കണ്ണൂര്‍: രക്തസാക്ഷി കുടുംബ സഹായ നിധിയുള്‍പ്പെടെ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട നടപടികള്‍ക്കിടയിലും ധനനഷ്ടമുണ്ടായില്ലെന്ന വിശദീകരണങ്ങളിലും അണികളുടെ രോഷമടക്കാനാകുന്നില്ല. അനുരഞ്ജനങ്ങളിലും വഴങ്ങാത്ത വി കുഞ്ഞികൃഷ്ണന്റെ നിലപാടില്‍ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയ പയ്യന്നൂര്‍ കുരുക്കഴിക്കാനാകാതെ നേതൃത്വം വിയര്‍ക്കുന്നു. പാളുന്നത് ആരോപണ വിധേയരെ പിണക്കാതെ പരാതിക്കാരനെ അനുനയിപ്പിച്ച് പാര്‍ട്ടിയുടെ വരുതിയിലാക്കാനുള്ള തന്ത്രം.
പയ്യന്നൂരില്‍ സിപിഎമ്മിലെ ഫണ്ട് വെട്ടിപ്പ് വിവാദവും നടപടികളുമാണ് അണികളോട് വിശദീകരിക്കാനാകാത്ത വിധം നേതൃത്വത്തെ കുരുക്കിലാക്കുന്നത്. ആരോപണ വിധേയര്‍ക്കെതിരെ മൃദുസമീപനമെന്നോളം ധനനഷ്ടമുണ്ടായില്ലെന്ന ആവര്‍ത്തനങ്ങള്‍ കൊണ്ടും അണികളെ വിശ്വാസത്തിലെടുക്കാനാവാത്ത വിധം പരുങ്ങുകയാണ് നേതൃത്വം. ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച മുന്‍ ഏരിയാ സെക്രട്ടറി കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാനുള്ള നേതൃതല നീക്കങ്ങളെല്ലാം പൊളിഞ്ഞതോടെ കടുത്ത പ്രതിസന്ധിയിലാണ് പാര്‍ട്ടി. ആരോപണ വിധേയനായ ടിഐ മധുസൂദനന്‍ എംഎല്‍എക്കെതിരെ കടുത്ത നടപടി സ്വീകരിക്കേണ്ടി വന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ വലിയ പ്രതിസന്ധി രൂപപ്പെടുമെന്ന ഭയവും സിപിഎമ്മിനെ പിന്തുടരുന്നുണ്ട്.
ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ കണക്കുകള്‍ കുഞ്ഞികൃഷ്ണന്‍ പുറത്ത് വിട്ടേക്കാമെന്ന പരിഭ്രാന്തിയാണ് അനുനയ നീക്കങ്ങള്‍ക്ക് പിന്നില്‍. സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജനും നിലവിലെ സെക്രട്ടറി എംവി ജയരാജന്‍ ഉള്‍പ്പെടെ നടത്തിയ ചര്‍ച്ചയിലും കുഞ്ഞികൃഷ്ണന്‍ തീരുമാനം മാറ്റാന്‍ കൂട്ടാക്കാതെ പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. കുഞ്ഞികൃഷ്ണന്റെ നിലപാട് മാറ്റുന്നതിലുള്‍പ്പെടെ ഫണ്ട് വിവാദ വിഷയത്തില്‍ കഴിഞ്ഞ ദിവസം ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനത്തിനെത്തിയ പിബി അംഗം എ വിജയരാഘവനും ഇടപെട്ടതായാണ് സൂചന. അതേസമയം കണക്കുകളില്‍ കൃത്യത വരുത്താനെന്നോളം ഇന്ന് ഏരിയാ കമ്മിറ്റിയും നാളെ മുതല്‍ ബ്രാഞ്ച് യോഗങ്ങളും വിളിച്ചിട്ടുണ്ട്. ആരോപണ വിധേയര്‍ക്കെതിരെ മൃദുസമീപനവും പരാതിക്കാരനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ നടപടികള്‍ക്ക് പിന്നാലെ കണക്ക് ശരിയാക്കാനെന്നോളമാണ് യോഗങ്ങള്‍ വിളിക്കുന്നത്. ഓഡിറ്റ് ചെയ്ത കണക്കുകള്‍ അവതരിപ്പിക്കണമെന്ന ആവശ്യം ശക്തമായതോടെ ഏരിയാ, ബ്രാഞ്ച് തലങ്ങളില്‍ യോഗം വിളിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്നാണ് ഇത് സംബന്ധിച്ച് ലഭിക്കുന്ന വിവരം.
ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകളും അതിന് ബലം നല്‍കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും കുഞ്ഞികൃഷ്ണന്‍ നേരത്തെ നേതൃത്വത്തിന് സമര്‍പ്പിച്ചിരുന്നു. ഇതില്‍ ആരോപണ വിധേയരുടെ പങ്കാളിത്തം സാധൂകരിക്കും വിധം കണക്കുകള്‍ അവതരിപ്പിക്കാനാണ് നീക്കം. കഴിഞ്ഞ ഏരിയാ കമ്മിറ്റി യോഗത്തില്‍ കുഞ്ഞികൃഷ്ണന്‍ അവതരിപ്പിച്ച കണക്കുകള്‍ മാറ്റിവെച്ച് പുതിയ കണക്കുകളുണ്ടാക്കി അവതരിപ്പിക്കാനുള്ള നീക്കവും സജീവമാണ്. ജില്ലാ കമ്മിറ്റി മുന്‍കൈയെടുത്താണ് പുതിയ കണക്കുകള്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ കണക്കില്‍ മാറ്റം വരുത്തി അവതരിപ്പിക്കാനുള്ള നീക്കം കടുത്ത പ്രതിഷേധങ്ങള്‍ക്കും പൊട്ടിത്തെറിയിലേക്കും വഴിമാറുമെന്നാണ് സൂചന.