X

ഗെറ്റാഫെയെ മലര്‍ത്തിയടിച്ച് ബാഴ്‌സ

ഗെറ്റഫെ: സ്പാനിഷ് ലാ ലീഗയില്‍ ഗെറ്റാഫെക്കെതിരായ മത്സരത്തില്‍ ബാഴ്‌സലോണക്ക് 2-1 ന്റെ ജയം. 39-ാം മിനിറ്റില്‍ ഷിബാസാകിയിലൂടെ ഗെറ്റാഫെയാണ് ആദ്യം മുന്നിലെത്തിയത്. ബോക്‌സിന് പുറത്ത് നിന്നും പന്തെടുത്ത ഷിബാസാകി ബാഴ്‌സയുടെ വല വന്‍ഷോട്ടിലൂടെ കുലുക്കുകയായിരുന്നു. എന്നാല്‍ ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ബാഴ്‌സ രണ്ടാം പകുതിയില്‍ വന്‍ തിരിച്ചുവരവാണ് നടത്തിയത്.

ഗെറ്റാഫെയുടെ ഗോളിന് അതേനാണയത്തിലായിരുന്നു മറുപടി. പകരക്കാരനായി ഇറങ്ങിയ ഡെന്നിസ് സുവാരസാണ് ബാഴ്‌സക്കായി പകരം ചോദിച്ചത്. ബോക്‌സിന് പുറത്ത് നിന്നും കിട്ടിയ പന്ത് ഞൊടിയിടെ വലയില്‍ എത്തിക്കുകയായിരുന്നു. രണ്ടാം ഗോള്‍ ബാഴ്‌സയിലെ പുതുമുഖം പൗളീന്യോയുടെ വകയായിരുന്നു. മെസിയുടെ മാജിക് നീക്കത്തിനൊടുവില്‍ ബോക്‌സില്‍ നിന്നും പന്ത് സ്വീകരിച്ച പൗളീന്യോ, സുന്ദരമായി ലക്ഷ്യം കാണുകയായിരുന്നു. ലാലീഗയില്‍ മറ്റു മത്സരങ്ങളില്‍ ലെവന്റെ വലന്‍സിയയുമായി 1-1ന് സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഐബര്‍ ഏകപക്ഷീയമായ ഒരു ഗോളിന് ലെഗനീസിനെ തോല്‍പിച്ചു..

chandrika: