കോട്ടയം: കൊച്ചയില്‍ നടി ആക്രമിക്കപ്പെട്ട ഗൂഢാലോചനക്കേസില്‍ ദിലീപിനെ അനുകൂലിച്ച് വീണ്ടും പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജ് രംഗത്ത്. അന്വേഷണ ഉദ്യോഗസ്ഥരെ വിമര്‍ശിച്ചും പരിഹസിച്ചുമാണ് പി.സി ജോര്‍ജ്ജ് ദിലീപിന് പിന്തുണ നല്‍കിയത്. ദിലീപിനെ കുടുക്കിയത് കുറെ വട്ടിളകിയ ഉദ്യോഗസ്ഥരാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രമുഖ പാര്‍ട്ടി നേതാവും മകനും ദിലീപിന്റെ മുന്‍ ഭാര്യയും എ.ഡി.ജി.പി ബി സന്ധ്യയും ചേര്‍ന്നുള്ള ഗൂഢാലോചനയാണ് ഇതിനു കാരണമായത്. എക്‌സിബിറ്റേഴ്‌സ് സംഘടനയുടെ നേതാവാകാന്‍ നടക്കുന്ന ഒരാളുടെ പിന്തുണ ഇവര്‍ക്കുണ്ട്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ ഗൗരവത്തോടെ കണ്ടിട്ടില്ല. കൂറെ വട്ടിളകിയ ആളുകളാണ് അന്വേഷണസംഘത്തിലുള്ളത്. ഏറ്റവും മാന്യമായ പൊലീസ് സേനയുള്ള കേരളത്തില്‍ ഒരുകൂട്ടം വട്ടിളകിയ പൊലീസ് ഉദ്യോഗസ്ഥര്‍ ഇറങ്ങിതിരിച്ചിട്ടുണ്ട്. സിനിമയില്‍ ദിലീപിനുണ്ടായ വളര്‍ച്ച പലരെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിന്ന ദിലീപ് കഠിനാധ്വാനം കൊണ്ടാണ് സിനിമാ ലോകം പിടിച്ചടക്കിയത്. മമ്മൂട്ടിയെക്കാളും മോഹന്‍ലാലിനെക്കാളും ഉയരത്തില്‍ ദിലീപ് എത്തിയിട്ടുണ്ട്. ദിലീപ് ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചാല്‍ അദ്ദേഹത്തിന്റെ നന്മ തിരിച്ചറിയാവുന്നതാണ്. 80ഓളം വീടുകളാണ് ദിലീപ് പാവങ്ങള്‍ക്കു വെച്ചു നല്‍കിയത്. എട്ടു ലക്ഷം രൂപയില്‍ അധികം ചെലവ് വരുന്ന വീടുകളാണ് ഇവയെല്ലാം. എന്നാല്‍ ഇതൊന്നും ആരും പുറത്ത് പറയുന്നില്ല. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ ബന്ധമുണ്ടെന്ന് പറയാന്‍ പൊലീസ് നാദിര്‍ഷായെ നിര്‍ബന്ധിക്കുകയാണ്. എന്നാല്‍ അത് നടക്കാതെ വന്നപ്പോള്‍ പൊലീസ് നാദിര്‍ഷായെയും ഭീഷണിപ്പെടുത്തുകയാണ്. കോടതി ദിലീപിന് ജാമ്യം അനുവദിക്കണം. അല്ലെങ്കില്‍ ജാമ്യം നിഷേധിക്കാനുള്ള കാരണം വെളിപ്പെടുത്തണമെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.