X

‘രാഷ്ട്രീയ എതിരാളികള്‍ക്കും ജനങ്ങള്‍ക്കുമെതിരെ കേന്ദ്രസര്‍ക്കാര്‍ പുതിയ ചാര സോഫ്റ്റ്‌വയര്‍ ഉപയോഗിക്കുന്നു’ കോണ്‍ഗ്രസ്

തങ്ങളെ എതിര്‍ക്കുന്നവരെ ചാരപ്പണി ചെയ്യാനും ഇന്ത്യയുടെ രാഷ്ട്രീയ ജനാധിപത്യ സംവിധാനത്തെ തകര്‍ക്കാനും കേന്ദ്ര സര്‍ക്കാര്‍ പുതിയ ചാര സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ്. പാര്‍ട്ടി വക്താവ് പവന്‍രേഖയാണ് ഇക്കാര്യം ഉന്നയിച്ചത്.

രാഷ്ട്രീയ എതിരാളികളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ജനാധിപത്യ സ്ഥാപനങ്ങളുടേയും മറ്റു വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിച്ച എന്‍.എസ്.ഒ ഗ്രൂപ്പിന്റെ പെഗസസ് പോലുള്ള പുതിയ ചാര സോഫ്റ്റ്‌വെയര്‍ കേന്ദ്രം സ്വന്തമാക്കുന്നുവെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയത്. മിക്ക രാജ്യങ്ങളും കരിമ്പട്ടികയില്‍ പെടുത്തിയ പെഗസാസിനേക്കാള്‍ മോശം പേരുള്ള കമ്പനിയില്‍ നിന്ന് ചാരസോഫ്റ്റ്‌വെയര്‍ കൊണ്ടുവരാനാണ് മോദി സര്‍ക്കാരിന്റെ ശ്രമമെന്ന് ഖേര പറഞ്ഞു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ദേശീയ സുരക്ഷ ഉപദേഷ്ടാവും പുതിയ ചാരസോഫ്റ്റ്‌വെയര്‍ ഇടപാടിന് അനുമതി നല്‍കിയിട്ടുണ്ടോ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

പെഗസസിന് സമാനമായ ചാര സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്ന ഇസ്രായേല്‍ കമ്പനി കോഗ്നൈറ്റില്‍ നിന്ന് പ്രതിരോധ ഇന്റലിജന്‍സ് ഏജന്‍സിയുടെ സിഗ്നല്‍ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സര്‍ക്കാര്‍ ലക്ഷ്യമിടുന്നവരുടെ ഫോണ്‍ പൂര്‍ണമായും ചോര്‍ത്താന്‍ സാധിക്കുന്ന സോഫ്റ്റ്‌വെയറാണ് പെഗസസ് നിര്‍മിച്ചിരുന്നത്.

webdesk13: