കോഴിക്കോട്: പയ്യോളി മനോജ് വധവുമായി ബന്ധപ്പെട്ട് പോലീസ് ആദ്യ കുറ്റപത്രത്തില്‍ പ്രതിചേര്‍ക്കപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകന്‍ സി.പി.എമ്മിനെതിരേ രംഗത്തെത്തിയത് നേതൃത്വത്തിന് കൂടുതല്‍ തലവേദനയായി. പാര്‍ട്ടിയിലെ വിഭാഗീയതമൂലം നിരപരാധിയായ താനടക്കമുള്ളവരെ കേസില്‍ പ്രതി ചേര്‍ക്കുകയായിരുന്നുവെന്ന് മൂന്നാം പ്രതിയായിരുന്ന ബിജു വടക്കയിലിന്റെ വെളിപ്പെടുത്തലാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത്.
അതേസമയം, റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സി.ബി.ഐ ഉന്നയിച്ച വസ്തുതകള്‍ നിഷേധിക്കാനാവാത്ത നിലയിലാണ് സി.പി.എം. മനോജ് വധം തീര്‍ച്ചയായും രാഷ്ട്രീയ കൊലപാതകമായിരുന്നുവെന്നും സി.പി.എം നേതൃത്വം വളരെ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നും സി.ബി.ഐ കോടതിയില്‍ ഹാജരാക്കിയ രേഖയില്‍ പറയുന്നു. പയ്യോളി, കൊയിലാണ്ടി ഏരിയാകമ്മിറ്റികളുടെ നേതൃത്വത്തിലാണ് മനോജ് വധം ആസൂത്രണം ചെയ്തതെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. വിവിധ ബ്രാഞ്ചുകളില്‍ നിന്നുള്ള തെരഞ്ഞെടുത്ത പ്രവര്‍ത്തകരെയാണ് ഇതിന് നിയോഗിച്ചതെന്നും സി.ബി.ഐ പറയുന്നു. ടി.പി ചന്ദ്രശേഖരന്‍, അരിയില്‍ ഷുക്കൂര്‍, ഫൈസല്‍ എന്നിവരെ കൊലപ്പെടുത്തിയതിന് സമാനമാണ് മനോജ് വധം എന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ജില്ലാ, സംസ്ഥാന നേതൃത്വങ്ങളുടെ അറിവോടെയാണ് കൊലപാതകം നടത്തിയത്് എന്നാണ് സി.ബി.ഐ പറയുന്നത്. പ്രതികളെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ട സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും നടക്കും.
പാര്‍ട്ടി നേതാക്കളെ കളളക്കേസില്‍ കുടുക്കുകയാണെന്ന സി.പി.എം ആരോപണം സി.ബി.ഐ തള്ളി. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നതെന്ന് സി.ബി.ഐ വിശദീകരിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം, ബിജുവിന്റെ വെളിപ്പെടുത്തല്‍ തള്ളാനും കൊള്ളാനും ആകാതെ അങ്കലാപ്പിലാണ് സി.പി.എം. പയ്യോളി മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും ഡി.വൈ.എഫ്‌ഐ മുന്‍ ബ്‌ളോക്ക് ജോയിന്റ് സെക്രട്ടറിയുമാണ് ബിജു.
സി.ബി.ഐ നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്ന് ബിജു പറഞ്ഞു. പാര്‍ട്ടിക്കെതിരെ ആരോപിക്കപ്പെട്ട പല കാര്യങ്ങളും ശരിവക്കുന്ന വിധത്തിലാണ് ഇപ്പോഴത്തെ അറസ്റ്റ്. പാര്‍ട്ടിക്കു താല്‍പര്യമില്ലാത്ത ആളുകളെയാണ് അന്ന് കേസില്‍ പ്രതിയാക്കിയത്.പോലസിനു നേരത്തെ കിട്ടിയ ലിസ്റ്റ് പ്രകാരമാണ് അറസ്റ്റ് നടത്തിയത്. പാര്‍ട്ടിക്ക് അകത്തും പുറത്തും താന്‍ തെറ്റിനെ ചോദ്യം ചെയ്തിരുന്നു. വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.കുറേ കാലമായി പയ്യോളിയിലെ പാര്‍ട്ടിക്കകത്ത് വിഭാഗീയത നിലനില്‍ക്കുന്നുണ്ടായിരുന്നു. ഈ വിഭാഗീയത ചിലര്‍ മുതലെടുക്കുകയായിരുന്നുവെന്ന് ബിജു പറഞ്ഞു.ആ കാലഘട്ടത്തില്‍ പയ്യോളിയില്‍ നടന്ന ചര്‍ച്ചകള്‍ ശരിവയ്ക്കുന്ന വിധത്തിലാണ് അറസ്റ്റ്. ഇപ്പോഴത്തെ അറസ്റ്റിനുശേഷം കാര്യങ്ങളില്‍ വ്യക്തത വന്നു. ക്രൈംബ്രഞ്ചും സി.ബി.ഐയും തന്നെ വിളിപ്പിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞൂ.
മനോജ് വധക്കേസില്‍ മൂന്നാം പ്രതിയായാണ് ലോക്കല്‍ പോലീസിന്റെ കുറ്റപത്രത്തില്‍ ബിജുവിനെ ഉള്‍പ്പെടുത്തിയിരുന്നത്. പതിനാല് പേരായിരുന്നു പ്രതികള്‍. കോഴിക്കോട് ജില്ലാ കോടതിയില്‍ വിചാരണ തുടങ്ങാനിരിക്കെ ഇവര്‍ പാര്‍ട്ടി നേതൃത്വത്തിനെതിരേ വെളിപ്പെടുത്തലുമായി രംഗത്തെത്തിയതോടെയാണ് കേസിന്റെ ഗതി മാറിയത്.ക്രൈംബാഞ്ച് കേസ് അനേഷണം ഏറ്റെടുത്തപ്പോള്‍ ഇവര്‍ക്കെല്ലാം ജാമ്യം ലഭിച്ചു.പിന്നീട് സി.ബി.ഐ കേസ് ഏറ്റെടുത്തതോടെ ആദ്യ കുറ്റപത്രം റദ്ദാക്കുകയായിരുന്നു.