തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ അട്ടിമറിച്ച് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി മുഖ്യമന്ത്രിയാവാന്‍ ശ്രമിച്ചതായി പി.സി ജോര്‍ജ്ജ് എം.എല്‍.എ. ഇതുസംബന്ധിച്ച് എല്‍.ഡി.എഫുമായി ചര്‍ച്ച നടന്നതായി അദ്ദേഹം പറഞ്ഞു. മാണിയെ യുഡിഎഫ് മുഖ്യമന്ത്രിയാക്കാമെന്നും ജോസ് കെ മാണിയെ കേന്ദ്ര സഹമന്ത്രിയാക്കാമെന്നും കോണ്‍ഗ്രസ് അഖിലേന്ത്യാ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി വാഗ്ദാനം ചെയ്തപ്പോഴാണ് നീക്കത്തില്‍ നിന്ന് പിന്മാറിയത്. സിപിഎമ്മിലെ ഉന്നത നേതാക്കളുടെ നടത്തിയ ചര്‍ച്ചക്ക് മധ്യസ്ഥം വഹിച്ചത് താനായിരുന്നുവെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. മാതൃഭൂമി ന്യൂസാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. താന്‍ ചീഫ് വിപ്പായിരുന്ന സമയത്താണ് ഇത്തരമൊരു നീക്കമുണ്ടായത്. സിപിഎം നേതാക്കളുമായി താന്‍ നേരിട്ടാണ് ചര്‍ച്ച നടത്തിയത്. എന്നാല്‍ ജോസ് കെ മാണിയുടെ ഇടപെടലാണ് അന്ന് ചര്‍ച്ച വഴിതിരിച്ചുവിട്ടതെന്ന് പിസിജോര്‍ജ്ജ് പറഞ്ഞു.