X
    Categories: Newsworld

ആഫ്രിക്കയില്‍ നിന്ന് മാലാഖമാര്‍ വരും; ട്രംപ് ജയിക്കും- യുഎസ് പ്രസിഡണ്ടിനു വേണ്ടിയുള്ള പാസ്റ്ററിന്റെ പ്രാര്‍ത്ഥന വൈറല്‍!

വാഷിങ്ടണ്‍: യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ജയത്തിനു വേണ്ടി മെഗാചര്‍ച്ച് പാസ്റ്ററും ടെലിവാഞ്ചലിസ്റ്റുമായ പൗള വൈറ്റ് കെയിനിന്റെ പ്രാര്‍ത്ഥന വൈറല്‍. മാലാഖമാര്‍ വന്ന് ട്രംപിനെ ജയിപ്പിക്കും, വിജയത്തിന്റെ ശബ്ദം താന്‍ കേള്‍ക്കുന്നു എന്നാണ് വൈറ്റ് കെയ്ന്‍ പറഞ്ഞത്. ഫേസ്ബുക്ക് ലൈവിലൂടെ പ്രാര്‍ത്ഥന സംപ്രേഷണം ചെയ്തിരുന്നു. ട്രംപിന്റെ ആത്മീയ ഉപദേഷ്ടാവ് എന്നറിയപ്പെടുന്ന പാസ്റ്ററാണ് വൈറ്റ് കെയിന്‍.

‘ഞാന്‍ വിജയത്തിന്റെ ശബ്ദം കേള്‍ക്കുന്നു. അതു ശരിയായി എന്ന് ദൈവം പറയുന്നു. ആഫ്രിക്കയില്‍ നിന്ന് ഇപ്പോള്‍ മാലാഖമാര്‍ വന്നു തുടങ്ങി… ദക്ഷിണ അമേരിക്കയില്‍ നിന്നുള്ള ജീസസിന്റെ നാമത്തില്‍, അവര്‍ ഇവിടെ വരികയാണ്’ – എന്നിങ്ങനെയായിരുന്നു അവരുടെ പ്രാര്‍ത്ഥന.

പ്രാര്‍ത്ഥനയ്ക്കിടെ മറ്റാര്‍ക്കും മനസ്സിലാകാത്ത സംസാരരീതിയില്‍ അവര്‍ പ്രാര്‍ത്ഥിക്കുന്നതായി കേള്‍ക്കാം. തെരഞ്ഞെടുപ്പില്‍ ട്രംപ് തോല്‍വിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. നിരവധി പേരാണ് വീഡിയോയെ പരിഹസിച്ച് രംഗത്തെത്തുന്നത്.

പൗള വൈറ്റിനൊപ്പം ട്രംപ്

‘വേദനനിറഞ്ഞത് എന്ന് ട്രംപ് ഒരിക്കല്‍ വിശേഷിപ്പിച്ച സ്ഥലത്തു നിന്ന് ദൈവം അദ്ദേഹത്തെ ജയിപ്പിക്കാനായി മാലാഖമാരെ അയയ്ക്കുകയോ?’ – എന്നായിരുന്നു പാസ്റ്ററും ആക്ടിവിസ്റ്റുമായ ബിഷപ് താല്‍ബര്‍ട്ട് സ്വാനിന്റെ പരിഹാസം.

അതിനിടെ, പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ട്രംപിനേക്കാള്‍ വ്യക്തമായ മേധാവിത്വം ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്‍ നേടിയിട്ടുണ്ട്. യുഎസ്എ ടുഡേ റിപ്പോര്‍ട്ട് പ്രകാരം ബൈഡന് 264 ഇലക്ടോറല്‍ വോട്ടുകളും ട്രംപിന് 214 വോട്ടുകളുമാണ് ലഭിച്ചിട്ടുള്ളത്. 270 വോട്ടാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.

Test User: