X
    Categories: CultureNewsViews

എന്ത് പ്രഹസനമാണ് സജീ…! കോടിയേരിയെ പരിഹസിച്ച് പി.സി വിഷ്ണുനാഥ്

കോഴിക്കോട്: വാക്ക് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കൊലപാതകം പെരിയയിലെ ഇരട്ടക്കൊലപാതകത്തിന് മറുപടിയായി കോണ്‍ഗ്രസ് ചെയ്തതാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ പരിഹസിച്ച് പി.സി വിഷ്ണുനാഥ് എം.എല്‍.എ. സന്ദേശം സിനിമയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്ന തലക്കെട്ടോടെയാണ് വിഷ്ണുനാഥ് കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സന്ദേശം സിനിമയുടെ പ്രസക്തി വീണ്ടും കൂടുന്നു. 
*************************
സത്യന്‍അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ട് ഒരുക്കിയ ‘സന്ദേശം’ എന്ന സിനിമയില്‍ ഒരു സന്ദേശവുമില്ലെന്ന് തിരക്കഥാകൃത്ത് ശ്യാംപുഷ്‌കരന്‍ ഈയിടെ അഭിപ്രായപ്പെട്ടത് ഏറെ ചര്‍ച്ചയായിരുന്നു. കാലത്തിന് മുമ്പേ സഞ്ചരിച്ച ‘സന്ദേശം’ സിനിമയിലേതുപോലെ, ഒരു അജ്ഞാത മൃതദേഹം ഉപയോഗിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എങ്ങനെ ഹര്‍ത്താല്‍ നടത്താമെന്ന് ഈയിടെയും കാണിച്ചുവെന്നതാണ് അതിന്റെ പ്രസക്തിയെന്നാണ് നടന്‍ ഹരീഷ് പേരടി ആ പരാമര്‍ശത്തിന് നല്‍കിയ മറുപടി.

”എന്നാലും എന്റെ ഗോപാലന്‍കുട്ടി നായരേ അങ്ങേക്ക് ഈ ഗതികേട് വന്നല്ലോ” എന്ന് കവലയില്‍ കിടക്കുന്ന, തനിക്ക് അജ്ഞാതനായ ഒരാളുടെ മൃതദേഹത്തിന് മുമ്പില്‍ നിന്ന് വിലപിക്കുന്ന മാമുക്കോയയുടെ കഥാപാത്രത്തെപ്പോലെ കോമഡിയായി മാറുകയാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഡല്‍ഹിയില്‍ കാണിച്ച വിലാപം.

അസ്വാഭിവകമായ ഒരു മരണവും ന്യായീകരണമില്ലാത്ത പാതകമാണ്; ചോരക്കറ പുരണ്ട ഏതൊരു കരവും ശിക്ഷിക്കപ്പെടണം. ശനിയാഴ്ച കൊല്ലം വളവുപച്ച മഹാദേവര്‍കുന്ന് സജീന മന്‍സിലില്‍ ബഷീറെന്ന എഴുപത്തിരണ്ടുകാരന്‍ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് നാട്ടുകാരന്റെ കുത്തേറ്റ് മരിച്ച സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. ആ കുടുംബത്തിന്റെ ദു:ഖത്തില്‍ ചേരുന്നതിന് പകരം ആ കൊലപാതകത്തെ ഇത്ര വികലമാക്കി രാഷ്ട്രീയവത്കരിക്കാനാണ് കോടേയിരിയും സി പി എമ്മും ശ്രമിക്കുന്നത്. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തിനുള്ള കോണ്‍ഗ്രസിന്റെ തിരിച്ചടിയാണ് ചിതറ കൊലപാതകമെന്ന കോടിയേരിയുടെ പരാമര്‍ശം നിലവാരത്തകര്‍ച്ച മാത്രമല്ല സമീപകാലത്ത് കേട്ട ഏറ്റവും വലിയ ഹാസ്യം കൂടിയാണ്. കാസര്‍ഗോഡ് രാഷ്ട്രീയ നേതാക്കള്‍ ക്രിമിനല്‍ സംഘത്തിന്റെ സഹായത്തോടെ രണ്ട് പ്രവര്‍ത്തകരെ വെട്ടിക്കൊന്നതിന് കൊല്ലത്ത് വയോധികനായ ഒരാളെ കൊന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചുവെന്നൊക്കെ പറയാനുള്ള തൊലിക്കട്ടി കോടിയേരിക്കേ കാണൂ. പി ബി അംഗം എം എ ബേബിയും സമാനമായ പ്രസ്താവന നടത്തി തങ്ങളുടെ കൈയില്‍ പുരണ്ട രക്തക്കറ മായ്ച്ചുകളയാന്‍ ശ്രമിച്ചിരുന്നു.

എന്നാല്‍ കൊലയ്ക്ക് പിന്നില്‍ മരച്ചീനി കൊടുക്കാത്തതിലുള്ള തര്‍ക്കമെന്നും വ്യക്തി വൈരാഗ്യമെന്നും പോലീസ് എഫ് ഐ ആറില്‍ പറയുന്നു; കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയമില്ലെന്നും നേരത്തെ ബഷീറിന്റെ സഹോദരനെയും പ്രതി കുത്തിയിട്ടുണ്ടെന്നും ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു; ഇരട്ടപ്പേര് വിളിച്ചതോടെയാണ് തര്‍ക്കമുണ്ടായതെന്ന് മാധ്യമങ്ങള്‍ പറയുന്നു; പ്രാദേശികമായ സി പി എം പ്രവര്‍ത്തകര്‍ തന്നെ അതൊരു രാഷ്ട്രീയ കൊലപാതകമല്ലെന്ന് സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ ഉറപ്പിച്ച് പറയുന്നുണ്ട് (ചില സ്‌ക്രീന്‍ഷോട്ടുകള്‍ ഇതോടൊപ്പം ചേര്‍ക്കാം). …വസ്തുത ഇതായിരിക്കെ കോടിയേരിക്ക് മാത്രമാണ് അതൊരു രാഷ്ട്രീയ തിരിച്ചടിയായത്. 
രക്തസാക്ഷികളുടെ എണ്ണം കൂട്ടാന്‍ ഈ പാര്‍ട്ടി ഏതറ്റം വരെ പോകുമെന്നതിന്റെ പ്രത്യക്ഷ ദൃഷ്ടാന്തമാണ് കോടിയേരിയുടെ വാക്കുകള്‍. 
മലയാളികള്‍ ഇതെല്ലാം കേട്ട് പരിഹസിക്കുന്നത് കോടിയേരി കാണുന്നുണ്ടോ ആവോ. 
എന്ത് പ്രഹസനമാണ് സജീ…!

ചന്ദ്രിക വെബ് ഡെസ്‌ക്‌: