കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയേയും ബിഷപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് കൊച്ചിയില്‍ സമരം ചെയ്യുന്ന കന്യാസ്ത്രീമാരേയും അധിക്ഷേപിച്ച് പി.സി ജോര്‍ജ് എം.എല്‍.എ. കന്യാസ്ത്രീക്ക് പരാതി ഉണ്ടായിരുന്നുവെങ്കില്‍ ആദ്യം പീഡനം നടന്നപ്പോള്‍ തന്നെ പറയണമായിരുന്നു. ഇരയായെന്ന് പറയുന്ന കന്യാസ്ത്രീയ്ക്ക് തിരുവസ്ത്രം അണിയാന്‍ യോഗ്യതയില്ല, ബിഷപ്പിന് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം. അവര്‍ പരിശുദ്ധകളാണോ എന്ന് അപ്പോള്‍ അറിയാമെന്നും പി.സി ജോര്‍ജ് എം.എല്‍.എ ആക്ഷേപിച്ചു.
പീഡിപ്പിക്കപ്പെട്ടെന്ന കന്യാസ്ത്രീയുടെ ആരോപണങ്ങള്‍ പരിശോധിക്കണം. അവര്‍ തെറ്റായ വഴിയിലുടെ സഞ്ചരിക്കുന്നവരാണ്. ഒരാള്‍ രണ്ടുവര്‍ഷത്തോളമായി ലൈംഗികമായി പീഡിപ്പിച്ചു എന്നു പറയുന്നവരെ എന്താണ് വിളിക്കേണ്ടതെന്ന് അറിയാം. കന്യാസ്ത്രീക്ക് പരാതി ഉണ്ടായിരുന്നുവെങ്കില്‍ ആദ്യം പീഡനം നടന്നപ്പോള്‍ തന്നെ പറയണമായിരുന്നു. പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം പരാതി നല്‍കിയത് എന്തുകൊണ്ടാണെന്നും പി.സി ജോര്‍ജ് ചോദിച്ചു. പീഡനത്തിന് ഇരയായെന്ന് പറയുന്ന കന്യാസ്ത്രീയ്ക്ക് തിരുവസ്ത്രം അണിയാന്‍ യോഗ്യതയില്ല. പീഡനം നടന്നദിവസം തന്നെ അവര്‍ കന്യകയല്ലാതായിയെന്നും അദ്ദേഹം പറഞ്ഞു.കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് പിസി ജോര്‍ജ് വിവാദ പരാമര്‍ശം നടത്തിയത്.
ആരോപണ വിധേയനായ ബിഷപ്പ് നല്ല വ്യക്തിയാണെന്ന അഭിപ്രായം തനിക്കില്ല. എന്നാല്‍ അദ്ദേഹം ഇത്തരത്തില്‍ സമീപിച്ചെന്ന പറയുന്നത് ഇവരോട് മാത്രമാണ്. കന്യാസ്ത്രീയുടെ സ്വഭാവത്തിന്റെ ഫലമാണിത്. 13 തവണ പീഡിപ്പിച്ചെന്നാണ് പരാതി. 12 തവണയുടെ അവര്‍ക്ക് പരാതിയുണ്ടായില്ല. ഒരുതവണ മാത്രമാണ് ബലാല്‍സംഗം നടന്നത് ഇതെങ്ങനെ ശരിയാവുമെന്നും പിസി ചോദിക്കുന്നു.
ഒരു കന്യാസ്ത്രീ ക്രിസ്തുവിന്റെ മാതാവിനെ പോലെയാണ്. അവരുടെ കന്യകാത്വം നഷ്ടപ്പെട്ടാല്‍ അവരെ സന്യാസിനിയായി കണക്കാക്കാനാവില്ലെന്നും പി സി ജോര്‍ജ്ജ് പ്രതികരിച്ചു. ബിഷപ്പിനെ ന്യായീകരിക്കില്ല, എന്നാല്‍ ലൈംഗികാതിക്രമ നിയമം ദുരുപയോഗം ചെയ്യുകയാണ്. ബിഷപ്പിനെതിരെ അന്വേഷണം നടത്തുന്നത് പൊലീസിന് വേറെ പണിയില്ലാത്തത് കൊണ്ടാണ്. പുരുഷന്മാരെ കുടുക്കാന്‍ സ്ത്രീകള്‍ നിയമം ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ജോര്‍ജ് അഭിപ്രായപ്പെട്ടു.
ബിഷപ്പ് തെറ്റ് ചെയ്തിട്ടില്ലെന്ന അഭിപ്രായമില്ല. പക്ഷേ ബിഷപ്പിനേയും കന്യാസ്ത്രീയേയും തൂക്കി നോക്കിയാല്‍ ബിഷപ്പിന്റെ തട്ട് താഴ്ന്ന് തന്നെ ഇരിക്കും. കന്യാസ്ത്രീയെ പീഡിപ്പിച്ചെങ്കിലും ബിഷപ്പും ളോഹ ഊരണമെന്ന് ജോര്‍ജ് പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു. സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അവര്‍ പരിശുദ്ധകളാണോയെന്ന് അറിയാമെന്നായിരുന്നു പി.സി ജോര്‍ജിന്റെ വിവാദ പരാമര്‍ശം.