അയല്‍ക്കാരനെ സ്‌നേഹിക്കുക എന്ന വചനങ്ങള്‍ക്ക് ഇന്ന് നടക്കുന്ന സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സെമി ഫൈനലില്‍ പ്രസക്തിയില്ല. പയ്യനാട് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദക്ഷിണേന്ത്യന്‍ ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഇരുടീമുകളും ബൂട്ട് കെട്ടുക അയല്‍ സംസ്ഥാനത്തെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കാന്‍. ചെറുത്ത് നില്‍പ്പിന് സാധ്യതയില്ലാത്ത ഘട്ടത്തില്‍ കടന്നാക്രമിക്കല്‍ തന്നെയാകും ഇരുടീമുകളുടെയും ഗെയിം പ്ലാന്‍.
മല്ലൂ ടീംസ്
കേരള ടീം പോലെ കര്‍ണാടകയുടെയും സര്‍വ മേഖലയിലും മലയാളിത്തിളക്കമുണ്ട്. കര്‍ണാടകയുടെ മുഖ്യ പരിശീലകന്‍ ഉള്‍പ്പെടെ നാല് പേരാണ് മലയാളി സാന്നിധ്യം. മുഖ്യ പരിശീലകന്‍ ബിബി തോമസ് മുട്ടത്ത് മുതല്‍ തുടങ്ങുന്നു മലയാളി നിര. പ്രതിരോധ നിരയിലെ പ്രധാനിയായ സിജു, മുന്നേറ്റത്തിലെ ബാവു നിഷാദ്, മധ്യനിരയിലെ മുഹമ്മദ് റിയാസ് എന്നിവരും മലയാളികളാണ്.
ഗെയിം പ്ലാന്‍
അക്രമണോത്സുകതയാണ് ഇരു ടീമുകളുടെയും മുഖമുദ്ര. തുടക്കം മുതല്‍ മികച്ച ഒത്തിണക്കത്തോടെയുള്ള മുന്നേറ്റങ്ങളായിരുന്നു കേരളത്തിന്റെതെങ്കില്‍ ആദ്യമത്സരങ്ങളില്‍ ഒത്തൊരുമ കാണിക്കാതിരുന്ന കര്‍ണാടക ടൂര്‍ണമെന്റ് പുരോഗമിക്കുന്നതോടൊപ്പമായിരുന്നു കളി മെച്ചപ്പെടുത്തിയത്. പിഴക്കുന്ന പ്രതിരോധം തന്നെയാണ് ഇരുടീമുകളുടെയും ബലഹീനത. മുന്നേറ്റനിര ഗോളുകള്‍ അടിക്കുന്നതില്‍ മടികാണിക്കുന്നില്ലെങ്കിലും പ്രതിരോധം ഗോളുകള്‍ വഴങ്ങുന്നതാണ് പ്രധാന തലവേദന.
ആദ്യ മത്സരത്തില്‍ ഒഡീഷയോടും മൂന്നാം മത്സരത്തില്‍ മണിപ്പൂരിനോടും മൂന്ന് ഗോളുകള്‍ വീതം വഴങ്ങിയ കര്‍ണാടക രണ്ട് മത്സരങ്ങളില്‍ (സര്‍വീസസ്, ഗുജറാത്ത്) ക്ലീന്‍ഷീറ്റും നേടിയിരുന്നു. ആകെ എട്ട് ഗോളുകള്‍ അടിച്ചപ്പോള്‍ ആറ് ഗോളുകളാണ് വഴങ്ങിയത്. കേരളം ആദ്യ രണ്ട് മത്സരങ്ങളില്‍ ക്ലീന്‍ ഷീറ്റ് നേടിയിരുന്നെങ്കിലും (രാജസ്ഥാന്‍, ബംഗാള്‍) തുടര്‍ന്ന് മേഘാലയയോട് രണ്ടും പഞ്ചാബിനോട് ഒന്നും ഗോള്‍ വഴങ്ങി. 11 ഗോളുകളാണ് നേടിയത്. മൂന്നെണ്ണം വഴങ്ങുകയും ചെയ്തു. പഞ്ചാബിനെതിരായ കേരളത്തിന്റെ അവസാന മത്സരത്തില്‍ നിരവധി പ്രതിരോധപിഴവുകളാണ് വരുത്തിയിരുന്നത്. താരങ്ങള്‍ തമ്മിലുള്ള ആശയക്കുഴപ്പം പലപ്പോഴും ടീമിന് വിനയാകേണ്ടതായിരുന്നു.
സെമി പ്രവേശം
ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കം മുതല്‍ തന്നെ തന്നെ സാധ്യത കല്പിച്ചിരുന്ന കേരള ടീം ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. ആദ്യ മത്സരത്തില്‍ തന്നെ രാജസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി മിന്നും തുടക്കമാണ് കേരളത്തിന് ലഭിച്ചത്. തുടര്‍ന്ന് ബംഗാളിനെയും പരാജയപ്പെടുത്തി. മൂന്നാം മത്സരത്തില്‍ മേഘാലയോട് സമനില വഴങ്ങിയെങ്കിലും അവസാന മത്സരത്തില്‍ പഞ്ചാബിനെ തോല്‍പ്പിച്ച് വിജയവഴിയില്‍ തിരിച്ചെത്തി.
നിര്‍ണായക മത്സരത്തില്‍ നാല് ഗോളുകള്‍ക്ക് വിജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് കര്‍ണാടക സെമിയിലെത്തുന്നത്. ഒഡീഷ്യയുടെ അവസാന മത്സരം പരാജയപ്പെട്ടതോടെയായിരുന്നു കര്‍ണാടകക്ക് സാധ്യത തെളിഞ്ഞത്. ഇതോടെ ഉണര്‍ന്ന് കളിച്ച് നാല് ഗോളുകള്‍ എതിര്‍ വലയിലേക്ക് നിറച്ചാണ് സെമി പ്രവേശം. ആദ്യ മത്സരത്തില്‍ ഒഡീഷ്യയോട് (3-3) സമനിലയോടെയായിരുന്നു തുടക്കം. സര്‍വീസസിനോട് വിജയിച്ചു(1-0), മണിപ്പൂരിനോട് മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. ഗുജറാത്തിനെ നാല് തോല്‍പ്പിച്ച് അവസാനഘട്ടത്തിലാണ് സെമി ഉറപ്പിച്ചത്.
ചങ്കായ ആരാധകര്‍
ടീമിന് വേണ്ടി ചങ്ക് പൊട്ടി വിളിക്കുന്ന ആരാധകര്‍ തന്നെയായിരിക്കും കേരളത്തിന്റെ പ്രധാന കരുത്ത്. ആദ്യ മത്സരം മുതല്‍ തന്നെ കേരളത്തിന്റെ കളികാണാന്‍ മുപ്പതിനായിരത്തോളം കാണികളാണ് ഓരോ മത്സരത്തിനും എത്തിയത്. ഈ പിന്തുണ ഊര്‍ജ്ജമാക്കി മാറ്റിയാല്‍ കേരളത്തിന്റെ ഫൈനല്‍ പ്രവേശം എളുപ്പമാകും.