X

ആലപ്പുഴയില്‍ ആംബുലന്‍സിന് തീപിടിച്ച് രോഗി മരിച്ചു; നഴ്‌സിനും ഡ്രൈവറിനും ഗുരുതരമായ പരിക്ക്

ആലപ്പുഴ: ആംബുലന്‍സിന് തീപിടിച്ചുണ്ടായ അപകത്തില്‍ രോഗി മരിച്ചു. ചമ്പക്കുളം സ്വദേശി മോഹനന്‍ നായരാണ് ദാരുണമായി മരണപ്പെട്ടത്. ശക്തമായ ശ്വാസംമുട്ടലിനെ തുടര്‍ന്ന് ചികില്‍സ തേടിയ ഇദ്ദേഹത്തെ ചമ്പക്കുളം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് എടത്വ ജൂബിലി ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ തയാറെടുക്കുന്നതിനിടെയാണ് അപകടം. രോഗിക്ക് ഓക്സിജന്‍ നല്‍കുന്നതിനിടെ ആംബുലന്‍സിലെ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവറിനും ആംബുലന്‍സിനൊപ്പം വന്ന നഴ്സിനും ഗുരുതരമായി പരിക്കേറ്റു. അപകടത്തിനു ശേഷം നഴ്‌സ്
സാഹസികമായി മോഹനന്‍ നായരെ ആംബുലന്‍സിന് പുറത്തെത്തിച്ച് അടുത്തുണ്ടായവരുടെ സഹായത്തോടെ ഒരു ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആംബുലന്‍സ് ഡ്രൈവര്‍ സെയ്ഫുദ്ദീനെ (32) ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടത്തില്‍ ആംബുലന്‍സിനൊപ്പം സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ, രണ്ടു ബൈക്കുകള്‍, കാര്‍, കട എന്നിവ പൂര്‍ണമായി കത്തിനശിച്ചു.രോഗിയെ ആംബുലന്‍സിനുള്ളില്‍ പ്രവേശിപ്പിച്ച ശേഷം ഓക്സിജന്‍ കൊടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് അധികൃതര്‍ വിശദീകരണം നല്‍കി.

chandrika: