X

മസില്‍പവറിനും പണത്തിനുമുള്ള തിരിച്ചടിയാണ് വിജയമെന്ന് പട്ടേല്‍

അഹമ്മദാബാദ്: ഇത് തന്റെ വിജയം മാത്രമല്ലെന്ന് ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. സംസ്ഥാന സംവിധാനങ്ങള്‍ക്കുമേല്‍ പണവും മസില്‍പവറും ഉപയോഗിച്ചു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുമേലുള്ള വിജയമാണെന്നും പട്ടേല്‍ ട്വിറ്ററില്‍ കുറിച്ചു. സത്യത്തിന്റെ വിജയമാണെന്നായിരുന്നു ഫലമറിഞ്ഞപ്പോള്‍ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.

untitled-2

ഇന്നലെ പുലര്‍ച്ചെയാണ് രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്. 44വോട്ടുകളാണ് പട്ടേല്‍ നേടിയത്. രണ്ട് കോണ്‍ഗ്രസ് വിമത എം.എല്‍.എമാരുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. രണ്ട് വിമത എം.എല്‍.എമാര്‍ വോട്ട് ചെയ്ത ശേഷം ബാലറ്റ് പേപ്പര്‍ സ്മൃതി ഇറാനിക്കും അമിത്ഷാക്കും ഉയര്‍ത്തിക്കാട്ടുകയായിരുന്നു. ഈ രണ്ട് വോട്ടുകള്‍ റദ്ദാക്കണമെന്ന കോണ്‍ഗ്രസ് പരാതി എത്തിയപ്പോള്‍ വോട്ടെണ്ണല്‍ നിര്‍ത്തിവെക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ പരാതി സ്വീകരിച്ച് വോട്ടുകള്‍ അസാധുവാക്കിയതോടെ ഒരു സ്ഥാനാര്‍ത്ഥിക്ക് ജയിക്കാനുള്ള വോട്ടുകള്‍ 44 ആവുകയായിരുന്നു. നേരത്തെ 45 ആയിരുന്നു അത്. 43കോണ്‍ഗ്രസ് എം.എല്‍.എമാരുടേയും വോട്ട് പ്രതീക്ഷിച്ചിരുന്ന പട്ടേല്‍ അതോടെ 44 വോട്ടുനേടി വിജയിച്ചു. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അത്യന്തം നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ഫലപ്രഖ്യാപനമുണ്ടാവുന്നത്. 182 നിയമസഭയില്‍ നിലവിലുള്ള 176 എം.എല്‍.എമാരും വോട്ടു രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

chandrika: