പേര് ഇടതു പക്ഷമെന്നാണെങ്കിലും സി.പി.എമ്മെന്ന വല്യേട്ടന് കീഴില്‍ നില്‍ക്കുക എന്നത് തന്നെയാണ് കാലങ്ങളായി സി.പി.ഐയുടെ സ്ഥാനം. ഒറ്റക്ക് നിന്നാല്‍ ഒരു മണ്ഡലത്തില്‍ പോലും ജയിക്കാന്‍ ശേഷിയില്ലെന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ അടുക്കള രഹസ്യം അങ്ങാടിപ്പാട്ടെന്ന നിലയില്‍ ഇടക്കിടക്ക് വിളിച്ചു പറയും. എന്നാലും മുമ്പൊക്കെ ഭരിക്കുന്നത് ഇടത് പക്ഷമാണെങ്കിലും കൊള്ളരുതായ്മ കണ്ടാല്‍ സി.പി.ഐ ഇടയാറുണ്ടായിരുന്നു. ഇന്നിപ്പോള്‍ പിണറായി കണ്ണുരുട്ടും കാനം വിധേയനാവും എന്നതാണ് അവസ്ഥ. സി.പി.എമ്മിന്റെ കാല്‍ക്കീഴില്‍ പാര്‍ട്ടിയെ അടിയറവ് വെച്ച് വെറും വിനീത വിധേയനായി പാര്‍ട്ടി സെക്രട്ടറി മാറിയെന്ന് പറയുന്നത് സി.പി.ഐക്കാര്‍ തന്നെ. പാര്‍ട്ടിയെ എ.കെ.ജി സെന്ററില്‍ കൊണ്ടുപോയി കെട്ടിയെന്നായിരുന്നു സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ തന്നെ വിശേഷിപ്പിച്ചത്. പാര്‍ട്ടിക്കുള്ളില്‍ തന്നെ വ്യത്യസ്ഥ പക്ഷമുണ്ടെങ്കിലും ഇക്കാര്യം പക്ഷേ കാനം മാത്രം സമ്മതിക്കില്ല. ഉള്‍പാര്‍ട്ടി അഭിപ്രായ പ്രകടനമാണ് നടക്കുന്നതെന്നാണ് ജില്ലാ സമ്മേളനങ്ങളിലെ വിഭാഗീയതയെ കുറിച്ച് സി.പി.ഐ സെക്രട്ടറിയുടെ ഭാഷ്യം. ഇടക്കിടക്ക് ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിയാണ് താനെന്ന് നാട്ടാരെ ഓര്‍മിപ്പിക്കുമെങ്കിലും സ്വന്തം പാര്‍ട്ടി അണികള്‍ക്ക് ഇതത്ര അങ്ങ് വിശ്വാസം വരുന്നില്ല. ഇന്ത്യന്‍ സാഹചര്യത്തില്‍ സിപിഐയും സിപിഎമ്മും ഒന്നിക്കണമെന്നാണ് കാനം സഖാവിന്റെ അഭിപ്രായമെങ്കിലും ഒന്ന് ഉറക്കെ ഒച്ചവെച്ചാല്‍ സി.പി.എമ്മുകാര്‍ തുറിച്ചു നോക്കുമെന്നതിനാല്‍ ശബ്ദം പുറത്ത് വരാറില്ല. ഇടത് മുന്നണിക്കകത്ത് നേട്ടങ്ങളും കോട്ടങ്ങളും ഒരുമിച്ച് ഏറ്റെടുക്കണമെന്നാണ് ടിയാന്റെ പക്ഷം. ദുര്‍ബലന്റെ ശബ്ദത്തിന് സമൂഹത്തില്‍ വില ഇല്ലെന്ന് ഇടക്കിടെ പാര്‍ട്ടി നേതാക്കളെ സഖാവ് ഓര്‍മപ്പെടുത്തുകയും ചെയ്യും.
ലോകായുക്ത ഭേദഗതി ബില്ലില്‍ സി.പി.എം കണ്ണുരുട്ടിയപ്പോഴേക്കും വഴങ്ങാന്‍ സെക്രട്ടറി തയാറായെന്നാണ് ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടി സഖാക്കള്‍ തന്നെ ആരോപിച്ചത്. വന്ന് വന്ന് എന്തിനേയും ഏതിനേയും ന്യായീകരിക്കാന്‍ മടിയില്ലെന്ന് സെക്രട്ടറിയാവട്ടെ തെളിയിക്കുകയും ചെയ്യും. പോപ്പുലര്‍ ഫ്രണ്ടുകാരുടെ മിന്നല്‍ ഹര്‍ത്താലിലെ അക്രമം തടയുന്നതില്‍ കേരള പൊലീസ് ദയനീയമായി പരാജയപ്പെട്ടപ്പോഴും കാനമാണ് പിണറായിക്ക് പിന്തുണയുമായെത്തിയത്. മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ പിറ്റേന്ന് എല്ലാവര്‍ക്കും സംരക്ഷണം കൊടുക്കാന്‍ കഴിയില്ലെന്നാണ് കാനം സഖാവിന്റെ വാദം. പ്രതികളെ പിടിക്കാത്തതെന്തെന്ന് ചോദിച്ചാലും ഉത്തരം റെഡിമെയ്ഡ് സെക്രട്ടറിയുടെ കയ്യിലുണ്ട്. ഹെല്‍മറ്റ് ധരിച്ചു ബൈക്കില്‍ വന്നു ബസിനു കല്ലെറിഞ്ഞാല്‍ എങ്ങനെ പിടിക്കുമെന്നാണ് പഴയ വാഴൂര്‍ എം.എല്‍.എയുടെ മറുചോദ്യം. നേരത്തെ എം.എം മണിയുടെ പരാമര്‍ശത്തിനെതിരെ സ്വന്തം പാര്‍ട്ടിയിലെ വനിതാ നേതാവായ ആനി രാജ നടത്തിയ എതിര്‍പ്പുകളെ തള്ളിക്കൊണ്ട് ഭക്തി കാണിച്ചയാളായതിനാല്‍ ഇതിലൊട്ടു പുതുമ ഇല്ല താനും. പാര്‍ട്ടിയിലെ വനിതാ നേതാക്കള്‍ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി എത്തുന്നതിപ്പോള്‍ സാധാരണ സംഭവം മാത്രമാണ്. ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ അതിരൂക്ഷ വിമര്‍ശനവുമായി പീരുമേട് മുന്‍ എം.എല്‍.എ. ഇ.എസ്. ബിജിമോള്‍ രംഗത്തിറങ്ങിയിരുന്നു. വല്യേട്ടന്‍ പാര്‍ട്ടിയായ സി.പി. എമ്മില്‍ വിഭാഗീയതയുടെ കനലുകള്‍ നിരവധി തവണ കേരളം കണ്ടതാണ്. എന്നാല്‍ നമ്മളാണ് ആദ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഏകീകരണമാണ് തങ്ങളുടെ ലക്ഷ്യമെന്നും വിളിച്ചു പറയുന്ന സി.പി.ഐയില്‍ അപസ്വരങ്ങള്‍ അങ്ങാടിപ്പാട്ടാകുമ്പോള്‍ എവിടെയോ എന്തോ ചീഞ്ഞു നാറുന്നതായി ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ വിരുദ്ധ പക്ഷമെന്ന് അവകാശപ്പെടുന്നവര്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയതിനെ വിഭാഗീയത എന്നല്ലാതെ ഇതിനെ മറ്റെന്ത് പേരു വിളിക്കും. എന്നാല്‍ ഇതൊന്നും വിഭാഗീയതയുടെ സൂചനകളല്ലെന്നും വെറും അഭിപ്രായ പ്രകടനങ്ങള്‍ മാത്രമാണെന്നുമാണ് നേതൃത്വത്തിന്റെ നിലപാട്. ഏതോ ഒരു കോണില്‍ നിന്നു ഏതോ ഒരു ശക്തി തൊടുത്തുവിടുന്ന കെണിയില്‍ മാധ്യമപ്രവര്‍ത്തകര്‍ വീണുപോകുന്നുവെന്നു പറഞ്ഞ് സ്വയം സമാധാനിക്കുമ്പോഴും സംഘടനയിലെ വിമത ശബ്ദങ്ങളെ മുഖവിലയ്‌ക്കെടുക്കാതെ വയ്യ.
ഒരു ജില്ലയിലെങ്കിലും വനിതാസെക്രട്ടറി എന്ന ലക്ഷ്യംവെച്ചായിരുന്നു കാനം പക്ഷക്കാരിയായ ബിജിമോളെ സ്ഥാനാര്‍ത്ഥിയാക്കിയതെങ്കിലും നീക്കം എതിര്‍പക്ഷം പരാജയപ്പെടുത്തുകയായിരുന്നു. മരുന്നിനെങ്കിലും ഒരു വനിതാ സെക്രട്ടറിയില്ലെങ്കില്‍ പിന്നെന്ത് സ്ത്രീസമത്വം. ജനപ്രതിനിധി എന്ന നിലയില്‍ സ്ത്രീവിരുദ്ധമായ സമീപനത്തിന് മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും മാധ്യമങ്ങളില്‍നിന്നും താന്‍ ഇരയായിട്ടുണ്ടെന്ന് ബിജിമോള്‍ പറയുന്നു. അതിനെ അതിജീവിക്കാനും പ്രതിരോധിക്കാനും ഉള്‍ക്കൊള്ളാനും സാധിച്ച നേതാവിന് പക്ഷേ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ഇങ്ങനെ അള്ളുവെക്കുമെന്ന് അറിയാനും പറ്റിയില്ല. പക്ഷേ തോറ്റു തുന്നം പാടിയപ്പോള്‍ പിന്നെ ആനക്കാട്ടില്‍ ഈപ്പച്ചന്റെ ഇറവറന്‍സ് ഡയലോഗിട്ടാണ് വനിതാ നേതാവ് അഡ്ജസ്റ്റ് ചെയ്തത്. തോല്‍ക്കാന്‍ കാരണം കാനത്തിന്റെ നോമിനിയായതാണ് അല്ലാതെ ജന്‍ഡര്‍ പ്രശ്‌നമല്ലെന്ന് മറുപക്ഷവും. കാനം അനുകൂലികളും വിരുദ്ധരും നേരിട്ട് ഏറ്റുമുട്ടുന്ന കാഴ്ചയാണ് മിക്ക ജില്ലകളിലും കണ്ടത്. പണ്ടത്തെ പോലെയല്ല കൊടുത്താല്‍ കൊല്ലത്ത് മാത്രമല്ല എല്ലായിടത്തും കിട്ടും.