായും അദ്ദേഹത്തെ നിയമിച്ചു. ഇന്ത്യയെ പരാജയപ്പെടുത്തി ചാമ്പ്യന്‍സ് ലീഗ് നേടി ക്യാപ്റ്റന്‍ സ്ഥാനം ആഘോഷമാക്കിയ സര്‍ഫറാസ് പിന്നീട് മോശമായ പ്രകടനങ്ങളുമായി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. ലോകകപ്പിലെ സര്‍ഫറാസിന്റെ ക്യാപ്റ്റന്‍സി ഏറെ വിമര്‍ശിക്കപ്പെട്ടു. ശ്രീലങ്കക്കെതിരായ പരമ്പര കൂടി അടിയറ വെച്ചതോടെയാണ് സര്‍ഫറാസ് ടീമില്‍ നിന്നു തെറിച്ചത്.