X

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇനി ചുരിദാറിട്ടു കയറാം

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ഇനി ചുരിദാര്‍ ധരിച്ച് പ്രവേശിക്കാം. ഇതിനുള്ള ഉത്തരവ് ക്ഷേത്ര എക്‌സിക്യൂട്ടിവ് ഓഫീസര്‍ കെ.എന്‍ സതീഷ് പുറത്തിറക്കി. ഉത്തരവ് പുറത്തിറങ്ങിയത് മുതല്‍ തന്നെ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാനാവും.

ചുരിദാറിന് മുകളില്‍ മുണ്ട് ചുറ്റി മാത്രമേ സ്ത്രീകള്‍ക്ക് പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കയറാവൂ എന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന നിബന്ധന. ഇതിനെതിരെ അഭിഭാഷകയായ റിയാ രാജിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതി ഇടപെടലിനെ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലും സ്ത്രീകളെ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാന്‍ നേരത്തെ അനുവദിച്ചിരുന്നു.
ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് ഭക്തജനങ്ങളുമായി ആലോചിച്ച് തീരുമാനമെടുക്കാന്‍ സെപ്തംബര്‍ 29നാണ് ഹൈക്കോടതി എക്സിക്യൂട്ടിവ് ഓഫീസറെ ചുമതലപ്പെടുത്തിയത്.

1936ലെ ക്ഷേത്ര പ്രവേശന വിളംബരത്തില്‍ മാന്യമായി വസ്ത്രം ധരിച്ച് വരുന്ന എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്നാണ് പറഞ്ഞിരുന്നത്. കാലാകാലങ്ങളില്‍ സമൂഹത്തില്‍ ഉണ്ടാവുന്ന വസ്ത്ര ധാരണ രീതിയാണ് ക്ഷേത്രത്തില്‍ അവലംബിച്ചുവരുന്നതെന്നും ചുരിദാര്‍ ഇപ്പോള്‍ വ്യാപകമായ നിലക്ക് അത് ധരിച്ചുവരുന്നവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് ന്യായീകരിക്കാവുന്നതല്ല എന്ന വാദവും കണക്കിലെടുത്താണ് പുതിയ തീരുമാനം.

chandrika: