X

കന്യാസ്ത്രീക്കെതിരായ അധിക്ഷേപം; ‘വേശ്യ’ എന്ന പദം തെറ്റായിപ്പോയി; മലക്കം മറിഞ്ഞ് പി.സി ജോര്‍ജ്ജ്

കോട്ടയം: കന്യാസ്ത്രീക്കെതിരായ പരാമര്‍ശം തെറ്റായിപ്പോയെന്ന് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. കന്യാസ്ത്രിക്കെതിരായി മോശം വാക്ക് ഉപയോഗിച്ചത് തെറ്റായി പോയിയെന്ന് പിസി ജോര്‍ജ് പറഞ്ഞു. ഒരു സ്ത്രീക്കെതിരെയും അത്തരത്തില്‍ ഒരു പരാമര്‍ശം നടത്തരുതായിരുന്നുവെന്ന് ഒരു വാര്‍ത്താ ചാനലിനോട് പി.സി ജോര്‍ജ്ജ് പ്രതികരിച്ചു.

കോട്ടയം പ്രസ് ക്ലബിലെ വാര്‍ത്താസമ്മേളനത്തില്‍ താന്‍ ആ കന്യാസ്ത്രിക്കെതിരെ നടത്തിയ പരാമര്‍ശം തെറ്റായി പോയി. അതില്‍ മാപ്പു പറയുകയാണ്. വേശ്യ എന്ന പദപ്രയോഗം നടത്താന്‍ പാടില്ലായിരുന്നു. ആ വാക്കുണ്ടാക്കുന്ന വേദന ഞാന്‍ തിരിച്ചറിയുകയാണ്. എന്നാല്‍, ഈ പദപ്രയോഗം ഒഴിച്ച് താന്‍ പറഞ്ഞ എല്ലാ കാര്യങ്ങളിലും ഉറച്ചു നില്‍ക്കുകയാണ്. താന്‍ അവരെ കന്യാസ്ത്രീയായി കൂട്ടുന്നില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.

പി.സി ജോര്‍ജിനെതിരെ കേസെടുത്തേക്കുമെന്ന് സൂചനയുണ്ടായിരുന്നു. അപകീര്‍ത്തികരമായ പ്രസ്താവന സംബന്ധിച്ച് പൊലീസ് കന്യാസ്ത്രീയുടെ മൊഴിയെടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കന്യാസ്ത്രീ അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്ന് മൊഴിയെടുക്കാതെ ഇന്നലെ മടങ്ങുകയായിരുന്നു. ബിഷപ്പിന്റെ അറസ്റ്റിനുശേഷം പി.സി.ജോര്‍ജിനെതിരെ നീങ്ങുമെന്നാണ് സൂചന.

പീഡനത്തിനിരയായ കന്യാസ്ത്രീയെ വേശ്യയെന്ന് വിളിച്ചാണ് പി.സി ജോര്‍ജ് അപമാനിച്ചത്. കഴിഞ്ഞ ദിവസം കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കന്യാസ്ത്രീക്കെതിരെ ജോര്‍ജ് അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ബന്ധുക്കള്‍ കോടനാട് വലിയ വീടും ഷോപ്പിംഗ് കോംപ്ലക്‌സും വെച്ചത് വെറും മൂന്ന് കൊല്ലം കൊണ്ടാണ്. ബിഷപ്പിനെതിരായ പരാതിയില്‍ കന്യാസ്ത്രീക്ക് വേണ്ടി സമരത്തിനിറങ്ങിയ കന്യാസ്ത്രീകള്‍ സഭയില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നുവരാണെന്നും പി.സി.ജോര്‍ജ് ആരോപിച്ചിരുന്നു.

പീഡനപരാതിയില്‍ കൃത്യമായി തെളിവില്ലാതെ പി.കെ.ശശി എംഎല്‍എക്കെതിരെ കേസെടുക്കരുതെന്നും നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഇരയാണെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു.

chandrika: