X

പരിമിതികളെ മറികടന്ന പ്രവര്‍ത്തനാവേശം; ഖഫീലിന്റെ സ്‌നേഹം നുകര്‍ന്ന് ഷഫീഖ്

പി.സി.ഷഫീഖ് തന്റെ സ്‌പോണ്‍സര്‍ സലാഹ് അലി അല്‍ മാരിക്ക് ചന്ദ്രിക പത്രം സമ്മാനിക്കുന്നു

സമീര്‍ പൂമുഖം

ദോഹ: പരിമിതികളെ മറികടന്ന് ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങളിലൂടെ അറബികളുടെ മനംകവര്‍ന്ന മലയാളിയാണ് പി.സി ഷഫീഖ്. സംസാരശേഷിയും കേള്‍വിയും കുറവായ ഷഫീഖ് ജോലിയില്‍ പ്രകടിപ്പിക്കുന്ന മികവും ആവേശവും ആ പരിമിതികളെ തോല്‍പ്പിക്കുന്നതാണ്. എട്ട് വര്‍ഷത്തോളമായി ഖത്തറില്‍ ജോലി ചെയ്യുകയാണ് കുറ്റ്യാടി സ്വദേശിയായ ഷഫീഖ്.

ഊര്‍ജ്വസ്വലമായ പ്രവര്‍ത്തനവും ആവേശം നിറഞ്ഞ ഇടപെടലുകളുമാണ് ഷഫീഖിനെ ഖഫീലിന്റെ ഇഷ്ടക്കാരനാക്കിയത്. മകനോടെന്ന പോലുള്ള സ്‌നേഹ വാത്സല്യമാണ് ഖഫീല്‍ സലാഹ് അലി അല്‍മാരിയില്‍ നിന്നും ഷഫീഖിന് ലഭിക്കുന്നത്. സ്‌പോണ്‍സറുടെ വീട്ടിലെ എല്ലാം ചടങ്ങിലും വീട്ടുകാരനെ പോലെ ഷഫീഖുമുണ്ടാകും. ഖഫീലിന് കൂടെ യാത്ര ചെയ്യാന്‍ ഷഫീഖ് തന്നെ വേണം. അതുവഴി ഖത്തറില്‍ നിന്നും രണ്ട് പ്രാവശ്യം ഉംറ നിര്‍വഹിക്കാന്‍ ഷഫീഖിന് ഭാഗ്യം ലഭിച്ചു.
കേള്‍വി കുറവായതിനാല്‍ ഖഫീലിന്റെ താല്പര്യത്താല്‍ ഖത്തര്‍ സര്‍ക്കാര്‍ നല്‍കുന്ന ഒന്നര ലക്ഷത്തോളം വിലവരുന്ന കേള്‍വിയുപകരണം ഷഫീഖിന് ലഭിച്ചു. ഷഫീഖിന്റെ ഊര്‍ജലസ്വലമായ പ്രവത്തനത്തെക്കുറിച്ച് ഖത്തര്‍ അറബ് പത്രം സ്റ്റോറി പ്രസിദ്ധീകരിച്ചിരുന്നു.

നാട്ടില്‍ നിന്നും സുഹൃത്തുക്കള്‍ ഖത്തറിലെത്തിയാല്‍ അവരെ വിവിധ സ്ഥലങ്ങള്‍ കാണിക്കാന്‍ ഷഫീഖ് മുന്നിയിലുണ്ടാവും. സുഹുത്തുകള്‍ക്ക് ഖഫീലിനെ പരിചയപ്പെടുത്താനും ഷഫീഖ് സമയം കണ്ടെത്തും. മുസ്‌ലിംലീഗിന്റെയും കെ.എം.സി.സി.യുടെയും സജീവ പ്രവര്‍ത്തകനായ ഷഫീഖിന് മുസ്‌ലിംലീഗ് നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്.

നേതാക്കള്‍ ഖത്തറിലെത്തുമ്പോള്‍ ഷഫീഖ് സ്വന്തമായി വാഹനം ഓടിച്ച് കാണാനെത്തും. ഷഫീഖിന്റെ കഴിവും ആവേശവും കണ്ട് ഒരിക്കല്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി പ്രത്യകം അഭിനന്ദനിക്കുകയും വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഖത്തറില്‍ നടക്കുന്ന കെ.എം.സി.സിയുടെ പരിപാടികളിലും ആവേശത്തോടെയാണ് ഷഫീഖ് എത്തുന്നത്. അവധിക്ക് നാട്ടില്‍ എത്തിയാലും ഷഫീഖിന് വിശ്രമമില്ല. നാട്ടിലെ ജീവകാരുണ്യ, സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളിലും ഷഫീഖിന്റെ ആവേശ സാന്നിധ്യമുണ്ടാവും.

കുറ്റ്യാടി നിട്ടൂരിലെ പരേതനായ പലോള്ളതില്‍ അമ്മതിന്റെയും സാറയുടെയും മകനാണ് ഷഫീഖ്. കുറ്റ്യാടി പഞ്ചായത്ത് കെ.എം.സി.സി. ജന.സെക്രട്ടറി പി.സി ഷരീഫ് സഹോദരനാണ്. സഹോദരി സഫീറ.

chandrika: