X

കാന്റീന്‍ ജീവനക്കാരനെ പി.സി ജോര്‍ജ്ജ് മര്‍ദ്ദിച്ചെന്ന്

എം.എല്‍.എ ഹോസ്റ്റല്‍ കാന്റീന്‍ ജീവനക്കാരനെ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ് മര്‍ദിച്ചതായി പരാതി. എം.എല്‍.എ ഹോസ്റ്റലിലെ കഫേ കുടുംബശ്രീ ജീവനക്കാരനായ വട്ടിയൂര്‍ക്കാവ് സ്വദേശി മനു (22)വിനാണ് മര്‍ദനമേറ്റത്. ഇന്നലെ ഉച്ചക്കാണ് സംഭവം. ഊണ് കൊണ്ടുവരാന്‍ വൈകിയതിന്റെ പേരില്‍ പി.സി ജോര്‍ജ് മുഖത്തടിച്ചുവെന്നാണ് പരാതി. കണ്ണിനും ചുണ്ടിനും പരിക്കുണ്ട്. എം.എല്‍.എയും പി.എയും ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് മനു പറഞ്ഞു. എന്നാല്‍ ആരോപണം പി.സി ജോര്‍ജ് നിഷേധിച്ചു. ജീവനക്കാരന്‍ ജനറല്‍ ആസ്പത്രിയില്‍ ചികിത്സ തേടി. നിയമസഭാ സെക്രട്ടറിയേറ്റിന് പരാതി നല്‍കുമെന്നും മനു പറഞ്ഞു.

കാന്റീനിലുണ്ടായിരുന്നത് പുതിയ ആളുകളായതിനാല്‍ തന്നോട് ചോറ് കൊണ്ടുപോകാന്‍ പറയുകയായിരുന്നുവെന്ന് മനു പറയുന്നു. തിരക്കായതിനാല്‍ അല്‍പം വൈകിയാണ് അവിടെയെത്തിയത്. അവിടെ ചെന്നപ്പോള്‍ പി.സി ജോര്‍ജ് ഒരു വനിത സ്റ്റാഫിനെ വിളിച്ച് ചീത്ത വിളിക്കുന്നതാണ് കേട്ടത്. തന്നെ കണ്ടപ്പോള്‍ ഫോണ്‍ കട്ട് ചെയ്ത് അടുത്തേക്ക് വിളിച്ചു. ചീത്ത വിളിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞതായും അവിടെ തിരക്കായതുകൊണ്ടാണ് താമസിച്ചതെന്നും എം.എല്‍.എയോട് പറഞ്ഞതായും മനു വിശദീകരിക്കുന്നു. അപ്പോഴേക്കും എം.എല്‍.എ എഴുന്നേറ്റ് വന്നു അടിച്ചു. പിന്നാലെ പി.എയും രണ്ട് മൂന്നടിയടിച്ചു. പിന്നെ ഡ്രൈവര്‍ വന്ന് പിടിച്ചുമാറ്റി. ഇനിയിവിടെ നില്‍ക്കേണ്ടെന്നു പറഞ്ഞതായും മനു പറഞ്ഞു.

എന്നാല്‍ ലോകത്താരും വിശ്വസിക്കാത്ത ആരോപണമാണ് തനിക്കെതിരെ ഉന്നയിക്കുന്നതെന്ന് പി.സി ജോര്‍ജ് പറഞ്ഞു. ഊണിനായി നാലു തവണയോളം ഫോണില്‍ വിളിക്കേണ്ടിവന്നു. അവസാനം 40 മിനിറ്റ് വൈകിയാണ് ഊണ് കൊണ്ടുവന്നത്. വൈകിയതിനെ കുറിച്ച് അവനോട് കടുത്ത ഭാഷയില്‍ സംസാരിച്ചുവെന്നത് നേരാണ്. അല്ലാതെ തല്ലിയിട്ടില്ല. ഒരാള്‍ക്ക് ഊണ് ചോദിച്ചിട്ട് നാല് പേര്‍ക്കാണ് കൊണ്ടുവന്നത്. അതുകണ്ടപ്പോള്‍ മറ്റാരുടെയോ ചോറല്ലേ… അവര്‍ക്ക് കൊണ്ടുകൊടുക്കെടായെന്ന് കടുപ്പിച്ച് പറഞ്ഞു. പോടായെന്ന് പറഞ്ഞത് അവന് ഇഷ്ടപ്പെട്ടില്ല. മോശമായിട്ടാണ് അവന്‍ പെരുമാറിയത്. സംഭവത്തെ കുറിച്ച് സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

chandrika: