X

ഇസ്‌ലാമിനെതിരെയുള്ള പ്രസിഡണ്ടിന്റെ പരാമര്‍ശം; സൂപ്പര്‍ താരം പോള്‍ പോഗ്ബ ഫ്രഞ്ച് ഫുട്‌ബോള്‍ ടീമില്‍ നിന്ന് രാജിവച്ചെന്ന വാര്‍ത്ത വ്യാജം

പാരിസ്: ഇസ്‌ലാമിനെതിരെയുള്ള പ്രസിഡണ്ട് ഇമ്മാനുവല്‍ മക്രോണിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് സൂപ്പര്‍ താരം പോള്‍ പോഗ്ബ ഫ്രഞ്ച് ദേശീയ ടീമില്‍ നിന്ന് രാജിവച്ചെന്ന വാര്‍ത്ത വ്യാജം. പ്രവാചകന്‍ മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഇസ്‌ലാമിക തീവ്രവാദത്തെ കുറിച്ച് മക്രോണ്‍ നടത്തിയ പരാമര്‍ശങ്ങളാണ് പോഗ്ബ രാജിവയ്ക്കാന്‍ കാരണം എന്നായിരുന്നു റിപ്പോര്‍ട്ട്.

പ്രവാചകനെ കുറിച്ച് മോശം കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച അധ്യാപകനെ ആദരിക്കാനുള്ള ഫ്രഞ്ച് സര്‍ക്കാര്‍ തീരുമാനവും പോഗ്ബയുടെ രാജിയിലേക്ക് വഴി വച്ചതായി അറബിക് സ്‌പോര്‍ട്‌സ് വെബ്‌സൈറ്റായ 195സ്‌പോര്‍ട്‌സ് ഡോട് കോമിനെ ഉദ്ധരിച്ച് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ഔദ്യോഗിക സാമൂഹ്യമാധ്യമ അക്കൌണ്ടില്‍ പോഗ്ബ വിശദീകരണവുമായി രംഗത്തെത്തി. ദി സണ്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ ‘വ്യാജവാര്‍ത്ത’ എന്ന് എഴുതിയാണ് താരം പ്രതികരിച്ചത്. (വിവിധ മാധ്യമങ്ങളെ ഉദ്ധരിച്ച് ചന്ദ്രിക ഓണ്‍ലൈനും പോഗ്ബ രാജിവച്ചതായുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വസ്തുതകള്‍ ബോധ്യപ്പെട്ടതിനു പിന്നാലെ വാര്‍ത്ത തിരുത്തുന്നു)

2013ലാണ് പോഗ്ബ ഫ്രാന്‍സിനായി അരങ്ങേറിയത്. 2018ലെ റഷ്യന്‍ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കാണ് മിഡ്ഫീല്‍ഡര്‍ വഹിച്ചത്. ഫൈനലില്‍ ക്രൊയേഷ്യയ്‌ക്കെതിരെ വിജയ ഗോള്‍ നേടിയതും പോഗ്ബയാണ്.

ക്ലബ് ഫുട്‌ബോളില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടിയാണ് പോഗ്ബ ബൂട്ടുകെട്ടുന്നത്. 2016ല്‍ യുവന്റസില്‍ നിന്ന് ലോകറെക്കോര്‍ഡ് തുകയായ 105 ദശലക്ഷം യൂറോയ്ക്കാണ് അദ്ദേഹം യുണൈറ്റഡിലെത്തിയുരന്നത്. ഒരു ഇംഗ്ലീഷ് ക്ലബ് ഏതെങ്കിലും താരത്തിനു വേണ്ടി മുടക്കുന്ന ഏറ്റവും വലിയ തുകയാണിത്. ആദ്യ സീസണില്‍ തന്നെ യുണൈറ്റഡ് ലീഗ് കപ്പ്, യൂറോപ്പ ലീഗും നേടുകയും ചെയ്തു.

അന്താരാഷ്ട്ര തലത്തില്‍ 2013ലെ ഫിഫ അണ്ടര്‍ 20 ലോകകപ്പില്‍ നായകനായിരുന്നു പോഗ്ബ. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച കളിക്കാരന്‍ ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2014ലെ ലോകകപ്പില്‍ ഏറ്റവും മികച്ച യുവതാരമായി. ഫൈനലില്‍ ക്രൊയേഷ്യയ്‌ക്കെതിരെ വിജയ ഗോള്‍ നേടിയതോടെ ഫ്രാന്‍സിലെ ഹീറോ ആയി പോഗ്ബ മാറുകയും ചെയ്തു.

ഇമ്മാനുവല്‍ മക്രോണ്‍

നേരത്തെ, പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് അധ്യാപകന്‍ സാമുവല്‍ പാറ്റി കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മൊത്തം മുസ്‌ലിംകളെ ഭീകരവാദികളായി ചിത്രീകരിച്ച് മക്രോണ്‍ പ്രസ്താവന നടത്തിയിരുന്നത്. പ്രസിഡണ്ടിനെതിരെ രാജ്യത്തെ പ്രമുഖ മുസ്‌ലിം സംഘടനയായ ഫ്രഞ്ച് കൗണ്‍സില്‍ ഓഫ് ദ മുസ്‌ലിം ഫെയ്ത്തും രംഗത്തുവന്നിരുന്നു.

ലോകത്തുടനീളം ഇസ്‌ലാം പ്രതിസന്ധി നേരിടുകയാണ് എന്ന് നേരത്തെ മക്രോണ്‍ പറഞ്ഞിരുന്നു. ‘ഇസ്‌ലാമിക വിഘടനവാദ’ത്തിനെതിരെ ഫ്രാന്‍സ് പൊരുതും. ഇതിനെതിരെ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഡിസംബറില്‍ ഇതിന്റെ കരട് പുറത്തുവിടും. ഫ്രാന്‍സിലെ മതേതരത്വം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഫ്രാന്‍സിലെ ഇസ്‌ലാമിനെ വിദേശ സ്വാധീനത്തില്‍ നിന്ന് മോചിതമാക്കുകയും വേണം’ – എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

പാശ്ചാത്യ രാഷ്ട്രങ്ങളില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ വസിക്കുന്ന രാഷ്ട്രമാണ് ഫ്രാന്‍സ്. പ്രധാനമായും പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ നിന്ന് കുടിയേറിയവരാണ് രാജ്യത്തുള്ളത്. 2017 ലെ പ്യൂ റിസര്‍ച്ചിന്റെ കണക്കു പ്രകാരം 57.60 ലക്ഷമാണ് രാജ്യത്തെ മുസ്‌ലിംകള്‍. ഇത് രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 8.8 ശതമാനം വരും.

Test User: