X

സമാധാനത്തിലേക്കുള്ള വഴികള്‍

ടി.എച്ച് ദാരിമി

ഈ വര്‍ഷം ഫെബ്രുവരിയില്‍ തുടങ്ങിയതാണ് യുക്രെയ്‌നെതിരെയുള്ള റഷ്യന്‍ യുദ്ധം. ഓറഞ്ച് വിപ്ലവം പിന്നിട്ട യുക്രെ യ്ന്‍ നാറ്റോ സഖ്യംവഴി അമേരിക്കന്‍ തണലിലേക്ക് ചേക്കേറിയേക്കും എന്ന ഊഹത്തിന്റെ വെളിച്ചത്തില്‍ മാത്രമാണ് റഷ്യയുടെ ഒന്നരലക്ഷം സൈനികര്‍ യു ക്രെയ്‌നിലേക്ക് ഇരച്ചുകയറിയത്. ഊഹം മാത്രമല്ല, അത് ശരിയാണെങ്കില്‍ പോലും ആക്രമണത്തിന്റെ ന്യായമായി അംഗീകരിക്കാന്‍ കഴിയാത്ത ഈ കാരണവും പറഞ്ഞാണ് വ്‌ളാദിമിര്‍ പുട്ടിന്‍ കൊടുംക്രൂരതക്കിറങ്ങിയിരിക്കുന്നത്. അതേസമയം നാറ്റോയില്‍ ചേരാന്‍ ഇതുവരേയും യുക്രെയ്ന് കഴിഞ്ഞിട്ടുമില്ല. കഴിഞ്ഞിരുന്നുവെങ്കില്‍ സഖ്യത്തിന്റെ സഹായവും പിന്തുണയും ഉണ്ടാകുമായിരുന്നു. തല്ലാനും തടുക്കാനും കഴിയാത്ത ഇത്തരമൊരു സാഹചര്യത്തില്‍ ആയിരക്കണക്കിന് നിരപരാധികള്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. പതിനായിരങ്ങള്‍ ജീവനുംകൊണ്ട് പലായനം ചെയ്തു. വിദ്യാഭ്യാസമടക്കമുള്ള ഭാവിയുടെ സാധ്യതകള്‍ മങ്ങി. യുദ്ധം അന്യായമാണ് എന്നും എത്രയുംവേഗം അവസാനിപ്പിക്കണമെന്നും ഐക്യരാഷ്ട്രസഭ പറഞ്ഞു കഴിഞ്ഞു. പക്ഷേ, റഷ്യയെ പോലുള്ള വലിയ ഏമാന്‍മാര്‍ തങ്ങള്‍ക്ക് പറ്റിയതേ അംഗീകരിക്കൂ. മാര്‍പ്പാപ്പ ഒന്നിലധികം പ്രാവശ്യം യുദ്ധം അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിച്ചു. പുട്ടിന്‍ കേട്ടില്ല. തങ്ങളുടെ താല്‍പര്യത്തിന് വിരുദ്ധമാണെങ്കില്‍ അതാരും കേള്‍ക്കില്ല, അനുസരിക്കില്ല. മനുഷ്യാവകാശങ്ങളില്‍ വിശ്വസിക്കുന്നവരൊക്കെ പറഞ്ഞു, ആരും കേട്ടില്ല. യുദ്ധം എന്നവസാനിക്കും എന്ന ചോദ്യത്തിന് പുട്ടിന്‍ കരുതുമ്പോള്‍ എന്നാണ് ഉത്തരം. പുട്ടിന്‍ എപ്പോള്‍ കരുതും എന്ന ചോദ്യത്തിന്റെ ഉത്തരമാണെങ്കിലോ ലക്ഷ്യം നേടുമ്പോള്‍ എന്നുമാണ്.

ഒരു മനുഷ്യന്റെ ഇംഗിതത്തിന് വഴങ്ങേണ്ടിവരികയാണ് ലോകം എന്നു വ്യക്തമാകുമ്പോള്‍ യുദ്ധത്തോടുള്ള വെറുപ്പ് ശതഗുണീഭവിക്കുകയാണ്. അതോടൊപ്പം യുദ്ധഭ്രാന്തിനെ ചങ്ങലക്കിടാന്‍ എന്താണ് മാര്‍ഗം എന്ന ചിന്തക്ക് സമാധാനകാംക്ഷികളുടെ മനസ്സില്‍ ചൂടേറുകയുമാണ്. ഈ ചര്‍ച്ച പല വഴിയിലൂടെയും മുന്നോട്ടു കൊണ്ടുപോകാം. അവയിലൊന്നാണ് ഇസ്‌ലാം. പ്രവാചക ചിന്തകള്‍ മനസ്സുകളില്‍ കുന്തിരിക്കം പുകയ്ക്കുന്ന ഈ സമയത്ത് അത്തരമൊരു പ്രസക്തി അതിനുണ്ട്. ഒപ്പം യുദ്ധം, സന്ധി, സമാധാനം, രാഷ്ട്രം, രാഷ്ട്രീയം തുടങ്ങിയ മേഖലകളിലൂടെ കടന്നുപോയതാണല്ലോ പ്രവാചക ജീവിതം. അവ്വിധത്തിലും അതൊരു പഠനമാണ്. ഇതിനെല്ലാം പുറമെ ഇസ്‌ലാമും പ്രവാചകനും ധാരാളം പഴികേള്‍ക്കേണ്ടിവന്നിട്ടുള്ള വിഷയവുമാണ് യുദ്ധം. പുതിയ കാലത്തിന്റെ ആക്ഷേപം പ്രധാനമായും ഇസ്‌ലാമിന് എങ്ങനെ സമാധാനത്തെകുറിച്ച് പറയാനാകും എന്നതാണ്. ഇസ്‌ലാം യുദ്ധത്തെ വിശുദ്ധീകരിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുകയും രക്തസാക്ഷികള്‍ക്ക് പ്രത്യേകത കല്‍പ്പിക്കുകയും ചെയ്യുന്നു, ഇസ്‌ലാം പല പ്രാവശ്യം യുദ്ധം ചെയ്തിട്ടുമുണ്ട് എന്നതൊക്കെയാണ് ഈ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നവര്‍ ഉയര്‍ത്തുന്ന വാദങ്ങള്‍.

പ്രധാനപ്പെട്ട ചോദ്യവും വേഗത്തില്‍ തെറ്റുധാരണ ഉണ്ടാക്കുന്നതും ഇസ്‌ലാം സമാധാനത്തിന്റെ മതമെങ്കില്‍ പിന്നെ എന്തുകൊണ്ട് യുദ്ധങ്ങള്‍ ചെയ്തു എന്നതാണ്. ഇതു മനസ്സിലാക്കാന്‍ ചില കാര്യങ്ങള്‍ ആദ്യം ഗൃഹിക്കേണ്ടതുണ്ട്. ഇസ് ലാം പൊതുവായും നിരുപാധികമായുമുള്ള യുദ്ധങ്ങള്‍ അനുവദിച്ചിട്ടില്ല. പ്രതിരോധത്തിനും രാഷ്ട്രസംരക്ഷണത്തിനും ഇസ്‌ലാമിക പ്രബോധനത്തിന്റെ മുമ്പിലുള്ള മാര്‍ഗതടസ്സങ്ങള്‍ നീക്കുന്നതിനും അക്രമകാരികളെ അമര്‍ച്ച ചെയ്യുന്നതിനുമൊക്കെ മാത്രമായാണ് ഇസ്‌ലാം യുദ്ധം അനുവദിക്കുന്നത്. അതിലേക്ക് ആളെ കൂട്ടാനോ ഭൂമി ചേര്‍ക്കാനോ യുദ്ധങ്ങള്‍ അനുവദിച്ചിട്ടും ചെയ്തിട്ടുമില്ല. അതുതന്നെ പിടിച്ചുനില്‍ക്കാനുള്ള ചെറിയ കച്ചിത്തുരുമ്പെങ്കിലും സ്വായത്തമാകുമ്പോള്‍ മാത്രം. അതുകൊണ്ടാണല്ലോ ഏറെ അടിച്ചമര്‍ത്തപ്പെട്ടിട്ടും നീണ്ട പതിനഞ്ചോളം വര്‍ഷങ്ങള്‍ എന്തുവന്നാലും ക്ഷമിക്കാനും സഹിക്കാനും മാത്രം ഇസ്‌ലാമും പ്രവാചകനും പറഞ്ഞത്. ആയുധബലം പ്രകടിപ്പിക്കാനോ കൈത്തരിപ്പ് മാറ്റാനോ ശത്രുതാപരമായ കയ്യേറ്റങ്ങള്‍ക്കോ സാമ്രാജ്യം കാക്കാനോ വേണ്ടിയായിരുന്നില്ല ഇസ്‌ലാമിന്റെ യുദ്ധങ്ങള്‍. അങ്ങനെ വല്ലവരും ചെയ്തിട്ടുണ്ടെങ്കില്‍ അത് മുസ്‌ലിം പേരുള്ള ഭരണാധികാരികള്‍ ചെയ്ത തന്നിഷ്ടങ്ങളാണ്. ഇസ്‌ലാമിന്റെ നയമല്ല.

അങ്ങനെയെങ്കില്‍ പ്രതിരോധനീക്കങ്ങള്‍ എന്തുകൊണ്ട് യുദ്ധങ്ങളായി പരിണമിച്ചു എന്ന ചോദ്യമുയരാം. ഇവിടെ ഇസ്‌ലാമിന്റെ നയം വക്തമാണ്. സ്രഷ്ടാവിന്റെ മാര്‍ഗനിര്‍ദേശങ്ങളാകുന്ന ഇസ്‌ലാമിന്റെ സന്ദേശം സര്‍വരിലേക്കും എത്തണമെന്നതും അതുവഴി ചൂഷണങ്ങളില്‍നിന്ന് മനുഷ്യരെ മുഴുവന്‍ രക്ഷപ്പെടുത്തണമെന്നതും ഇസ്‌ലാമിന്റെ അഭിലാഷമാണ്. ഇസ്‌ലാമിന്റെ സൗരഭ്യവും അതിന്റെ പ്രകാശവും എല്ലാവര്‍ക്കും ലഭ്യമാകണം എന്ന് ഇസ്‌ലാം ആഗ്രഹിക്കുന്നു. അത്രമേല്‍ മനുഷ്യന്റെ കാര്യത്തില്‍ താല്‍പര്യവത്തായ ആശയമാണത്. അതിന്റെ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന ഒരാള്‍ക്കും അത് നിഷേധിക്കപ്പെട്ടുകൂടാ. എന്നാല്‍ ബലാല്‍ക്കാരമായി ആരെയും മതത്തില്‍ ചേര്‍ക്കരുതെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു: മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടിപ്പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു (2: 256). ഈ മൗലികമായ അവകാശത്തിന്മുമ്പില്‍ മാര്‍ഗതടസ്സം സൃഷ്ടിക്കപ്പെട്ട സാഹചര്യത്തിലും അനിവാര്യമായ ഘട്ടത്തിലുമാണ് ഇസ്‌ലാമിന്റെ യുദ്ധങ്ങള്‍ നടന്നിട്ടുള്ളത്. സാമൂഹ്യനീതിയും സമാധാനവും ഉറപ്പാക്കാനും മനുഷ്യന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാനും ഇസ്‌ലാമും ഇസ്‌ലാമിക രാഷ്ട്രവും പ്രതിജ്ഞാബദ്ധമാണ്. അല്ലാഹു പറയുന്നു: മര്‍ദനം ഇല്ലാതാവുകയും മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നതുവരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ (യുദ്ധത്തില്‍നിന്ന്) വിരമിക്കുകയാണെങ്കില്‍ (അവരിലെ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല (2: 193).

പിന്നെയും ഉപചോദ്യങ്ങള്‍ ഉണ്ട്. എങ്ങനെയാണ് സമാധാനവും ജിഹാദും ഒത്തുപോകുക എന്ന്. കേവലം യുദ്ധമെന്ന അര്‍ഥത്തില്‍നിന്നും ഏറെ വിശാലമാണ് ജിഹാദ് എന്ന പദത്തിന് ഇസ്‌ലാം നല്‍കുന്ന നിര്‍വചനം. പ്രത്യക്ഷവും പരോക്ഷവുമായ വിവിധ ആരാധനാകര്‍മങ്ങളില്‍ പടര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന ആശയമാണ് ജിഹാദ്. നബി(സ) പറയുന്നു: യഥാര്‍ഥ പോരാളി ദേഹേച്ഛകളോട് പൊരുതുന്നവനാണ്. ജിഹാദ് എന്നത് കേവലം ആയുധപരമോ കായികമോ മാത്രമാണ് എന്ന അര്‍ഥകല്‍പ്പനയില്‍നിന്നാണ് ഈ തെറ്റിദ്ധാരണ ഉണ്ടാകുന്നത്. ഇസ്‌ലാം യുദ്ധം കൊണ്ട് ലക്ഷ്യംവെക്കുന്നത് അതിക്രമങ്ങള്‍ പ്രതിരോധിക്കുക എന്നത് മാത്രമാണ്. ഖുര്‍ആന്‍ പറയുന്നു: നിങ്ങള്‍ക്കെതിരെ ആര് അതിക്രമം കാണിച്ചാലും അവന് നിങ്ങളുടെ നേര്‍ക്ക് കാണിച്ച അതിക്രമത്തിന് തുല്യമായി അവന്റെ നേരെയും അതിക്രമം കാണിച്ചുകൊള്ളുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് മനസ്സിലാക്കുകയും ചെയ്യുക. (2: 194). അതിനുമപ്പുറം, യുദ്ധം ചെയ്യുന്നതിലേറെ നിങ്ങള്‍ക്ക് ഉത്തമമായമാര്‍ഗം ക്ഷമ ആണ് എന്നുകൂടി ഖുര്‍ആന്‍ കൂട്ടിച്ചേര്‍ക്കുന്നു. അതോടൊപ്പം അനിവാര്യമായി തീരുന്ന സാഹചര്യത്തില്‍ പോലും നിബന്ധനകളേതുമില്ലാതെ യുദ്ധം ഇസ്‌ലാം അനുവദിച്ചുകൊടുക്കുന്നില്ല. യുദ്ധക്കെടുതികള്‍ ഉണ്ടാകാതിരിക്കാനും നിരപരാധര്‍ വേട്ടയാടപ്പെടാതിരിക്കാനും കണിശമായ യുദ്ധനിയമങ്ങള്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നുണ്ട്. കുട്ടികള്‍, വൃദ്ധര്‍, സ്ത്രീകള്‍ എന്നിവരോട് യുദ്ധം പാടില്ല, ഒരു അവശ്യവസ്തുവിനെയും നശിപ്പിക്കാതിരിക്കുക, ബന്ധനസ്ഥരോട് നല്ല രീതിയില്‍ പെരുമാറുക പോലുള്ള കാര്യങ്ങള്‍.

ഈ ചര്‍ച്ചയില്‍ ചോദ്യോത്തരങ്ങളേക്കാള്‍ പ്രധാനം യുദ്ധമില്ലാത്ത ലോകം എന്ന സങ്കല്‍പ്പത്തിലേക്ക് ലോകത്തെ നയിക്കാന്‍ ഇസ്‌ലാമിന് മുന്നോട്ടുവെക്കാനുള്ള പദ്ധതി എന്താണ് എന്നതാണ്. സാമൂഹ്യ തിന്മകളെ മുഴുവനും ഇസ്‌ലാം നേരിടുന്നത് അവയുടെ ഉറവിടങ്ങള്‍ നശിപ്പിച്ചു കൊണ്ടാണ്. തെറ്റും തിന്മയും ഉണ്ടാകുവാനുള്ള സാധ്യതകള്‍ ഭദ്രമായി അടക്കുകയാണ് ആദ്യം ചെയ്യുന്നത്. യുദ്ധമാണെങ്കില്‍ അത് തുടങ്ങിക്കഴിഞ്ഞതിനുശേഷം അതവസാനിപ്പിക്കാനോ അത് കെടുത്താനോ ശ്രമിക്കുന്നതിന്പകരം അതുണ്ടാകുവാനുള്ള സാധ്യതതന്നെ ഇല്ലാതാക്കുകയാണ് ഇസ്‌ലാം. അതനുസരിച്ച് ഇസ്‌ലാം പ്രശ്‌നത്തിന്റെ ശൃംഖല പരിശോധിക്കുന്നു. അതിലൂടെ കണ്ടെത്തുന്നത് പ്രശ്‌നം ഒരു വ്യക്തിയില്‍നിന്നാണ് തുടങ്ങുന്നത് എന്നാണ്. പിന്നെ കുടുംബത്തിലേക്കും തുടര്‍ന്ന് സമൂഹത്തിലേക്കും അതു വളരുന്നു. അപ്പോള്‍ വ്യക്തിയിലാണ് സമാധാനം ആദ്യമായി ഉണ്ടാകേണ്ടത്. അവിടെനിന്നും കുടുംബത്തിലേക്ക് വ്യാപിക്കണം. പിന്നീട് സമൂഹത്തിലേക്കും ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്കും അതു പടരണം. അപ്പോള്‍ ലോകസമാധാനം എന്നത് വ്യക്തിയും സമൂഹവും സംസ്‌കരിക്കുന്നതിലൂടെമാത്രം സാധ്യമാകുന്ന പ്രക്രിയയാണ്. അപ്പോള്‍ ഓരോ വ്യക്തികളിലും സമാധാനത്തിനുള്ള വിത്ത് നട്ടുപിടിപ്പിക്കുകയാണ് ലോകസമാധാന നിര്‍മിതിയില്‍ ഇസ്‌ലാം അനുവര്‍ത്തിക്കുന്ന ഒന്നാമത്തെ പാഠം. അതിനുള്ള മാര്‍ഗത്തിലേക്ക് ആദ്യം ഇസ്‌ലാം വ്യക്തിയെ നയിക്കുന്നു. അതിനാല്‍ ദൈവസ്മരണയിലൂടെ മാത്രമാണ് മനുഷ്യന് സമാധാനവും സുരക്ഷിതത്വവും ലഭിക്കുന്നതെന്നു അവനെ ഓര്‍മപ്പെടുത്തുന്നു. അല്ലാഹു പറയുന്നു: അതായത് വിശ്വസിക്കുകയും അല്ലാഹുവെപറ്റിയുള്ള ഓര്‍മകൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്. (13: 28). ദൈവ സ്മരണ വ്യക്തിയുടെ മനസ്സിനെ പ്രാര്‍ഥനയിലേക്ക് നയിക്കണം. അതോടെ താന്‍ സ്രഷ്ടാവിന്റെ സമീപസ്ഥനായിത്തീര്‍ന്നിരിക്കുന്നു എന്ന സത്യം അവന് ബോധ്യമാകുന്നു.

Test User: