X

പയ്യന്നൂര്‍ സി.പി.എമ്മിലെ സാമ്പത്തിക തട്ടിപ്പ് എം.എല്‍.എയെ തരംതാഴ്ത്തി നടപടിയിലും അസ്വാരസ്യമൊഴിയുന്നില്ല

CPIM FLAG

കണ്ണൂര്‍: പാര്‍ട്ടിയിലെ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതിപ്പെട്ടവര്‍ക്കെതിരെയും നടപടി. രക്തസാക്ഷി ഫണ്ടുള്‍പ്പെടെ വകമാറ്റിയ സാമ്പത്തിക തട്ടിപ്പ് വിവാദത്തില്‍ നിന്ന് തലയൂരാന്‍ പയ്യന്നൂരില്‍ പാര്‍ട്ടി സ്വീകരിച്ച സമീപനത്തിലും അസ്വാരസ്യമൊഴിയുന്നില്ല. എംഎല്‍എയെ തരംതാഴ്ത്തി മുഖം രക്ഷിക്കല്‍ തന്ത്രം. അപാകതകള്‍ ചൂണ്ടിക്കാട്ടിയവര്‍ക്കെതിരെയും നടപടികൈകൊണ്ട നേതൃത്വത്തിന്റെ നിലപാടില്‍ മുറുമുറുപ്പുയരുന്നു.

കഴിഞ്ഞ ദിവസം രാത്രി വൈകി അവസാനിച്ച ഏരിയ കമ്മിറ്റി യോഗത്തിലാണ് ടിഐ മധുസൂദനന്‍ എംഎല്‍എയെ തരംതാഴ്ത്തിയും ഫണ്ട് തട്ടിപ്പുമായി പരാതിയുന്നയിച്ച ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയും പാര്‍ട്ടി തലത്തില്‍ നടപടി കൈകൊണ്ടത്. രണ്ട് ഏരിയാ കമ്മിറ്റി അംഗങ്ങളെയും തരംതാഴ്ത്തിയിട്ടുണ്ട്. മൂന്ന് അംഗങ്ങള്‍ക്ക് പരസ്യശാസനയെന്നാണ് വിവരം.

പയ്യന്നൂര്‍ എംഎല്‍എയായ ടിഐ മധുസൂദനനെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. സ്ഥാനാര്‍ഥി എന്ന നിലയിലും പാര്‍ട്ടിയുടെ മുതിര്‍ന്ന അംഗം എന്ന നിലയിലും ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രത പുലര്‍ത്തിയില്ല എന്ന കാരണത്താലാണ് എംഎല്‍എക്കെതിരെ നടപടിയെടുത്തത്. പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണത്തിന് സിപിഎം നടത്തിയ ചിട്ടിയില്‍ 80ലക്ഷത്തോളം രൂപയുടെ തിരിമറി നടന്നുവെന്നും ഒരു നറുക്കിന് പിരിച്ച തുക പൂര്‍ണമായും ചിട്ടി കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നുമാണ് ആരോപണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി പിരിച്ച രണ്ട് രശീതി ബുക്കുകളുടെ കൗണ്ടര്‍ഫോയില്‍ തിരിച്ചെത്താതെ വന്നതോടെയാണ് തിരഞ്ഞെടുപ്പ് ഫണ്ടിലെ തിരിമറിയും പുറത്തായത്.

തിരഞ്ഞെടുപ്പ് ഫണ്ട്, പാര്‍ട്ടി ഓഫീസ് ഫണ്ട് സമാഹരണ ചിട്ടിയിലുമായി നടന്ന തട്ടിപ്പ് കൂടാതെ രക്തസാക്ഷി ഫണ്ട് തട്ടിയെടുക്കാനും ശ്രമം നടന്ന ആരോപണങ്ങളും സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ പിരിച്ച ഒരു കോടിയോളം രൂപയെ ചൊല്ലിയാണ് ആരോപണമുയര്‍ന്നത്. വീട് നിര്‍മാണത്തിനും കുടുംബാംഗങ്ങള്‍ക്ക് നല്‍കിയ ഫണ്ടിന്റെയും ബാക്കി രണ്ട് നേതാക്കളുടെ പേരില്‍ സ്ഥിര നിക്ഷേപമായി മാറ്റിയെന്നുമായിരുന്നു പരാതി. നാല് വര്‍ഷം മുമ്പ് നിക്ഷേപത്തിന്റെ പലിശയില്‍ വലിയ ഭാഗം രണ്ട് നേതാക്കളില്‍ ഒരാളുടെ സ്വന്തം അക്കൗണ്ടിലേക്കു മാറ്റി. രക്തസാക്ഷി ധനരാജിന്റെ കുടുംബത്തിന് മുതലും പലിശയും കൂട്ടുപലിശയും ചേര്‍ന്ന് 14 ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ടായിരുന്നു. അത് അടക്കാതെ പിരിച്ച തുകയില്‍ ഭൂരിഭാഗവും പിന്‍വലിച്ചതുമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.

പാര്‍ട്ടി തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരണത്തിന് വ്യാജ രശീതി ബുക്ക് അടിച്ച് നല്‍കിയതും പിടിക്കപ്പെട്ടതും പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കിയിരുന്നു. ഏരിയാ സെക്രട്ടറി ആയിരുന്ന വി കുഞ്ഞികൃഷ്ണനും നേരത്തേ നടപടിക്ക് വിധേയനായ മുന്‍ ഏരിയാ സെക്രട്ടറി കെപി മധുവും തമ്മില്‍ നിലനില്‍ക്കുന്ന ശീതസമരമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്നാണ് പാര്‍ട്ടിക്കുള്ളിലെ സംസാരം. കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ ഏരിയാ സെക്രട്ടറിക്ക് പിന്തുണയുമായി കമ്മിറ്റി അംഗങ്ങള്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. അതേസമയം നാല് പേര്‍ മാത്രമാണ് സെക്രട്ടറിയെ മാറ്റണമെന്ന് ആവശ്യമുന്നയിച്ചത്. കുഞ്ഞികൃഷ്ണന് പകരം മാടായി ഏരിയയില്‍ നിന്നുള്ള ടിവി രാജേഷിനെയാണ് ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

ടിഐ മധുസൂദനന്‍ എംഎല്‍എ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ നടപടിയെടുക്കാനായിരുന്നു ജില്ലാ കമ്മിറ്റി നിര്‍ദേശം. ഏരിയാ കമ്മിറ്റിയംഗങ്ങളായ കെകെ ഗംഗാധാരന്‍, ടി വിശ്വനാഥന്‍ എന്നിവരെ ലോക്കല്‍ കമ്മിറ്റിയിലേക്കും തരംതാഴ്ത്തിയിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ക്ക് താക്കീത് നല്‍കിയതായും പറയുന്നു. ടിഐ മധുസൂദനന്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി സജീഷ് കുമാറിനും താക്കീത് നല്‍കിയിട്ടുണ്ട്. പരാതിക്കാര്‍ക്കെതിരെ കൈകൊണ്ട നടപടി പാര്‍ട്ടി വിടുന്നതിലേക്കുമെത്തിച്ചിട്ടുണ്ടെന്നാണ് വിവരം.

Chandrika Web: