പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പോലെ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട്ടെ പാതിരാനാടകവും സി.പി.എമ്മിന് ബുമറാങ്ങായിത്തീര്‍ന്നിരിക്കുകയാണ്. ഷാഫി പറമ്പലിന്റെ ജനസമ്മതിയില്‍ വിറളിപൂണ്ടായി രുന്നു കാഫിര്‍ പ്രയോഗമെങ്കില്‍ പാലക്കാട്ട് ചിത്രത്തില്‍പോലും ഇല്ലാതാകുന്ന ഘട്ടത്തിലാണ് പാര്‍ട്ടിയുടെ ഉന്നത നേതാക്കളുടെ തലയില്‍നിന്നുതന്നെ റെയ്ഡ് നാടകം ഉയര്‍ന്നുവന്നത്. നാടകം ദയനീയമായി പരാജയപ്പെടുകയും സി.പി.എം ജനങ്ങളുടെ മുന്നില്‍ പരിഹാസ്യരാവുകയും ചെയ്തപ്പോള്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന കണക്കെ പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജില്ലാ സെക്രട്ടറിയുടെയും സംസ്ഥാന സെക്രട്ടറിയുടെയും സ്ഥാനാര്‍ത്ഥിയുടെയും പരസ്പര വിരുദ്ധ അഭിപ്രായ പ്രകടനങ്ങള്‍ ഈ ജാള്യത തുറന്നുകാണിക്കുമ്പോള്‍ സംസ്ഥാന കമ്മറ്റിയംഗം എന്‍.എന്‍ കൃഷ്ണദാസിന്റെ വാക്കുകള്‍ സംഭവം പാര്‍ട്ടിക്കുണ്ടാക്കിയ നാണക്കേടിനെ കൃത്യമായി വരച്ചുകാണിക്കുന്നുണ്ട്. പാതിരാ റെയ്ഡ് ഷാഫിയുടെ സംവിധാനത്തില്‍ അരങ്ങേറിയ നാടകമാണെന്നായിരുന്നു സ്ഥാനാര്‍ത്ഥിയുടെ പ്രസ്താവനയെങ്കില്‍ അത് പാര്‍ട്ടി നിലപാടല്ലെന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ തിരുത്ത്. എന്നാല്‍ ജില്ലാ സെക്രട്ടറിയെ തിരുത്തിയ സംസ്ഥാന സെക്രട്ടറിയുടെ നിലപാട് ഷാഫി തന്നെയാണ് റെയ്ഡിന് പിന്നില്‍ എന്നായിരുന്നു. പരസ്പര വിരുദ്ധമായി പിച്ചും പേയും പറയുന്ന സ്ഥിതിയിലേക്ക് നേതാക്കള്‍ എത്തിയപ്പോഴാണ് പെട്ടി വിവാദത്തെ പാടെ തള്ളി കൃഷ്ണദാസി ന് രംഗത്തിറങ്ങേണ്ടിവന്നത്. ജില്ലാ സെക്രട്ടറിയും മന്ത്രി എം.ബി രാജേഷും വിഷയത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കേയാണ് ഇരുവരെയും തള്ളിയുള്ള കൃഷ്ണദാസിന്റെ രംഗപ്രവേശം. നീലപ്പെട്ടിയോ പച്ചപ്പെട്ടിയോ എന്നതല്ല ചര്‍ച്ച ചെയ്യേണ്ടതെന്നും പെട്ടി ദൂരേക്ക് വലിച്ചെറിയണമെന്നുള്ള പ്രസ്താവന, റെയ്ഡ് നാടകത്തിന്റെ ആസൂത്രകനെന്ന് യു.ഡി.എഫ് ആരോപണമുന്നയിച്ച രാജേഷിന് കനത്ത ആഘാതമായതോടെ കൃഷ്ണദാസിനെ തള്ളി രാജേഷും ജില്ലാസെക്രട്ടറിയും രംഗത്തെത്തിയെങ്കിലും അദ്ദേഹം തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയാണ്. സംസ്ഥാനസെക്രട്ടറിയും കൃഷ്ണദാസിനെ അനുകൂലിച്ച് രംഗത്തെത്തിയതോടെ സ്ഥലകാല ബോധം നഷ്ടപ്പെട്ട അവസ്ഥയിലാണ് പാര്‍ട്ടിയും നേതാക്കളും. നേതാക്കള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസം പരസ്യമായതോടെ ഗതികേടിന്റെ പര്യായമായിത്തീര്‍ന്ന സ്ഥാനാര്‍ത്ഥിയാകട്ടെ എല്ലാവരെയും ന്യായീകരിച്ച് വശംകെട്ട് നില്‍ക്കുന്ന ദയനീയാവസ്ഥയിലാണ്.
സംസ്ഥാനത്തിന്റെ പൊതുവിഷയങ്ങള്‍ ചര്‍ച്ചയാക്കപ്പടരുതെന്ന് ആഗ്രഹിച്ച് തയാറാക്കിയ നാടകം പാളയത്തില്‍ പടക്ക് വഴിവെച്ചതോടൊപ്പം ബി.ജെ.പി-സി.പി.എം ബാന്ധവമെന്ന പ്രതിപക്ഷ ആരോപണത്തെ ബലപ്പെടുത്തുകകൂടി ചെയ്തിരിക്കുകയാണ്. റെയ്ഡ് സമയത്ത് ഏകോദര സഹോദരങ്ങളെപോലെയുള്ള ഇരുവരുടെയും പെരുമാറ്റം പ്രതിപക്ഷം പറയുന്നത് വൃഥാവിലല്ലെന്ന് തെളിവുസഹിതം ജനങ്ങളെ ബോധ്യപ്പെടുത്തിക്കഴിഞ്ഞു. സ്ഥലത്ത് തമ്പടിച്ച ഡി.വൈ.എഫ്.ഐ-യുവമോര്‍ച്ച നേതാക്കള്‍ പരസ്പരം സ്‌നേഹവും സൗഹൃദവും പങ്കുവെക്കുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയും ഒരുമെയ്യായി എതിര്‍ക്കുകയുമായിരുന്നു.
അതീവ രഹസ്യമായി പൊലീസ് നടത്തിയ റെയ്ഡ് ഇരു കുട്ടരും എങ്ങനെ മുന്‍കൂട്ടി അറിഞ്ഞുവെന്ന ചോദ്യം ഇനിയുള്ള നാള്‍ പാലക്കാട് ഗൗരവമായി ഉയര്‍ത്തും. നീതിയും നിയമവും കാറ്റില്‍പറത്തി സര്‍ക്കാറിന്റെ ആജ്ഞാനുവര്‍ത്തികളായി അധപ്പതിച്ചുപോയ പൊലീസ്, കോണ്‍ഗ്രസ് വനിതാനേതാക്കളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയപ്പോള്‍ ബി.ജെ.പി നേതാക്കളുടെ മുന്നില്‍ വിനീത ദാസന്‍ മാരായി മാറിയതും ഈ അന്തര്‍ധാരയെ ജനങ്ങള്‍ക്കുമുന്നില്‍ അനാവരണം ചെയ്തു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലൂടെ തന്നെ പരാജയം സമ്മതിച്ച സി.പി.എം രണ്ടാംസ്ഥാനത്തുള്ള ബി.ജെ.പിയെ വിജയിപ്പിക്കാന്‍ കിണഞ്ഞുപരിശ്രമി ക്കുകയാണ്. അതിനിടയില്‍ അന്തര്‍ധാരകള്‍ ഓരോന്നായി പുറത്തുവരുന്നതിനാണ് പാലക്കാട്ടെ തിരഞ്ഞെടുപ്പ് രംഗം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്.